കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനും ഭാര്യക്കും ഹർത്താൽ അനുകൂലികളുടെ മർദ്ദനം. പി.മോഹനന്റെ മകൻ ജൂലിയസ് നിഖിദാസിനും ഭാര്യ സാനിയോ മനോമിക്കുമാണ് മർദ്ദനമേറ്റത്.കുറ്റ്യാടി അമ്പലക്കുളങ്ങരയിൽ വെച്ച് ഉച്ചയ്ക്ക് 12.30 ഓടെയാണ് മർദ്ദനമേറ്റത്. ഇവർ സഞ്ചരിച്ച കാർ ഒരു സംഘം തടയുകയും കാറിൽ നിന്നിറക്കി മർദ്ദിക്കുകയുമായിരുന്നു. മൂക്കിനടക്കം ഗുരുതരമായി പരിക്കേറ്റ ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്രമത്തിന് പിന്നിൽ സംഘപരിവാർ ഗൂഢാലോചനയാണെന്ന് സിപിഎം ആരോപിച്ചു.

പലേരിയിലുള്ള സാനിയോയുടെ വീട്ടിൽ നിന്ന് ജൂലിയസിന്റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് കാറിൽ പോവുകയായിരുന്നു ഇരുവരും. അമ്പലക്കുളങ്ങര വച്ച് പത്തിലേറെ പേർ കാറിനുമുന്നിൽ ചാടിവീണ് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു.കാറിന്റെ താക്കോൽ ഊരിയെടുത്തതിന് ശേഷം ഇരുവരേയും കാറിന് പുറത്തേക്ക് വലിച്ചിട്ടാണ് മർദ്ദിച്ചത്. ആക്രമണത്തിൽ ജൂലിയസ് നികിതാസിന് സാരമായി പരിക്കേറ്റു.

കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ജൂലിയസിനെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായി. സാനിയോയുടെ നെഞ്ചിലും അടിവയറ്റിലും ചവിട്ടേറ്റിട്ടുണ്ട്. ഇതേത്തുടർന്ന് ഇരുവരെയും പൊലീസ് സംരക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അക്രമം നടത്തിയ എല്ലാവരേയും കണ്ടാൽ തിരിച്ചറിയാമെന്ന് സാനിയോ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും പേരാമ്പ്രയിൽ ഉള്ളവരാണെന്നും സ്ഥലത്തെ ആർഎസ്എസ് പ്രവർത്തകർ ആണെന്നും സാനിയോയും ഭർത്താവും പറയുന്നു. ആദ്യം അക്രമിച്ച ശേഷം പിന്നീട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് പോകുന്നത് വഴി പത്തോളം ഇരുചക്ര വാഹനങ്ങളിൽ എത്തി വീണ്ടും ആക്രമിക്കുകയായിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയുടെ മകനും മരുമകളും ആണെന്ന് മനസ്സിലാക്കിയപ്പോൾ വീണ്ടും മർദ്ദിക്കുകയായിരുന്നു.