ങ്ങളാണ് എല്ലാ കാര്യങ്ങളിലും മുന്നിലെന്ന് പാശ്ചാത്യ രാജ്യക്കാർക്കൊരു അഹംഭാവമുണ്ട്. എന്നാൽ ഇത് തിരുത്തിക്കുറിക്കുന്ന കാര്യങ്ങളാണ് വേൾഡ് ഗിവിങ് ഇൻഡെക്‌സ് പുറത്ത് വിട്ടിരിക്കുന്നത്. ഇതനുസരിച്ച് മറ്റുള്ളവരെ സഹായിക്കാൻ മുമ്പിൽ ഇറാഖികളും സംഭാവന ചെയ്യുന്നവരിൽ മുമ്പിൽ മ്യാന്മാറും തായ്‌ലൻഡുമാണ്. സേവനം ചെയ്യുന്നവരിൽ മുമ്പിൽ ബർമയും ശ്രീലങ്കയുമാണ്. ചുരുക്കിപ്പറഞ്ഞാൽ വെള്ളക്കാരേക്കാൾ നല്ല മനുഷ്യർ ഏഷ്യക്കാർ തന്നെയെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണ്.

യുഎസ്എ, യുകെ പോലുള്ള നിരവധി സമ്പന്ന രാജ്യങ്ങൾ ലോകത്തിലുണ്ടെങ്കിലും ചാരിറ്റി പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാനുള്ള മനോഭാവത്തിന്റെ കാര്യത്തിൽ ജി20 രാജ്യങ്ങൾ വരുമാനം കുറഞ്ഞ ബർമയിൽ നിന്നും കണ്ട് പഠിക്കേണ്ടിയിരിക്കുന്നുവെന്നാണ് വേൾഡ് ഗിവിങ് ഇൻഡെക്‌സ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബർമയിൽ ജീവിക്കുന്ന നല്ലൊരു വിഭാഗം പേരും ലോകത്തിൽ മറ്റെവിടെയുമുള്ളവരേക്കാൾ ചാരിറ്റികൾക്ക് സംഭാവനയേകുന്നുണ്ട്. ഇതിന് പുറമെ ഇവർ തങ്ങളുടെ കുറേയേറെ സമയവും ഇത്തരം പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുമുണ്ട്. 50 വർഷത്തെ സൈനിക ഭരണത്തിന്റെ കെടുതികൾ അനുഭവിച്ചതിന് ശേഷം ഈ അടുത്ത കാലത്ത് മാത്രം ജനാധിപത്യത്തിലേക്ക് കടന്ന് വന്ന് കൊണ്ടിരിക്കുന്ന രാജ്യമാണ് ബർമ അഥവാ മ്യാന്മാർ. 

ചാരിറ്റികൾക്ക് സംഭാവന ചെയ്യുന്നതിൽ രണ്ടാംസ്ഥാനത്തുള്ളത് അമേരിക്കയാണ്. തുടർന്നുള്ള സ്ഥാനങ്ങളിൽ ന്യൂസിലാൻഡ്, കാനഡ, ഓസ്‌ട്രേലിയ ,യുകെ, നെതർലാൻഡ്‌സ്, ശ്രീലങ്ക തുടങ്ങിയവയാണ്. കഴിഞ്ഞ വർഷം ലോകമാകമാനമുള്ള 1.4 ബില്യൺ പേർ ചാരിറ്റിയിലേക്ക് സംഭാവന ചെയ്തുവെന്നാണ് വേൾഡ് ഗിവിങ് ഇൻഡെക്‌സ് കണക്കാക്കിയിരിക്കുന്നത്. ചാരിറ്റി എയ്ഡ് ഫൗണ്ടേഷനിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയിരിക്കുന്നത്. വർഷങ്ങളായി യുദ്ധത്തിലും ഭീകരവാദത്തിലും വലയുന്ന രാജ്യമാണെങ്കിലും അപരിചതരെ സഹായിക്കുന്ന കാര്യത്തിൽ ലോകത്ത് ഏറ്റവും മുൻപന്തിയിലുള്ള രാജ്യം ഇറാഖാണ്. ഇവിടെയുള്ള മിക്കവരും ഒരു അപരിചിതനെയെങ്കിലും സഹായിച്ചവരാണ്.

