- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഹൃദം നടിക്കും; അവരുടെ ഭക്ഷണത്തിലോ പാനീയത്തിലോ മയങ്ങാനുള്ള മരുന്നു കലർത്തും; കവരുന്ന വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളുമായി അടുത്ത സ്റ്റേഷനിൽ ഇറങ്ങി ട്രെയിനിൽമടങ്ങും; നിസാമുദീനിലെ വില്ലൻ അസ്ഗർ ബഗ്ഷ; ഇത് റെയിൽവേയുടെ സുരക്ഷാ അലംഭാവം
തിരുവനന്തപുരം: 'മോഷണം ഭയന്നാണു പാന്റ്‌സിനുള്ളിൽ പ്രത്യേകം തയ്പിച്ച അറയിൽ ആഭരണങ്ങൾ കിഴികെട്ടി സൂക്ഷിച്ചത്. സഹോദരിയുടെ മകൾക്കു വിവാഹസമ്മാനമായി നൽകാൻ കരുതിവച്ച സ്വർണവും പോയി' ട്രെയിനിൽ കവർച്ചയ്ക്കിരയായ വിജയലക്ഷ്മി ഞെട്ടലിലാണ്. കുപ്രസിദ്ധ മോഷ്ടാവ് അസ്ഗർ ബഗ്ഷയാണ് വിജയലക്ഷ്മിയുടെ സ്വർണ്ണവുമായി മുങ്ങിയത്. തിരുവല്ല കുറ്റൂരിൽ ഉള്ള സഹോദരിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചയാണ് ഇവർ ആഗ്രയിൽനിന്നു നിസാമുദീൻതിരുവനന്തപുരം സ്വർണജയന്തി എക്സ്‌പ്രസ് ട്രെയിനിൽ കയറിയത്. ഈ യാത്രയ്ക്കിടെയായിരുന്നു കവർച്ച.
നിസാമുദീൻ-തിരുവനന്തപുരം സ്വർണ ജയന്തി എക്സ്‌പ്രസ് ട്രെയിനിൽ അമ്മയും മകളും ഉൾപ്പെടെ മൂന്നു സ്ത്രീകളെ മയക്കിക്കിടത്തി സ്വർണാഭരണങ്ങളും പണവും മൊബൈൽ ഫോണുകളും കൊള്ളയടിച്ചു. ഭക്ഷണത്തിലോ, കുപ്പിവെള്ളത്തിലോ മയങ്ങാനുള്ള മരുന്നു കലർത്തിയിരിക്കാമെന്നാണു റെയിൽവേ പൊലീസ് സംശയിക്കുന്നത്.. ഉത്തർപ്രദേശിൽ സ്ഥിരതാമസമാക്കിയ തിരുവല്ല കുറ്റൂർ മുണ്ടൂർ വേലിൽ വിജയലക്ഷ്മി (45), മകൾ അഞ്ജലി (23) എന്നിവരുടെ പക്കൽ നിന്നു 17 പവന്റെ സ്വർണാഭരണങ്ങളും ആകെ 31,000 രൂപ വില വരുന്ന 2 മൊബൈൽ ഫോണുകളുമാണു കവർന്നത്. മറ്റൊരു കോച്ചിൽ സഞ്ചരിച്ച കോയമ്പത്തൂർ സ്വദേശി കൗസല്യ(23)യുടെ 14,000 രൂപ വിലയുള്ള ഫോണും നഷ്ടമായി.
ദീർഘദൂര ട്രെയിനിൽ സ്ത്രീ യാത്രക്കാരെ മയക്കി കൊള്ളയടിച്ച സംഭവം വിരൽചൂണ്ടുന്നത് റെയിൽവേയുടെ സുരക്ഷാ അലംഭാവത്തിലേക്ക്. റിസർവ്ഡ് കംപാർട്മെന്റിലാണ് മൂന്ന് യാത്രക്കാരികളെ കൊള്ളയടിച്ചത്. ട്രെയിൻ തിരുവനന്തപുരം സ്റ്റേഷനിലെത്തുംവരെ കുറ്റകൃത്യം റെയിൽവേയുടെ ശ്രദ്ധയിൽ വന്നില്ല. യാത്രക്കാരികൾ തിരുവനന്തപുരത്ത് ഇറങ്ങാത്തതിനെ തുടർന്ന് റെയിൽവെ പൊലീസ് വിളിച്ചുണർത്തുകയായിരുന്നു. ട്രെയിനിലെ സുരക്ഷയുടെ കാര്യം പല ഘട്ടങ്ങളിലും കേരളം ചർച്ച ചെയ്തിട്ടുണ്ട്. സൗമ്യ വധത്തിനുശേഷം ഇതേക്കുറിച്ച് സജീവമായ ചർച്ച നടന്നു.
തുടർന്ന് സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയതാണ്. എന്നാൽ, റെയിൽവേ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സ്ഥിരം കുറ്റവാളികൾ അടക്കമുള്ളവർ ദീർഘദൂര ട്രെയിനുകളിൽ യഥേഷ്ടം വിഹരിക്കുന്നത്. കൊള്ളയ്ക്കു പിന്നിൽ പൊലീസ് സംശയിക്കുന്നത് ട്രെയിനിലെ സ്ഥിരം കുറ്റവാളി അസ്ഗർ ബഗ്ഷയെയാണ്. ഇയാൾ കൊള്ള നടന്ന കോച്ചിലുണ്ടായിരുന്നതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ട്രെയിനുകളിൽ ഇത്തരം സംഘം ഇപ്പോഴും വിലസുന്നത് റെയിൽവേയുടെ അലംഭാവത്തിന് തെളിവാണ്.
