തിരുവനന്തപുരം: കർണാടക ഇലക്ഷനും തുടർന്ന് അരങ്ങേറുന്ന നാടകങ്ങളിലും എഷ്യാനെറ്റ് ന്യൂസ് ചങ്ക്പൊട്ടി അലമുറയിടുന്നത് ആർക്കുവേണ്ടി..? ഗോവയിലെ സംഭവവികാസങ്ങൾ ഉയർത്തി ബിജെപിയുടെ ധാർമികതയെ ചോദ്യം ചെയ്യുകയാണ് വിനു വി ജോൺ. യെദൂരിയപ്പയും കൂട്ടരും ചെയ്യുന്നത് ശുദ്ധ രാഷ്ട്രീയ അധാർമികതയാണെന്ന കാര്യത്തിൽ ഏഷ്യാനെറ്റിന് സംശയമില്ല. ഏഷ്യാനെറ്റ് ന്യൂസിൽ പ്രശാന്ത് രഘുവംശം അടക്കമുള്ളവർ ഉയർത്തുന്നത് ഈ വികാരമാണ്. എല്ലാ ജനാധിപത്യമൂല്യങ്ങളും തകർത്തെറിഞ്ഞുവെന്ന രാഷ്ട്രീയ വിശകലനങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് മലയാളികളിലേക്ക് എത്തിക്കുന്നത്. ഇവിടെയാണ് സോഷ്യൽ മീഡിയ മറ്റൊരു വിഷയം ചർച്ചയാക്കുന്നത്. യെദൂരിയപ്പയുടെ കളികളിൽ വലംകൈയനാണ് രാജീവ് ചന്ദ്രശേഖർ. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലാണ് ഏഷ്യാനെറ്റ്. അപ്പോൾ ഈ കണ്ണീരൊഴുക്കൽ ശരിയാണോ എന്നാണ് ഉയർത്തുന്ന ചോദ്യം.

നിയമസഭയിൽ ഭൂരിപക്ഷമുണ്ടാക്കാൻ ബിജെപി ഒരുക്കുന്ന നിയമവിരുദ്ധമായ സാഹചര്യം. അതിന് ഗവർണ്ണർ കൂട്ടു നിൽക്കുന്നുവെന്നാണ് കർണ്ണാടക വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഉയർത്തുന്ന ചർച്ച. ബിജെപി അധികാരത്തിലെത്തിയതിനെ എല്ലാ അർത്ഥത്തിലും വിമർശിക്കുകയാണ് അവർ. അതിശക്തമായ വിമർശനങ്ങളാണ് ബിജെപിയുടെ നേതാക്കൾ ചർച്ചയിൽ അതിഥികളായെത്തുമ്പോൾ അവതാരകർ ഉയർത്തുന്നത്. ബിജെപിയുടെ അവിശുദ്ധ ഇടപെടലുകളാണെന്നും പറയുന്നു. എന്നാൽ ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിന്റെ മുതലാളി തന്നെയല്ലേ എന്നതാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന പ്രസക്തമായ ചോദ്യം.

ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയർമാനായിരുന്നു രാജീവ് ചന്ദ്രശേഖർ. നിലവിൽ ഏഷ്യാനെറ്റ് ന്യൂസിൽ ഔദ്യോഗികമായ പദവികളൊന്നും രാജീവ് ചന്ദ്രശേഖറിനില്ല. അപ്പോഴും ചാനലിന്റെ കൂടുതൽ ഓഹരികളും കൈയാളുന്ന ബിജെപിയുടെ മാധ്യമ ശക്തികേന്ദ്രമാണ് രാജിവ് ചന്ദ്രശേഖർ. കർണ്ണാടകാ ബിജെപിയുടെ കണ്ണിലുണ്ണി. യെദൂരിയപ്പയുടെ പ്രിയപ്പെട്ടവൻ. ഇതേ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചാനലാണ് ഏഷ്യാനെറ്റ്. എന്നാൽ വാർത്തകൾ കേട്ടാൽ അങ്ങനെ തോന്നുകയുമില്ല. അതായത് ഏഷ്യാനെറ്റ് ന്യൂസിൽ വിനു വി ജോണും പറയുന്നതെല്ലാം ചെന്നുകൊള്ളുന്നത് ചാനലിന്റെ എല്ലാമെല്ലാമായ രാജീവ് ചന്ദ്രശേഖറിന്റെ നെഞ്ചത്താണ്. സ്വന്തം ചാനൽ പറയുന്നതാണ് ശരിയെങ്കിൽ രാജീവ് ചന്ദ്രശേഖർ ബിജെപി എംപി സ്ഥാനം രാജിവയ്ക്കണമെന്ന ചർച്ചയാണ് സോഷ്യൽ മീഡിയ സജീവമാക്കുന്നത്.

