ആസിഫും ഞാനും ചുട്ട അടിയുടെ ബെസ്റ്റ് ഫ്രണ്ട്‌സാണ്- പറയുന്നത് അർച്ചന കവി. അവനെക്കുറിച്ച് എന്തെങ്കിലും കേട്ടാൽ 'എന്താടാ, നീ ഇങ്ങനെയൊക്കെ എന്ന് ചോദിക്കാതെ നീ എന്തിനുള്ള പുറപ്പാടാണെന്ന് ചോദിക്കുന്ന സൗഹൃദം തങ്ങൾക്കിടയിലുണ്ടെന്ന് അർച്ചന കവി പറയുന്നു. 'എന്നെക്കുറിച്ച് എന്തെങ്കിലും കേട്ടാൽ അവൻ ചീത്തവിളിയും ബഹളവുമായിരിക്കും. (ചിരി) സിനിമയിൽ വരുന്നതിന് മുൻപേ ഞങ്ങൾ ഫ്രണ്ട്‌സാണ് അർച്ചന തുറന്നു പറയുന്നു.

ഗുരുവായൂരിൽ 'അഭിയും ഞാനും എന്ന സിനിമയുടെ ലൊക്കേഷിലാണ് അർച്ചനാകവി. തമിഴിൽ ആദ്യമായി അഭിനയിച്ച അറവാൻ തിയേറ്ററുകളിൽ സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അർച്ചന.

''ചിമിട്ടി എന്ന ആദിവാസി പെൺകുട്ടിയുടെ വേഷമാണ് എനിക്ക്. പതിനെട്ടാം നൂറ്റാണ്ടിൽ നടക്കുന്ന കഥയാണ് സിനിമയുടേത്. വസന്തബാലൻ സാറാണ് സംവിധായകൻ. സിനിമയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും അർച്ചന തുറന്ന് സംസാരിച്ചു.

  • ബോളിവുഡിൽ എത്തിയിരിക്കുന്നു. എന്തു തോന്നുന്നു?

പറഞ്ഞറിയിക്കാനാവാത്ത ആഹ്‌ളാദം തോന്നുന്നു. ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരുന്നു. ഡൽഹിയിൽ ജനിച്ചു വളർന്നതിനാൽ ഭാഷയുടെ പ്രശ്‌നമില്ല. അപ്രതീക്ഷിതമായിരുന്നു അഞ്ജലി മാഡത്തിന്റെ ഓഫർ. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല.സരോജ എന്നാണ് സിനിമയുടെ പേര്. മികച്ച വനിത ചലച്ചിത്ര ഛായാഗ്രാഹകയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ച അഞ്ജലി ശുക്‌ളയാണ് സംവിധായിക. അഞ്ജലിമാഡം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്. പുനെയിലാണ് ഷൂട്ടിങ്.

  • തമിഴിൽ പുതിയ മുഖവുമായി അറവാൻ. മലയാളത്തെ ഇതുപോലെ സ്‌നേഹിക്കുന്നില്ലേ?

ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നത് മലയാളത്തെ തന്നെയാണ്. അഭിയും ഞാനും എന്ന ചിത്രത്തിൽ ടൈറ്റിൽ കാരക്ടർ ചെയ്യുന്നു. മുംബയിൽ ജനിച്ചു വളർന്ന പെൺകുട്ടിയുടെ വേഷം. വിജിതമ്പി സാറിന്റെ നാടോടിമന്നനിൽ ദിലീപേട്ടന്റെ നായികയാണ്. മൈഥിലിയും അനന്യയുമാണ് മറ്റു നായികമാർ. ആദ്യമായാണ് ദിലീപേട്ടന്റെ നായികയാവുന്നത്. നാടോടിമന്ന്റെ ഒരു ഷെഡ്യൂൾ കഴിഞ്ഞു. അതുകഴിഞ്ഞ് പരസ്യചിത്രങ്ങളുടെ സംവിധായിക രേവതിവർമ്മയുടെ മാഡ്ഡാഡ്. ഇതിന്റെ ഷൂട്ടിങ് മേയ് ആദ്യ ആഴ്ച കൊച്ചിയിൽ ആരംഭിക്കും.

  • കുഞ്ഞിമാളുവിനെപോലെ, ജുവലിനെപോലെ ശക്തമായ കഥാപാത്രം പിന്നീട് ലഭിച്ചില്ല?

