ഇസ്ലാമബാദ്: മതനിന്ദാ കുറ്റത്തിന് പാക്കിസ്ഥാന് ഒന്നടങ്കം വെറുക്കപ്പെട്ടവളായി മാറിയ ആസിയ ബീവി ജയിൽ മോചിതയായി. ബുധനാഴ്ച രാത്രി മുൾട്ടാനിലെ ജയിലിൽനിന്നും പുറത്തിറങ്ങിയ ആസിയയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിതയാണ് റിപ്പോർട്ട്. ആക്രമണം ഉണ്ടായേക്കുമെന്ന് ഭയന്നാണ് ആസിയയെ രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റിയത്. ജയിലിൽ നിന്നും സ്വതന്ത്രയായ ആസിയ തലസ്ഥാനമായ ഇസ്ലാമബാദിലെ വിമാനത്താവളത്തിന് സമീപത്തേക്കാണ് നീങ്ങിയത്. ആസിയയെ ഇവിടെ സുരക്ഷിതമായി കസ്റ്റഡിയിൽ വെച്ചിരിക്കുന്നതായാണ് വിവരം.

ബുധനാഴ്ച രാത്രി ജയിൽ മോചിതയായ ആസിയ ജയിലിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ പാക്കിസ്ഥാൻ പട്ടാളം റോഡിന് കനത്ത സുരക്ഷ ഒരുക്കുകയും ആസിയയെ ഇസ്ലാമബാദ് വിമാനത്താവളത്തിന് സമീപത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായുമാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച ആസിയയുടെ അഭിഭാഷകൻ രാജ്യം വിടുകയും നെതർലൻഡിൽ അഭയും തേടുകയും ചെയ്തിരുന്നു. ഈ അഭിഭാഷകൻ തന്നെയാണ് ആസിയ ജയിൽ മോചിതയായ വിവരം അറിയിച്ചത്. ഇതിന് പിന്നാലെ ആസിയയുടെ ജയിൽ മോചനം സർക്കാരും സ്ഥിരീകരിച്ചു.

ആസിയ താമസിക്കുന്ന രഹസ്യ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായാൽ ആസിയ ഇവിടെ നിന്നും പറക്കും. അതിനാൽ തന്നെയാണ് ആസിയയെ വിമാനത്താവളത്തിന് സമീപത്ത് താമസിപ്പിച്ചിരിക്കുന്നത്. ഏത് നിമിഷവും മരണം തേടി എത്തുമെന്ന ഭയത്തോടെ തന്നെയാണ് ആസിയ ഇവിടെ താമസിക്കുന്നത്. അനിഷ്ഠ സംഭവങ്ങൾ എന്തെങ്കിലും ഉണ്ടായാൽ ആസിയയും കുടുംബവും ഇവിടെ നിന്നും പറക്കും. എന്നാൽ മാതൃരാജ്യത്തു നിന്നും എങ്ങോട്ട് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ആയിട്ടില്ല. ഇറ്റലിയിലേക്കോ ആസിയയുടെ അഭിഭാഷകൻ അഭയം തേടിയ നെതർലന്റിലേക്കോ ആവും ആസിയയും കുടുംബവും പറക്കുക എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറ്റാലിയൻ വിദേശ കാര്യമന്ത്രാലയം ആസിയയേയും കുടുംബത്തേയും മാറ്റിപാർപ്പിക്കുന്നതിന് മുൻകൈ എടുക്കുന്നുണ്ട്. ഇറ്റാലിയൻ സർക്കാർ വർഷങ്ങളായി ആസിയയുടെ കേസ് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ വർഷം ആദ്യം പോപ്പ് ഫ്രാൻസിസും ആസിയയുടെ കുടുംബവുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഇറ്റാലിയൻ സർക്കാർ അഭയം നൽകുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. കൂടാതെ ജർമനിയും അമേരിക്കയും ബ്രിട്ടനുമായും അഭയം ചോദിച്ച് ആസിയയുടെ കുടുംബം ബന്ധപ്പെട്ടിരുന്നു. പാക്കിസ്ഥാൻ സർക്കാരും ആസിയയ്ക്കും കുടുംബത്തിനും അഭയം നൽകണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമേരിക്ക ഇക്കാര്യത്തിൽ ഇതുവരെ അനുകൂലമായ തീരുമാനം എടുത്തിട്ടില്ല. ആസിയയ്ക്ക് അഭയം നൽകുന്നതിന് ട്രംപ് ഭരണ കൂടം തയ്യാറായാൽ എത് നിമിഷവും ഇവർ ഇസ്ലാമബാദിൽ നിന്നും അമേരിക്കയിലേക്കു പറന്നേക്കും.

2009ലാണ് ആസിയ അറസ്റ്റിലാകുന്നതിന് ആസ്പദമായ സംഭവം നടക്കുന്നത്. അയൽവാസികളായ മുസ്ലിം സ്ത്രീകൾക്കൊപ്പം ഒരു തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു ആസിയ. ക്രിസ്ത്യാനിയായ ആസിയ ഉപയോഗിച്ച പാത്രത്തിലെ വെള്ളം കുടിക്കുന്നത് ഈ മുസ്ലിം സ്ത്രീകൾ നിഷേധിച്ചു. ഇതേ തുടർന്നുണ്ടായ തർക്കത്തിൽ മുഹമ്മദ് നബിയെ ആസിയ അപമാനിച്ചു സംസാരിച്ചു എന്നാണ് ആരോപണം. സംഭവം നടന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രവാചകനെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് ജനക്കൂട്ടം ആസിയയെ കുറ്റക്കാരിയാക്കുന്നത്. 2010ൽ ആസിയയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. അഞ്ച് മക്കളുടെ അമ്മയായ ആസിയ പ്രവാചകനെ നിന്ദിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞെങ്കിലും അത് ചെവിക്കൊണ്ടില്ല. ഇസ്ലാമിനെ അപമാനിക്കുന്നത് പാക്കിസ്ഥാൻ നിയമ പ്രകാരം ശിക്ഷാർഹമാണ്.

കഴിഞ്ഞ എട്ടു വർഷമായി ജയിലാണ് ആസിയയുടെ ലോകമെങ്കിലും പുറത്തു നടക്കുന്ന കൊലവിളികൾ കാരണം പുറംലോകത്തേക്ക് ഇറങ്ങാൻ ആസിയയ്ക്കും പേടിയാണ്. നിരക്ഷരർ മുതൽ വിദ്യാഭ്യാസ സമ്പന്നരായവർ വരെ ആസിയയ്ക്ക് നേരെ കൊലവിളികളുമായി തെരുവിലിറങ്ങി. സുപ്രീംകോടതി വിധി ആസിയയ്ക്ക് അനുകൂലമായിട്ടും ഒരു പാവപ്പെട്ട സ്ത്രീയെ അങ്ങനങ്ങ് വെറുതെ വിടാൻ പാക്കിസ്ഥാനിലെ മതമൗലിക വാദികൾക്ക് തീരെ മനസ്സില്ല. തെഹ്രിക്-ഇ-ലബെക്ക് എന്ന് പേരുള്ള സംഘനടയാണ് ആസിയയുടെ മരണത്തിന് മുറവിളി കൂട്ടി മുൻപന്തിയിൽ നിൽക്കുന്നത്. ആസിയയുടെ മരണത്തിൽ കുറഞ്ഞൊന്നും പാവപ്പെട്ട വിശ്വാസികൾ ആഗ്രഹിക്കുന്നുമില്ല.