കർണ്ണാടകയിൽ ബിജെപി നടത്തുന്ന വല്ലാത്ത കളികളാണ്. ഇതെല്ലാം നിയന്ത്രിക്കുന്നവരിൽ പ്രമുഖനാണ് രാജീവ് ചന്ദ്രശേഖർ. കോൺഗ്രസുകാരെ മറുപക്ഷം ചാടിക്കാൻ കരുക്കൾ നീക്കുന്നവരിലും ചന്ദ്രശേഖർ ഉണ്ട്. എങ്ങനേയും കർണ്ണാടകയിൽ ഭരണം സാധ്യമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നിയോഗിച്ചവരിൽ പ്രധാനിയാണ് ഈ മലയാളി. ബംഗളൂരുവിൽ വമ്പൻ ബിസിനസ് ബന്ധങ്ങൾ രാജീവ് ചന്ദ്രശേഖറിനുണ്ട്. ഇത് പരമാവധി ഉപയോഗപ്പെടുത്തി ജെഡിയു-കോൺഗ്രസ് നേതാക്കളുമായി നിരന്തര സമ്പർക്കം പുലർത്തുന്ന നേതാവ് കൂടിയാണ് രാജീവ്. യെദൂരിയപ്പയ്ക്കും അമിത് ഷായ്ക്കും ഇടയിൽ പാലമായി പ്രവർത്തിക്കുന്നതും രാജീവ് ചന്ദ്രശേഖറാണ്. ഇത്തരത്തിലൊരു നേതാവിന്റെ ഉടമസ്ഥതയിലാണ് ഏഷ്യാനെറ്റ് മുന്നോട്ട് പോകൂന്നത്.

കർണ്ണാടകയിലെ ഈ കളികളിൽ പ്രധാന പങ്കുവഹിക്കുന്ന രാജീവ് ചന്ദ്രശേഖറിനെ കുറിച്ച് ഒരു വാക്ക് പോലും ഏഷ്യാനെറ്റ് ന്യൂസ് പറയുന്നില്ല. തെരഞ്ഞെടുപ്പുകാലത്തും ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായി പ്രവർത്തിച്ചത് രാജീവാണെന്ന് ആരോപണം ഉയർന്നിരുന്നു. ബിജെപിയുടെ രാജ്യസഭാ അംഗമായതോടെ നേതൃത്വവുമായി കൂടുതൽ അടുത്തു. പാർട്ടിയുടെ പ്രധാന മുഖങ്ങളിൽ ഒന്നായി അദ്ദേഹം മാറി. ഏത് സമയത്തും അദ്ദേഹം മോദി മന്ത്രിസഭയിൽ എത്താനും സാധ്യതയുണ്ട്. ഇതെല്ലാം ഏഷ്യാനെറ്റ് ന്യൂസിലെ ഓരോ ജീവനക്കാരനും അറിയാം. അങ്ങനെ മുതലാളി കാട്ടുന്ന അധാർമികതകളെ ഏഷ്യാനെറ്റ് ന്യൂസ് തുറന്നുകാട്ടുന്നുവെന്നാണ് സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നത്. അങ്ങനെ കർണ്ണാടക തെരഞ്ഞെടുപ്പ് പുതിയ തലത്തിൽ കേരളത്തിലെ സോഷ്യൽ മീഡിയ ചർച്ചയാക്കുകയാണ്.