അതുപോലുള്ള കഥാപാത്രം തേടി വരാത്തതാണ് കാരണം. കാത്തിരിക്കുകയായിരുന്നു ഇതുവരെ. അഭിരാമിയും മാഡ്ഡാഡിലെ അച്ചായത്തിക്കുട്ടിയും അത്തരത്തിലുള്ളതാണ്.

  •  സിനിമ എപ്പോഴാണ് ആകർഷിച്ചത്?

സിനിമയോട് താത്പര്യം തോന്നി എത്തുന്നവരാണ് അധികവും. പക്ഷേ ഞാൻ അഭിനയിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. നീലത്താമര ഞാൻ ഉദ്ദേശിക്കാത്ത പ്രശസ്തി സമ്മാനിച്ചു. മമ്മി ആന്റ് മീ നൂറുദിവസം ആഘോഷിച്ചെങ്കിലും പ്രേക്ഷകർക്ക് എന്നെ കുഞ്ഞിമാളുവായി കാണാനാണ് ഇഷ്ടം. കുഞ്ഞിമാളുവിന്റെ ഇമേജിൽനിന്ന് പുറത്തു കടക്കാൻ കുറച്ചു ബുദ്ധിമുട്ടി.

  • രണ്ടുവർഷത്തെ കരിയറിൽ അഭിനയിച്ചത് അഞ്ചു സിനിമകൾ. അർച്ചനയ്‌ക്കൊപ്പം വന്നവർ ഇരട്ടിയിലധികം സിനിമകളിൽ അഭിനയിച്ചു?

ഒരുപാട് സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമില്ല. രണ്ടുവർഷത്തെ കരിയറിൽ അഞ്ചു സിനിമയിലാണ് അഭിനയിച്ചത്. എനിക്ക് തോന്നുന്നു റിമ പതിനഞ്ചിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടാവും. ആസിഫ് എത്ര സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് അവനുപോലും ഓർമ്മയുണ്ടാവില്ല. നീലത്താമരയ്ക്കുശേഷം എത്രയോ സിനിമകൾ ഞാൻ വേണ്ടെന്ന് വച്ചു. അറവാനിലേക്ക് വസന്തബാലൻ സാർ വിളിക്കുമ്പോൽ ആദ്യം ഞാൻ നോ പറഞ്ഞു. പതിനെട്ടാംനൂറ്റാണ്ടിലെ തമിഴ് സംസ്‌കാരത്തിന്റെ കഥയാണ് സിനിമയുടേത്. മാത്രമല്ല തമിഴ് എനിക്ക് അറിയുകയുമില്ല. ആസമയത്ത് മലയാളംപോലും പഠിച്ചുവരുന്നതേയുള്ളൂ. സംവിധായകൻ പറഞ്ഞു തന്നാൽപോലും ചിമിട്ടി എന്ന കഥാപാത്രമാവാൻ കഴിയില്ല. സാറിനോട് എത്ര പ്രാവശ്യം നോ പറഞ്ഞുവെന്ന് എനിക്കുതന്നെ അറിയില്ല. എന്നിട്ടും ആറുമാസം സാർ നിരന്തരം വിളിച്ചു. ഒരു അതിർത്തിക്കുള്ളിൽ ഞാൻ എന്നെ തന്നെ പ്രതിഷ്ഠിച്ചിരിക്കുകയായിരുന്നു അതുവരെ. ചിമിട്ടി അതിൽനിന്ന് പുറത്തുകൊണ്ടുവന്നു. കഴിഞ്ഞ ഒരുവർഷം കൊണ്ടു ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു.

  • തിരക്കുള്ള നായികയാവാൻ ആഗ്രഹമില്ലേ?

എനിക്ക് തിരക്കില്ലേ? (ചിരി) വളരെ പെട്ടെന്ന് ഓടി എത്താൻ മത്സരമല്ലല്ലോ. സാവധാനം ഞാൻ അവിടെ എത്തും. അത് ഉറപ്പാണ്. സോൾട്ട് ആന്റ് പെപ്പറിലും സ്പാനിഷ് മസാലയിലും അതിഥിവേഷങ്ങൾ. അഭിനയം ഇങ്ങനെയൊക്കെ മതിയോ?