രണ്ടാംസ്ഥാനത്തുള്ളതും യുദ്ധത്താൽ വലയുന്ന മറ്റൊരു രാജ്യമായ ലിബിയയാണ്. ഇവിടെയുള്ള 78 ശതമാനം പേരും ഒരു അപരിചിതനെ സഹായിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. 145 രാജ്യങ്ങളിലെ 15 വയസിന് മുകളിൽ പ്രായമുള്ള 1000 പേരെ കണ്ട് സംസാരിച്ചതിനെ ശേഷമാണ് വേൾഡ് ഗിവിങ് ഇൻഡെക്‌സ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം നിങ്ങൾ പണമോ സമയമോ നൽകിയിട്ടുണ്ടോ അല്ലെങ്കിൽ ഒരു അപരിചിതനെ സഹായിച്ചിട്ടുണ്ടോ എന്ന ചോദ്യമായിരുന്നു ഇവരോട് ചോദിച്ചിരുന്നത്.

2014ലെ ഇൻഡെക്‌സിൽ ചാരിറ്റിയിലേക്ക് സംഭാവന ചെയ്യുന്ന കാര്യത്തിൽ ബർമയും യുഎസും ഒന്നാംസ്ഥാനത്തായിരുന്നു. എന്നാൽ പിന്നീട് യുഎസിലെ ചാരിറ്റബിൾ ഡൊണേഷനുകൾ താഴോട്ട് പോയതിനെ തുടർന്ന് രാജ്യം ഇക്കാര്യത്തിൽ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ബർമയിലെ 92 ശതമാനം പേരും തങ്ങൾ ചാരിറ്റിയിലേക്ക് പണം നൽകിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവർക്ക് നൽകുകയെന്നത് ബർമയിലെയും തായ്‌ലൻഡിലെയും ബുദ്ധമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം വിശ്വാസപരമായ നിർണായകമായ കാര്യമാണ്. അതിനാലാണ് ഈ രാജ്യങ്ങൾ ഇക്കാര്യത്തിൽ മുൻപന്തിയിലെത്തിയിരിക്കുന്നതിന്റെ പ്രധാന കാരണം.

സമയത്തെ പണത്തേക്കാൾ മൂല്യമുള്ള സംഗതിയായി കണക്കാക്കുകയാണെങ്കിൽ ഇക്കാര്യത്തിലും ഇവിടുത്തുകാർ മുന്നിലാണ്. ഇവിടുത്തെ 50 ശതമാനം പൗരന്മാരും മറ്റുള്ളവരെ സേവിക്കാനായി തങ്ങളുടെ വിലപ്പെട്ട സമയം ചെലവഴിക്കുന്നവരാണ്. ഇക്കാര്യത്തിൽ ശ്രീലങ്കയും ലൈബീരിയയും തൊട്ട് പുറകിലുണ്ട്. ജി20 രാജ്യങ്ങളിലാണ് ലോകത്തിലെ ഏറ്റവും സമ്പന്നമായ സമ്പദ് വ്യവസ്ഥകളുള്ളത്. എന്നാൽ വേൾഡ് ഗിവിങ് ഇൻഡെക്‌സിലെ ആദ്യത്തെ 20 സ്ഥാനങ്ങളിൽ ഇവയിൽ നിന്നും വെറും അഞ്ച് രാജ്യങ്ങൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ. പുരുഷന്മാരാണ് സ്ത്രീകളേക്കാൾ പണം സംഭാവന ചെയ്യുന്നതിൽ ഉദാരത പുലർത്തുന്നതെന്നും പുതിയ ഇൻഡെക്‌സ് വെളിപ്പെടുത്തുന്നു.