ഇഞ്ചിയോൺ: ഷൂട്ടിംഗിൽ 10 മീറ്റർ എയർ റൈഫിൾ ടീമിനത്തിൽ വെങ്കലം നേടിയതിനു പിന്നാലെ വ്യക്തിഗതയിനത്തിലും ഇന്ത്യയ്ക്കായി അഭിനവ് ബിന്ദ്ര വെങ്കലം നേടി. ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ നിന്നുള്ള ബന്ദ്രയുടെ വിടവാങ്ങൽ മത്സരം കൂടിയായിരുന്നു ഇത്.

10 മീറ്റർ എയർ റൈഫിൾ ടീമിനത്തിൽ അഉിനവ് ബിന്ദ്ര, സഞ്ജീവ് രജ്പുത്, രവികുമാർ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയത്. ഇതിന് പിന്നാലെയാണ് വ്യക്തിഗത ഇനത്തിലും അഭിനവ് ബിന്ദ്ര വെങ്കലം നേടിയത്. ഇത് തന്റെ വിടവാങ്ങൽ മത്സരമായിരിക്കുമെന്ന് ട്വിറ്ററിലൂടെ നേരത്തെ ബിന്ദ്ര വ്യക്തമാക്കിയിരുന്നു. എന്നാൽ ആ തീരുമാനം പിൻവലിക്കുന്ന സൂചനയും ബിന്ദ്ര നൽകി. അടുത്ത ഒളിംമ്പിക്‌സിലും മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് ബിന്ദ്ര അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള പരിശീലനം തുടരും. ലോക ചാമ്പ്യൻഷിപ്പിലും മറ്റും പങ്കെടുത്ത് ഒളിമ്പിക്‌സ് യോഗ്യതാ മാർക്ക് കൈവരിക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നാണ് ബിന്ദ്ര ഇപ്പോൾ പറയുന്നത്.

ഏതായാലും ഇനിയൊരു ഏഷ്യൻ ഗെയിംസിന് ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഷൂട്ടിങ്ങ് റേഞ്ചിലേക്ക് ബിന്ദ്ര വരില്ല. ഒളിമ്പിക്‌സിൽ വ്യക്തിഗത സ്വർണം നേടുന്ന ഏക ഇന്ത്യാക്കാരനാണ് ബിന്ദ്ര. ബെയ്ജിങ് ഒളിമ്പിക്‌സിലായിരുന്നു ബിന്ദ്രയുടെ സുവർണ്ണ നേട്ടം. ഇതിനുള്ള അംഗീകാരമായി 2009ൽ രാജ്യം പ്തമഭൂഷൺ ബഹുമതി നൽകി ബിന്ദ്രയെ ആദരിച്ചു.

ഒളിമ്പിക്‌സിനൊപ്പം കോമൺവെൽത്ത് ഗെയിം, ലോക ചാമ്പ്യൻഷിപ്പ് എന്നിവിടങ്ങളിലും ബിന്ദ്ര ഇന്ത്യയ്ക്കായി മെഡൽ നേടിയിട്ടുണ്ട്.