ആഷികേട്ടന്റെയും ആസിഫിന്റെയും സൗഹൃദ ടീമിൽ ഞാനുമുണ്ട്. ആ കാരക്ടർ ഞാൻ ചെയ്യണമെന്ന് ആഷികേട്ടന് വാശി. സോൾട്ട് ആന്റ് പെപ്പറിലെ കഥാപാത്രം നന്നായിട്ടുണ്ടെന്ന് പറഞ്ഞവരുണ്ട്. സിനിമ കണ്ടപ്പോൾ എനിക്കും അക്കാര്യം ബോദ്ധ്യമായി. കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് സിനിമയാണ് സോൾട്ട് ആന്റ് പെപ്പർ. അതിന്റെ ഭാഗമായതിൽ സന്തോഷമുണ്ട്. സ്പാനിഷ് മസാല എന്റെ ഗുരുനാഥൻ സംവിധാനം ചെയ്ത സിനിമയാണ്. ലാൽ ജോസ് സാർ വിളിച്ച് ഒരു അതിഥിവേഷം ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ എനിക്ക് നോ പറയാൻ കഴിയില്ല.

  • സിനിമയിൽ നിന്ന് അർഹമായ പ്രാതിനിധ്യം ലഭിച്ചോ?

എനിക്കറിയില്ല. അതേക്കുറിച്ചൊന്നും ചിന്തിക്കാറില്ല. മറ്റുള്ളവരുമായി എന്നെ താരതമ്യം ചെയ്യാറില്ല. ഞാൻ എന്റെ ജോലി ചെയ്യുന്നു. പ്രേക്ഷകർക്ക് അത് ഇഷ്ടപ്പെടണമെന്ന് പ്രാർത്ഥിക്കാറുണ്ട്. അവസരങ്ങൾ തേടി വരുമെന്ന വിശ്വാസക്കാരിയാണ് ഞാൻ.

  • തമിഴ് സംസാരിക്കാൻ പഠിച്ചോ?

അറവാനിലെ ഡയലോഗ് മാത്രം ഓർമ്മയുണ്ടായിരുന്നു. ഇപ്പോൾ മറന്നുപോയി. അടുത്ത സിനിമയോടെ തമിഴ് പഠിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. തമിഴ്- തെലുങ്ക് പ്രോജക്ടാണ് അടുത്തതായി കമ്മിറ്റ് ചെയ്തത്. അൽഫോൺസാണ് സംവിധായകൻ. നായകൻ വൈഭവ്.

  •  അറവാന്റെ സ്റ്റിൽസ് കണ്ടാൽ അർച്ചനയാണെന്ന് തിരിച്ചറിയില്ലല്ലോ?

ഒരുപാട് ആളുകൾ ഇതേ അഭിപ്രായം പറഞ്ഞു. സിനിമയുടെ ഫസ്റ്റ് പ്രിന്റ് കണ്ട സ്റ്റുഡിയോയിലെ മലയാളികളായ ജോലിക്കാർക്ക് ചിമിട്ടി അർച്ചനാ കവിയാണെന്ന് മനസിലായില്ലെന്ന് പശുപതിസാർ പറഞ്ഞു. പക്ക തമിഴ് ആദിവാസി പെൺകുട്ടി. വെറ്റില ചവച്ചു തുപ്പി, ശരീരം മുഴുവൻ ടാറ്റൂ ഒക്കെയായി. യാതൊരു മര്യാദയുമില്ലാത്ത കാരക്ടർ. പ്രത്യേക മൂഡിലാണ് കാമറയ്ക്ക് മുന്നിൽ നിന്നത്.

  •  സിനിമയിൽ നടിമാരുടെ വിവാഹക്കാലമാണ്. എപ്പോഴായിരിക്കും അർച്ചനയുടെ വിവാഹം?

 വിവാഹം കഴിച്ച് ഞാൻ ഉടൻപോവണോ? (ചിരിക്കുന്നു) ധന്യാമേരി വർഗ്ഗീസിൽനിന്ന് തുടങ്ങിയതാണ് ഞങ്ങളുടെ ജനറേഷന്റെ വിവാഹം. എന്തായാലും വിവാഹം കഴിക്കാനുള്ള പക്വത എനിക്ക് വന്നിട്ടില്ല. മൂന്നാലുവർഷത്തിനകം വിവാഹം ഉണ്ടാവും. അപ്പോഴേക്കും ആരെയെങ്കിലും കിട്ടുമായിരിക്കും. (വീണ്ടും ചിരി) എല്ലാവരേയും അറിയിച്ചശേഷമേ വിവാഹം ഉണ്ടാവൂ.

  •  പ്രണയവിവാഹത്തിന് സാദ്ധ്യതയുണ്ടോ?

