ആലുവ: അയൽവാസിയായ ഏഴു വയസുകാരിയെ ഉപദ്രവിച്ച യുവാവ് അറസ്റ്റിലായി. ആലുവ വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് അമ്പലത്തിന് സമീപം പുതുവൽപറമ്പ് വീട്ടിൽ മുഹമ്മദ് ആഷിക്കി (22)നെയാണ് ആലുവ സി.ഐ: ടി.ബി. വിജയൻ അറസ്റ്റ് ചെയ്തത്.

ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി വാർഷിക പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഉപദ്രവത്തിനിരയായത്. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കുട്ടിയെ തന്ത്രപൂർവ്വം പ്രതി തന്റെ കിടപ്പ് മുറിയിലെത്തിച്ച് ഉപദ്രവിക്കുകയായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തായത്. പെയിന്റിങ് തൊഴിലാളിയായ പ്രതിയെ വെളിയത്തുനാട് ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി സി.ഐ പറഞ്ഞു. വൈദ്യ പരിശോധന നടത്തിയതിലും പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.

അയൽവാസിയായ കുട്ടി വാർഷിക പരീക്ഷ എഴുതുന്നതിന് മുമ്പായി ഉച്ചയ്ക്ക് ആഷിക്കിന്റെ വീട്ടിൽ എത്തിയിരുന്നു. മറ്റാരും വീട്ടിൽ ഇല്ലാതിരുന്നതിനാൽ പ്രതി കുട്ടിയെ തന്ത്രപൂർവം കിടപ്പുമുറിയിൽ കയറ്റി ബലാൽസംഗം ചെയ്യുകയായിരുന്നു. പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഐസ്‌ക്രീം നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പിന്നീട് കുട്ടി പരീക്ഷ എഴുതുന്നതിന് താല്പര്യം കാണിക്കാതെ വരികയും രാത്രിയിൽ ഉറങ്ങാതെ പേടിച്ച് നിലവിളിക്കുകയും ഭക്ഷണത്തോട് വിമുഖത കാണിക്കുകയും ചെയ്തതിനെ തുടർന്ന് വീട്ടുകാർ ഡോക്ടറെ കാണിച്ചു.

ഡോക്ടറുടെ ശുപാർശ പ്രകാരം കൗൺസലിങ് നടത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് സ്‌പെഷൽ ജുവനൈൽ പൊലീസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി നൽകിയതിനെ തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.