- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണം വരുമൊരു നാൾ...നിയമം വേർപിരിച്ചവരെ മരണം ഒരുമിപ്പിച്ചു; വിവാഹ മോചിതരോട് പത്ത് ദിവസം കുട്ടികളോട് ഒപ്പം കഴിയാൻ നിർദ്ദേശിച്ചത് കോടതി; നേപ്പാൾ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് നാല് ഇന്ത്യക്കാർ; കോടതി വിധി പ്രകാരമുള്ള വിനോദയാത്ര ദുരന്തമായി
മുംബൈ: നിയമം നാലംഗ കുടുംബത്തെ ഒരിക്കൽ വേർപിരിച്ചെങ്കിലും ഒടുക്കം മരണം അവരെ ഒരുമിപ്പിച്ചു. ഇക്കഴിഞ്ഞ ആഴ്ച നേപ്പാളിൽ നടന്ന വിമാന അപകടത്തിൽ കൊല്ലപ്പെട്ട നാല് പേർ ഒരേ കുടുംബത്തിൽപ്പെട്ടവരായിരുന്നു. വിവാഹ മോചനം നേടിയ ദമ്പതികൾ വർഷത്തിലൊരിക്കൽ മക്കളോട് ഒരുമിച്ച് പത്ത് ദിവസം താമസിക്കണമെന്ന കോടതി വിധിയാണ് അവർക്ക് മരണവിധിയായി മാറിയത്.
താനെ സ്വദേശിയും വ്യവസായിയുമായ അശോക് കുമാർ ത്രിപാഠി (54) യും ഭാര്യ വൈഭവി ഭണ്ഡേക്കർ ത്രിപാഠി( 51)യും വർഷങ്ങൾക്ക് മുൻപ് വിവാഹബന്ധം വേർപ്പെടുത്തിയ ദമ്പതികളാണ്. മകൻ ധനുഷും(22) മകൾ റിതികയും(15) എന്നിവരൊത്താണ് നേപ്പാളിലേക്ക് പോയത് . കുടുംബകോടതിയുടെ നിർദേശ പ്രകാരം വർഷത്തിലൊരിക്കൽ പത്ത് ദിവസം മക്കളോടും ഭാര്യയോടുമൊപ്പം ചിലവഴിക്കണമെന്ന നിർദേശമുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായാണ് ഇവർ നേപ്പാളിലേക്ക് വിനോദയാത്ര പോയത്. കോടതി നിർദ്ദേശം ഇരുകൂട്ടരും കൃത്യമായി പാലിച്ചിരുന്നു. അശോക് ഒഡീഷയിലും മക്കളും ഭാര്യയും താനെയിലുമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച നേപ്പാളിൽ തകർന്നുവീണ താര എയർവേഴ്‌സിൽ ഈ കുടുംബം വിനോദ കേന്ദ്രമായ പൊഖാറയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
നാല് ഇന്ത്യക്കാരെ കൂടാതെ വിമാനത്തിൽ 13 നേപ്പാൾ സ്വദേശികളും രണ്ട് ജർമ്മൻകാരുമുണ്ടായിരുന്നു. വൈഭവിയും മക്കളും താമസിക്കുന്ന താനെയിലെ രുസ്തംജി അഥീന ഹൗസിങ് കോളനി നിവാസികൾ ഇവരുടെ നിര്യാണത്തിൽ കടുത്ത ദുഃഖത്തിലാണ്.
സ്വകാര്യ-ധനകാര്യ സ്ഥാപനത്തിൽ ഉയർന്ന തസ്തികയിലാണ് വൈഭവി ജോലി ചെയ്യുന്നത്. ഇവരുടെ 80 വയസായ അമ്മയെ സഹോദരിയെ ഏൽപ്പിച്ചിട്ടാണ് നേപ്പാളിലേക്ക് പോയത്. മക്കളുടെ നിര്യാണവാർത്ത അമ്മയെ അറിയിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