കൗണ്ടൻ (മലേഷ്യ): ഉറി ഭീകരാക്രമണത്തിന് പിന്നാലെ മലയാളിയായ ഇന്ത്യൻ ഹോക്കി ടീം നായകൻ പി.ആർ.ശ്രീജേഷ് രാജ്യത്തിനും സൈന്യത്തിനും നൽകിയ വാക്ക് പാലിച്ചു. ചാമ്പ്യൻസ് ട്രോഫിയിൽ എന്ത് വിലകൊടുത്തു പാക്കിസ്ഥാനെ തോൽപ്പിക്കുമെന്ന് പറഞ്ഞ മലയാളി താരം ശ്രീജേഷ് തന്റെ വാക്കുകൾ അതേപടി പാലിച്ചു. ചിരവൈരികളായ പാക്കിസ്ഥാനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ തകർത്തുവിട്ടത്.

ഉജ്വല സേവുകളുമായി പോസ്റ്റിന് മുന്നിൽ വന്മതിൽ തീർത്ത ശ്രീജേഷിന്റെകൂടി മികവിൽ കൂടിയാണ് ഇന്ത്യ ഏഷ്യൻ ചാംപ്യൻസ് ഹോക്കിയിൽ ചിരവൈരികളുടെ പോരാട്ടത്തിൽ പാക്കിസ്ഥാനെ തറപറ്റിച്ചത്. ഇന്ത്യയ്ക്കായി പർദീപ് മോർ (22), രൂപീന്ദർ പാൽ സിങ് (43), രമൺദീപ് സിങ് (44) എന്നിവർ ഗോളുകൾ നേടി. മുഹമ്മദ് റിസ്‌വാൻ, മുഹമ്മദ് ഇർഫാൻ ജൂനിയർ എന്നിവരുടെ വകയാണ് പാക്കിസ്ഥാന്റെ ഗോളുകൾ. ഒരുഘട്ടത്തിൽ 2-1ന് പിന്നിലായിപ്പോയ ഇന്ത്യ പിന്നീട് രണ്ടു മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.

ഇതോടെ, മൂന്നു മൽസരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. രണ്ടു മൽസരങ്ങൾ തോറ്റ പാക്കിസ്ഥാൻ മൂന്നു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ ഇരുടീമുകളും കണ്ടുമുട്ടിയ ആറു മൽസരങ്ങളിൽ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. രണ്ടെണ്ണം പാക്കിസ്ഥാൻ ജയിച്ചപ്പോൾ രണ്ടു മൽസരങ്ങൾ സമനിലയിൽ അവസാനിച്ചു. നിലവിൽ ലോകറാങ്കിങ്ങിൽ ആറാം റാങ്കുകാരാണ് ഇന്ത്യ. പാക്കിസ്ഥാനാകട്ടെ 13ാം റാങ്കിലും. ആദ്യ മൽസരത്തിൽ ജപ്പാനെതിരെ 10-2ന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയ ഇന്ത്യയെ രണ്ടാം മൽസരത്തിൽ ദക്ഷിണ കൊറിയ സമനിലയിൽ കുരുക്കിയിരുന്നു.

നേരത്തെ ബാംഗ്ലൂരിലെ പരിശീലന ക്യാമ്പിൽ വച്ചാണ് ഇന്ത്യൻ സൈന്യത്തിന് വേണ്ടി പാക്കിസ്ഥാനെ തോൽപ്പിക്കുമെന്ന് ശ്രീജേഷ് പരസ്യമായി പറഞ്ഞത്. ഉറിയിലെ ആക്രമണമത്തിന് ഇന്ത്യ മറുപടി നൽകിയത് രഹസ്യമായ നീക്കത്തിലൂടെ ആണെങ്കിൽ പരസ്യമായി വെല്ലുവിളിച്ച് വാക്കു പാലിച്ചാണ് ശ്രീജേഷ് ഇന്ത്യയുടെ അഭിമാന താരമായി മാറിയത്.

പ്രേക്ഷകർക്ക് ഒരുപാട് ആവേശം പകരുന്നതാണു പാക്കിസ്ഥാനെതിരേയുള്ള ഓരോ മത്സരവും. വിജയത്തിനായി നൂറുശതമാനവും നൽകും. പാക്കിസ്ഥാനെതിരേ തോറ്റുകൊണ്ടു സൈനികരെ ദുഃഖിപ്പിക്കില്ല. പ്രത്യേകിച്ച് അതിർത്തിയിലുണ്ടായ വെടിവയ്പിൽ വീരമൃത്യുവരിച്ച സൈനികരെ. എന്നാണ് ശ്രീജേഷ് പറഞ്ഞത്. ഹോക്കി എന്നത് പാക്കിസ്ഥാനെ സംബന്ധിച്ചടത്തോളം അതിവൈകാരികമായ കളി കൂടിയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫിയിൽ ശത്രുരാജ്യത്തെ തോൽപ്പിച്ചത്.