ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിന്റെ ജനകീയ മുഖമായ അശോക് ഗലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസ് അധ്യക്ഷൻ അവരോധിച്ചപ്പോൾ അത് തന്റെ രാഷ്ട്രീയ ജീവിതത്തിനുള്ള ബഹുമതിയായിട്ടാണ് ഈ അറുപത്തേഴുകാരൻ കാണുന്നത്. രാജസ്ഥാൻ ഗാന്ധിയെന്ന് അറിയപ്പെടുന്ന ഗലോട്ട് ചെറുപ്പം മുതൽ തന്നെ ഗാന്ധിയൻ ആശയങ്ങളിലൂന്നിയുള്ള പ്രവർത്തനങ്ങളാണ് നടത്തിപ്പോന്നിരുന്നത്. മൂന്നാം തവണയും രാജസ്ഥാന്റെ തേര് തെളിക്കാൻ ഗലോട്ട് നിയമിതനാകുമ്പോൾ മാന്ത്രികനായ പിതാവിന്റെ അതേ മാന്ത്രിക ചാരുത രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞതിന്റെ പ്രതിഫലനം കൂടിയാണ്.

1998-ലാണ് അശോക് ഗലോട്ട് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. രാജസ്ഥാന്റെ ഭരണം കൈയാളുമ്പോൾ അന്ന് വെറും 47 വയസു പ്രായം. ഇന്നത്തെ സച്ചിൻ പൈലറ്റിനെ പോലെ തന്നെ അന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പരാശ്രം മദർനയോടാണ് മുഖ്യമന്ത്രി പദത്തിനായി ഗലോട്ട് മത്സരിച്ചത്. അന്ന് രാജസ്ഥാനിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖമായിരുന്നു പരാശ്രമം മർദന. അന്ന് കോൺഗ്രസ് 150 സീറ്റു നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നത് ജാട്ട് വിഭാഗക്കാർ മദർനയുടെ പിന്നിൽ അണിനിരന്നതുകൊണ്ടു മാത്രമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മദർന മുഖ്യമന്ത്രിയാകും എന്ന പ്രതീക്ഷയിലായിരുന്നു ജാട്ട് സമൂഹം കോൺഗ്രസിനെ പിന്തുണച്ചത്.

ഇരുപതു വർഷങ്ങൾക്കിപ്പുറം ഇന്ന് മർദനയുടെ സ്ഥാനത്താണ് ഗലോട്ട്. എന്നാൽ മദർനയ്ക്ക് വിപരീതനായി പുതുതലമുറയ്ക്ക് അധികാരം ഒഴിഞ്ഞു കൊടുക്കാൻ ഗലോട്ട് തയാറായില്ല. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നിട്ട് രണ്ടു ദിവസത്തെ ചൂടൻ ചർച്ചകൾക്കു ശേഷം സച്ചിൻ പൈലറ്റിനെ രണ്ടാം സ്ഥാനത്താക്കി ഗലോട്ട് മുഖ്യമന്ത്രി പദത്തിലേറുകയായിരുന്നു. ജാട്ട് വിഭാഗത്തിന്റെ അപ്രീതി അന്ന് ഗലോട്ടിന് നേരിടേണ്ടി വന്നുവെങ്കിലും പിന്നീടിങ്ങളോട്ട് രാജസ്ഥാനിൽ കോൺഗ്രസിന്റെ മുഖമാകാൻ ഗലോട്ടിന് കഴിഞ്ഞുവെന്നത് ചരിത്രം.

ജോധ്പൂർ സ്വദേശിയായ ഗലോട്ടിന്റെ പിതാവ് രാജ്യത്തുടനീളം സഞ്ചരിച്ചിരുന്ന മാന്ത്രികനായിരുന്നു. രാഷ്ട്രീയത്തിൽ അല്ലായിരുന്നെങ്കിൽ താനും പിതാവിന്റെ വഴി പിന്തുടരുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഗലോട്ട് തന്റെ രാഷ്ട്രീയ ജീവിതത്തിലും ആ മാന്ത്രികത കാത്തുസൂക്ഷിച്ചിരുന്നു എന്നു വേണം പറയാൻ. തക്ക സമയത്ത് വേണ്ട രീതിയിൽ മാന്ത്രിക കാർഡുകൾ നിരത്താൻ കെല്പുള്ള രാഷ്ട്രീയ നേതാവു കൂടിയാണ് ഗലോട്ട്.