'സേലത്തു നിന്നാണു ഭക്ഷണവും കുപ്പിവെള്ളവും വാങ്ങിയത്. ഭക്ഷണം വാങ്ങി സീറ്റിൽ വച്ച ശേഷം മകളോടൊപ്പം കൈ കഴുകാൻ പോയി. ഈ സമയം എതിർ സീറ്റിലിരുന്നയാൾ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. കൈ കഴുകി വന്നപ്പോൾ ഇയാളെ സീറ്റിൽ കണ്ടില്ല. പിന്നീടു ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു. തിരുവനന്തപുരം സ്റ്റേഷനിൽ നിന്നു പരിശോധനയ്ക്കു കയറിയ പൊലീസ് ഉദ്യോഗസ്ഥർ തട്ടിവിളിച്ചപ്പോഴാണ് പിന്നെ എഴുന്നേൽക്കുന്നത്. ദേഹത്തു കിടന്ന ആഭരണങ്ങളൊന്നും കണ്ടില്ല. പാന്റ്‌സിന്റെ അറ കീറിയിരുന്നു. ബാഗ് കീറി അതിനകത്തിരുന്ന സ്വർണവും മോഷ്ടിച്ചിരുന്നു. മകളുടെ കാതിൽ കിടന്ന ഒരു കമ്മൽ ഒഴികെ എല്ലാം വിജയലക്ഷ്മിക്ക് നഷ്ടമായി.
വർഷങ്ങളായി കുടുംബസമേതം ആഗ്രയിലാണു വിജയലക്ഷമിയുടെ താമസം. സ്ലീപ്പർ കോച്ചായ എസ്1 ലായിരുന്നു വിജയലക്ഷ്മിയും മകൾ അഞ്ജലിയും. കോയമ്പത്തൂർ സ്വദേശി കൗസല്യ എസ്2 കോച്ചിലും. തിരുവനന്തപുരത്തു സെൻട്രൽ സ്റ്റേഷനിലെത്തിയപ്പോഴാണു കൗസല്യയ്ക്കു ബോധം തെളിഞ്ഞത്. അപ്പോഴാണു ഫോൺ മോഷണം പോയത് അറിഞ്ഞത്. ബോധം തെളിഞ്ഞെങ്കിലും മൂവർക്കും മയക്കം പൂർണമായി വിട്ടിരുന്നില്ല. ഇവരെ ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. വീര്യം കൂടിയ മയക്കു മരുന്ന് നൽകിയാണ് മോഷണമെന്നാണ് സൂചന. കുപ്രസിദ്ധനായിട്ടും അസ്ഗർ ബഗ്ഷ നിസമുദ്ദീൻ എക്സ്‌പ്രസിൽ എങ്ങനെ യാത്ര ചെയ്തുവെന്നതാണ് ഉയരുന്ന ചോദ്യം. റെയിൽവേക്കാരുടെ പിന്തുണയും ഇയാൾക്കുണ്ടെന്നതാണ് ഈ കവർച്ച വ്യക്തമാക്കുന്നത്.
മയക്കാൻ ഉപയോഗിച്ച മരുന്നിന്റെ വിശദാംശങ്ങൾക്കായി മൂന്നു പേരുടെയും രക്തസാംപിളുകളും വസ്ത്രങ്ങളും രാസപരിശോധനയ്ക്ക് അയച്ചു. ഇവർ യാത്ര ചെയ്ത ബോഗികളിൽ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കവർച്ച നടന്നതു കേരളത്തിൽ ട്രെയിൻ പ്രവേശിക്കുന്നതിനു തൊട്ടുമുൻപാണ്. അതുകൊണ്ട് തമിഴ്‌നാട് റെയിൽവേ പൊലീസിനാകും അന്വേഷണച്ചുമതല. സിസിടിവി ക്യാമറകളും പരിശോധിക്കും. സ്ത്രീയാത്രക്കാരെ ഉന്നമിടും. സൗഹൃദം നടിക്കും. അവരുടെ ഭക്ഷണത്തിലോ, പാനീയത്തിലോ മയങ്ങാനുള്ള മരുന്നു കലർത്തും. കവരുന്ന വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളുമായി അടുത്ത സ്റ്റേഷനിൽ തന്നെ ഇറങ്ങി ട്രെയിനിൽ ബിഹാറിലേക്കു കടക്കുന്നതാണ് അസ്ഗർ ബഗ്ഷയുടെ രീതി.
ട്രെയിനിലെ സ്ഥിരം കുറ്റവാളിയായ ഇയാൾ. ഇയാളുടെ ചിത്രം കവർച്ചയ്ക്കിരയായ സ്ത്രീകൾ ഏതാണ്ടു തിരിച്ചറിഞ്ഞിട്ടുണ്ട്. മധുര, നാഗർകോവിൽ എന്നിവിടങ്ങളിലും അസ്ഗറിനെതിരെ കേസുകളുണ്ട്. മോഷണത്തിനു പല തവണ അറസ്റ്റിലായിട്ടുമുണ്ട്. അസ്ഗറിനെ കൂടാതെ ബിഹാറിൽനിന്നുള്ള ആറംഗ സംഘവും ട്രെയിനിലുണ്ടായിരുന്നു. ഇവരെല്ലാം ചേർന്നാകും മോഷണ പദ്ധതി തയ്യാറാക്കിയെന്നാണ് നിഗമനം.
മറുനാടന് മലയാളി ബ്യൂറോ