പാലാ: 'ഭർത്താവിന്റെ ഉപദ്രവം കുറയ്ക്കാനാണ് മരുന്ന് കൊടുക്കുന്നത്. ഇതു കൊടുത്താൽ പല്ലു കൊഴിഞ്ഞ സിംഹം പോലെ കിടന്നോളും, ഒരു ശല്യവുമില്ല'- കൂട്ടുകാരിക്ക് ആശ സുരേഷ് നൽകിയ ഈ സന്ദേശമാണ് ഭർത്താവിന് മാനസിക രോഗത്തിന്റെ മരുന്നു കൊടുത്ത കേസിൽ ഭാര്യയെ വെട്ടിലാക്കിയത്. ഈ വോയിസ് ക്ലിപ്പ് നിർണായക തെളിവായി മാറുകയായിരുന്നു. മരുന്നിന്റെ പേരും ആശ കൂട്ടുകാരിക്ക് അയച്ചു കൊടുത്തിരുന്നു. ഈ വിഷയമാണ് കൂട്ടുകാരി സതീഷിനെ അറിയിച്ചത്. ഇതോടെയാണ് സതീഷ് മുൻകരുതൽ നടപടി സ്വീകരിച്ചത്.

മനോരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ കലർത്തി അപായപ്പെടുത്താൻ ശ്രമിച്ചെന്ന ഭർത്താവിന്റെ പരാതിയിലാണ് മീനച്ചിൽ പാലാക്കാട് സതീമന്ദിരം വീട്ടിൽ ആശാ സുരേഷിനെ(36) ആണ് അറസ്റ്റു ചെയ്തിരുന്നത്. ഭർത്താവിൽ നിന്നുള്ള ഉപദ്രവം ഒഴിവാക്കാനാണ് രഹസ്യമായി മരുന്നു കലർത്തി നൽകിയതെന്ന് ആശ പൊലീസിന് മൊഴി നൽകി. ചിറയിൻകീഴ് സ്വദേശിയായ സതീഷിന്റെ മുറപ്പെണ്ണാണ് ആശ. 2006 ൽ ഇവരുടെ വിവാഹം കഴിഞ്ഞു.

ഐസ്‌ക്രീം കമ്പനിയുടെ മൊത്ത വിതരണ ഏജൻസി ഉടമയാണ് സതീഷ്. സതീഷും ആശയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ഡിവൈഎസ്‌പി ഷാജു ജോസ് പറഞ്ഞു. 2015 മുതലാണ് മരുന്നു നൽകിത്തുടങ്ങിയത്. ഉപദ്രവിക്കുന്നത് സംബന്ധിച്ച് സതീഷിനെതിരെ ആശ പൊലീസിൽ നേരത്തെ പരാതി നൽകിയിട്ടുണ്ട്. മനോരോഗികൾക്കുള്ള മരുന്നാണ് ആശ നൽകിയത്. ഗുളിക വെള്ളത്തിൽ കലർത്തി ഭക്ഷണത്തിൽ നൽകും. മരുന്നു കഴിച്ചാൽ ഉടനെ ക്ഷീണം വരും. ഉടൻ ഉറങ്ങുകയും ചെയ്യും. ഭക്ഷണം കഴിച്ച ഉടനെ സതീഷിന് കടുത്ത ക്ഷീണം തോന്നിത്തുടങ്ങിയതിനെത്തുടർന്ന് പല ഡോക്ടർമാരെയും കണ്ടു. എന്നാൽ ഫലമുണ്ടായില്ല. സംശയം തോന്നിയ സതീഷ് വീട്ടിൽ നിന്നു ഭക്ഷണം ഒഴിവാക്കി. അതോടെ ക്ഷീണം കുറഞ്ഞു.

ഇതോടെ ആശ ഐസ്‌ക്രീം കമ്പനിയിലെ കൂജയിൽ മറ്റൊരാൾ വഴി മരുന്ന് എത്തിച്ചു കലർത്തി. കൂജയിൽ നിന്നു വെള്ളം കുടിച്ച സതീഷിന് തളർച്ച തോന്നി.തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചപ്പോൾ മരുന്നു കലർത്തുന്നതായി കണ്ടെത്തിയതായി ഡിവൈഎസ്‌പി പറഞ്ഞു. ആശയുടെ കൂട്ടുകാരി വഴി സതീഷ് നടത്തിയ അന്വേഷണത്തിലാണ് മരുന്നു കലർത്തി നൽകുന്ന വിവരം സ്ഥിരീകരിച്ചത്.

ആശയുടെ കൂട്ടുകാരിയിൽ നിന്നും ലഭിച്ച മരുന്നുമായി സതീഷ് ഡോക്ടർമാരെ കണ്ടു. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജി ലാബിൽ പരിശോധനയും നടത്തി. ദീർഘകാലം മരുന്നു കഴിച്ചാൽ മനോരോഗമോ മരണമോ സംഭവിക്കാമെന്ന് ഡോക്ടർമാർ സതീഷിനോട് പറഞ്ഞു. തുടർന്നാണു പരാതി നൽകിയത്. സതീഷിന്റെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് കരുതുന്നതായും എസ്എച്ച്ഒ കെ.പി. ടോംസൻ പറഞ്ഞു. ആശയെ സഹായിച്ചവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.