നെഹ്‌റു കുടുംബത്തിലെ മൂന്നു തലമുറമുറയുമായി സഹകരിക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ള വ്യക്തികൂടിയാണിദ്ദേഹം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അഭയാർത്ഥികൾക്കായുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഗലോട്ട്‌ ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയിൽ പെടുന്നത്. ആദ്യകാലങ്ങളിൽ ഗില്ലി ബില്ലി എന്ന പേരിലാണ് അദ്ദേഹം കോൺഗ്രസിനകത്ത് അറിയപ്പെട്ടിരുന്നത്. ഗലോട്ടിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു.

രാജസ്ഥാനിലും ഡൽഹിയിലും ചെറിയ രീതിയിൽ പ്രവർത്തനങ്ങൾ നടത്തിപ്പോന്ന ഗെഹ്ലോട്ടിന് രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനുശേഷമാണ് ഇന്ദിര മന്തിസഭയിൽ സ്ഥാനം ലഭിക്കുന്നത്. പിന്നീട് ഗലോട്ട്‌ രാജീവ് ഗാന്ധിയുടെ വിശ്വസ്തനായി മാറി. ഈ ബന്ധം സോണിയയിലേക്കും രാഹുലിലേക്കും കൂടി വളർന്നു.

രാജസ്ഥാൻ എൻ.എസ്.യു.ഐ പ്രസിഡണ്ട്, ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ, പി.സി.സി ജനറൽ സെക്രട്ടറി എന്നിങ്ങനെ പോകുന്നു ഗെഹ്ലോട്ടിന്റെ രാഷ്ട്രീയ വളർച്ച. 1980 ൽ ആദ്യമായി പാർലമെന്റിൽ എത്തിയ ഗലോട്ട്‌ അഞ്ചു തവണ എംപി യായി. 1982-1993 കാലയളവിൽ ഇന്ദിരയുടേയും രാജീവിന്റെയും മന്ത്രിസഭയിൽ മന്ത്രിസ്ഥാനവും ഗലോട്ട് വഹിച്ചിട്ടുണ്ട്. 1999 മുതൽ തുടച്ചയായി സർദർപുരയിൽ നിന്നും നിയമസഭയിലെത്തിയ ഗെഹ്ലോട്ട് 1999ലും 2008ലും മുഖ്യമന്ത്രിയായി. രണ്ടാം തവണ മുഖ്യമന്ത്രിയായിരിക്കേയാണ് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുന്ന ജനകീയ പദ്ധതിക്ക് തുടക്കമിട്ടത്.


ഗലോട്ട് ജനങ്ങൾക്കിടയിലെ സ്വാധീനവും ജീവിത രീതിയിലെ ലാളിത്യവും കൊണ്ടാണ് രാജസ്ഥാൻ ഗാന്ധി എന്ന് വിളിക്കപ്പെട്ടത്. പൊതുവേ ജനസമ്മതനായി ഗലോട്ടിന് മാസ് ലീഡർ എന്ന പ്രതിഛായയാണ് നിലവിലുള്ളതും. അതുകൊണ്ടു തന്നെയാണ് യുവനേതാവ് സച്ചിനെ പിന്തള്ളി മൂന്നാം തവണയും മുഖ്യമന്ത്രി പദത്തിലേറിയതും. കൂടാതെ ഘടകകക്ഷികളെ ഒന്നിച്ചു നിർത്താൻ ഗലോട്ടിന്റെ മാന്ത്രിക സൂത്രവാക്യങ്ങൾക്ക് കഴിയുമെന്ന വിശ്വാസം പാർട്ടി നേതൃത്വത്തിനുണ്ട്.

ഇപ്പോൾ എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറിയും പ്രവർത്തക സമിതി അംഗവുമാണ്. ഡൽഹിയുടെ ചുമതലയുണ്ട്. പാർട്ടിയുടെ തന്ത്രരൂപീകരണത്തിൽ ഗലോട്ടിന് സുപ്രധാന പങ്കാണുള്ളത്.