തിരൂർ: മലപ്പുറത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചീഫ് റിപ്പോർട്ടർ വി ഷബ്‌നയെയും സംഘത്തെയും തിരൂരിൽ വച്ച് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത് ഗതാഗതം സ്തംഭിപ്പിച്ചും പോയ വിവാഹ ഘോഷയാത്ര സംഘത്തിന്റെ നടപടിയെ ചോദ്യം ചെയ്തപ്പോൾ. സംഭവവുമായി ബന്ധപ്പെട്ട് പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരൂർ ബി പി അങ്ങാടി കട്ടച്ചിറ റോഡിൽ ഞായറാഴ്ച വൈകീട്ട് നാലരയോടെ ഏഷ്യാനെറ്റ് വാർത്താസംഘത്തെ ആക്രമിച്ചത്. നൂറു കണക്കിന് ആളുകൾ നോക്കിനിൽക്കെ നടുറോഡിലായിരുന്നു വിവാഹസംഘത്തിൽപെട്ടവർ ഷബ്‌നയ്ക്കും വാർത്താ സംഘത്തിനുമെതിരെ തിരിഞ്ഞത്.

ഷബ്‌നയെ തെറി വാക്കുകളോടെ നേരിട്ട സംഘം കൈ പിടിച്ച് തിരിക്കുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ അമ്പത് പേർക്കെതിരെ കേസെടുത്തതായി തിരൂർ എസ്.ഐ കെ ആർ രഞ്ജിത് അറിയിച്ചു. കൈയ്ക്ക് പിടിച്ച് കയ്യേറ്റം നടത്തിയ കട്ടച്ചിറ സ്വദേശി വെള്ളറോട്ടിൽ അബ്ദുൽ സലാം(31)നെ പൊലീസ് അറസ്റ്റു ചെയ്തു. പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം പകർത്തുന്നതിനിടെ ഘോഷയാത്ര പകർത്തിയ ക്യാമറാമാൻ വിജേഷിനെയും സംഘം നേരിട്ടു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാതെ വിട്ടയക്കില്ലെന്ന് പറഞ്ഞ് വിജേഷിനെ വളഞ്ഞ ഇവർ ക്യാമറ തട്ടിപ്പറിക്കാനും ശ്രമിച്ചു.

പിടിവലിയിൽ ക്യാമറക്ക് കേടുപറ്റി. ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഏഷ്യാനെറ്റ് വാഹനത്തിന് സമീപമെത്തിയവർ ഡ്രൈവർ പൂക്കയിൽ സ്വദേശി ഇബ്രാഹിംകുട്ടിയെ ഭീഷണിപ്പെടുത്തുകയുമുണ്ടായി. കട്ടച്ചിറ റോഡിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനൊടുവിൽ വധൂവരന്മാരെ ആനയിച്ച് വാദ്യമേളങ്ങളും മുത്തുക്കുടകളുമായി ഘോഷയാത്ര നടത്തുന്നതിനിടെയായിരുന്നു സംഭവം. വഴി മുടക്കിയും ആഭാസനൃത്തങ്ങളോടെയും സംഘം നീങ്ങിയതോടെ കട്ടച്ചിറ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതതം തടസപ്പെട്ടു. ബി.പി അങ്ങാടി ബൈപ്പാസ് റോഡിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി കട്ടച്ചിറ റോഡിലൂടെ തിരൂരിലേക്ക് പോകാനെത്തിയ വാഹനങ്ങളാണ് ഘോഷയാത്രാ സൃഷ്ടിച്ച കുരുക്കിൽ കുടുങ്ങിയത്.

കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്നു ഏഷ്യാനെറ്റ് സംഘം. വിവാഹ ആഘോഷത്തിന്റെ പേരിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കലും ജനത്തെ ബുദ്ധിമുട്ടിക്കലും ഇവിടങ്ങളിൽ പതിവാണ്. സംസ്ഥാന, ദേശീയ പാതയോരത്തെ ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹ ആഭാസങ്ങളും മലപ്പുറം ജില്ലയിൽ നിത്യ സംഭവങ്ങളാണ്. ഇതിനെതിരെ ആരും ചോദ്യം ചെയ്യാൻ പാടില്ല. ചോദ്യം ചെയ്താൽ ഷബ്‌നക്കു നേരിട്ട അനുഭവമാണുണ്ടാവുക. സംഭവത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ഏഷ്യാനെറ്റ് സംഘം മറുനാടൻ മലയാളിയോടു പറഞ്ഞു.