ബിജെപിയുടെ രാജ്യസഭാ അംഗമായത് മാസങ്ങൾ മുമ്പാണ്. ഇതോടെ ചെയർമാൻ സ്ഥാനം വഹിച്ചിരുന്ന രണ്ടു ചാനലുകളിൽ നിന്നും ഓഹരികൾ നിലനിർത്തി സാങ്കേതികമായാണ പദവികൾ രാജിവ് ചന്ദ്രശേഖരൻ രാജി വച്ചു. ഒന്ന് ഏഷ്യാനെറ്റ് ന്യൂസും മറ്റൊന്ന് അർണാബിന്റെ റിപ്പബ്ലിക്കും. കന്നഡയിൽ സുവർണ്ണയും രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷ ഓഹരികളുള്ള ചാനലാണ്. 2006ൽ കർണാടകയിൽ നിന്ന് സ്വതന്ത്ര എംപിയായാണ് രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ എത്തിയത്. യെദൂരിയപ്പയായിരുന്നു രാജീവിനെ രാജ്യസഭയിലേക്ക് എത്തിച്ചത്. 2006 മുതൽ ഏഷ്യാനെറ്റ് ചാനലിന്റെ ചെയർമാൻ സ്ഥാനത്ത് പ്രവർത്തിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ബിജെപി എംപിയുടെ ചാനലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പലരും ചാനലിനെ വിമർശിച്ചിരുന്നത്. ഈ വിമർശനങ്ങളെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്വതന്ത്രനിൽ നിന്ന് ബിജെപിയുടെ രാജ്യസഭാ അംഗമായപ്പോഴുള്ള രാജീവിന്റെ രാജി.

അർണാബ് ഗോസ്വാമിയെ മുന്നിൽ നിർത്തി ദേശീയ തലത്തിൽ തുടങ്ങിയ റിപബ്ലിക് ചാനലിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും രാജിവച്ചതും എആർജി ഔട്ട്‌ലൈനർ- എഷ്യാനെറ്റ് ന്യൂസ് പ്രൈവറ്റ്ലിമിറ്റഡിന്റെ ബോർഡ് ഡയറക്ടർ സ്ഥാനത്തു നിന്നും അദ്ദേഹം രാജിവെച്ചതും ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക് എത്തിയതിനാലാണ്. അപ്പോഴും എല്ലാ മാധ്യമ സ്ഥാപനങ്ങളിലും അദ്ദേഹം ഓഹരി നിലനിർത്തി. കരളത്തിലെ ബിജെപിയുടെ മാധ്യമ പിന്തുണയും രാഷ്ട്രീയ ലക്ഷ്യങ്ങളും വച്ചാണ് ചന്ദ്രശേഖരനെ എൻ.ഡി.എ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതെന്നാണ് വിലയിരുത്തൽ. ദേശീയ അധ്യക്ഷൻ അമിത്ഷായുടെ നേതൃത്വത്തിൽ നടന്ന ചർച്ചക്കു നേതൃത്വം നൽകിയവരിൽ ഇദ്ദേഹവുമുണ്ടായിരുന്നു. കർണാടകയിൽ നിന്നുള്ള രാജ്യസഭാ എംപിയായ രാജീവ് ചന്ദ്രശേഖറിന് ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. കേരളത്തിൽ എൻ.ഡി.എ സഖ്യ കക്ഷികളെ വിളക്കി ചേർക്കുന്ന പ്രധാന കണ്ണിയും ഇദ്ദേഹമാണ്.

ബിജെപി കേരള നേതാക്കളുടെ എതിർപ്പ് മറികടന്നാണ് ചന്ദ്രശേഖരനെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്. സി.കെ ജാനു ഉൾപ്പെടെയുള്ള മറ്റു ഘടകക്ഷികളേയയും ബിജെപി നേതാക്കളേയും അവഗണിച്ച് ചാനൽ മേധാവിയെ വൈസ് ചെയർമാനാക്കിയതിൽ യോഗത്തിൽ തന്നെ മുറുമുറുപ്പുണ്ടായതായാണ് അറിവ്. എന്നാൽ ദേശീയ നേതൃത്വത്തിന്റെ ഇടപെടലാണ് ചന്ദ്രശേഖരനെ തുണച്ചത്. കേരള ഘടകത്തെ കൂടാതെ അമിത്ഷായും മോദിയും കേരളത്തിലെ വിഷയങ്ങൾ രാജീവ് ചന്ദ്രശേഖറുമായി ചർച്ച ചെയ്തിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ബിജെപിയെ കടന്നാക്രമിച്ചിരുന്നു അന്ന് ഇത്തരം ഇടപെടലുകളിൽ നിന്ന് പിന്മാറാണമെന്ന് രാജീവിനോട് അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തു. അതിന് ശേഷമാണ് എൻഡിഎയുടെ വൈസ് ചെയർമാനായി രാജീവ് ചന്ദ്രശേഖറിനെ ഉയർത്തിയതെന്ന വാദവും എത്തിയിരുന്നു.