വന്നു, കണ്ടു, ചായ കൊടുത്തു. എന്നിട്ട് ഓകെ പറയുന്ന വിവാഹത്തോട് താത്പര്യമില്ല. ഒരു പരിചയവുമില്ലാത്ത ആളിനെ ഒരിക്കലും വിവാഹം കഴിക്കില്ല. ഇങ്ങനെ പറയുന്ന ഞാൻ പ്രണയത്തിനാലാണെന്ന് കരുതരുത്. ഇപ്പോൾ ആരോടും പ്രണയമില്ല. ആ സമയമാകുമ്പോഴേക്കും ആരോടെങ്കിലും പ്രണയം തോന്നിയാൽ അങ്ങനെ.

  •  എന്താണ് ലിവിങ് ടുഗദർ എന്ന കൺസപ്റ്റിനോടുള്ള കാഴ്ചപ്പാട്?

 ഡൽഹിയിൽ ജനിച്ചു വളർന്ന കുട്ടികളോട് ചോദിക്കേണ്ട ചോദ്യം തന്നെയാണിത്. ലിവിങ് ടുഗദർ ഇന്ന് സർവ്വസാധാരണമാണ്. ഈ പാത സ്വീകരിക്കുന്നവരോട് അയ്യോ, അങ്ങനെ ചെയ്യരുതെന്ന് ഞാൻ പറയില്ല. അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അതിൽ സേഫാണെന്ന് അവർക്കുതന്നെ തോന്നുന്നതുകൊണ്ടാവും അങ്ങനെ ചെയ്യുന്നത്. പക്ഷേ ലിവിങ് ടുഗദറിനോട് എനിക്ക് താത്പര്യമില്ല. ജീവിതം ഒന്നേയുള്ളൂ. സ്വയം ആലോചിച്ച് തീരുമാനം എടുക്കണമെന്ന പോളിസിക്കാരിയാണ് ഞാൻ

  •  സിനിമയിൽ ഒരുപാട് സുഹൃത്തുക്കളുണ്ടോ?

 എല്ലാവരും പ്രൊഫഷണൽ ഫ്രണ്ട്‌സാണ്. റിമ എന്റെ വീട്ടിൽ വരാറുണ്ട്. അവൾ എറണാകുളത്ത് വന്നാൽ ഞങ്ങൾ കാണാറുണ്ട്. എല്ലാ ദിവസവും ഫോണിൽ വിളിച്ച് സംസാരിക്കുന്ന സൗഹൃദം സിനിമയിൽ ആരുമായുമില്ല. ഭാവന മെസേജ് ഫ്രണ്ടാണ്. മൈഥിലിയും കൈലാഷും വിളിക്കാറുണ്ട്. കോളേജിലും എനിക്ക് അധികം ഫ്രണ്ട്‌സില്ലായിരുന്നു.

  •  പഠനം ഇപ്പോൾ എവിടെവരെയായി?

ബി.ബി.എ കഴിഞ്ഞു. എം.ബി.എയോട് താത്പര്യമില്ല. മാസ് കമ്മ്യൂണിക്കേഷനിൽ പി.ജി ചെയ്യാനാണ് തീരുമാനം.

  • തമിഴിൽ നിന്ന് ഗ്‌ളാമർ വേഷങ്ങൾ വന്നാൽ സ്വീകരിക്കാമോ?

കോളേജ് കാമ്പസിൽ നിന്ന് ഒരു ദിവസം സിനിമാ ലോകത്തേക്ക് വന്ന എന്നെ സംബന്ധിച്ച് നീലത്താമരയിലെ കുഞ്ഞിമാളു ഗ്‌ളാമറസ് കഥാപാത്രം തന്നെയാണ്. ഗ്രെയ്‌സ്ഫുൾ ആന്റ് ഗ്‌ളാമർ കാരക്ടർ. എന്നാൽ വൾഗർ കഥാപാത്രമല്ല. കുഞ്ഞി മാളുവിനെ വീട്ടിലേക്ക് കൊണ്ടുപോവാനാണ് പ്രേക്ഷകർക്ക് തോന്നിയത്. ഗ്‌ളാമർ വൾഗാരിറ്റിയിലേക്ക് പോകുന്ന വേഷങ്ങൾ ഒരിക്കലും ഒരു ഭാഷയിലും ചെയ്യില്ല.

  •  അർച്ചനയുടെ അഭിനയത്തെക്കുറിച്ച് വീട്ടുകാർ അഭിപ്രായം പറയാറുണ്ടോ?

 നീലത്താമര ഒഴികെയുള്ള എന്റെ എല്ലാ സിനിമകളും കണ്ട് അവർ എന്നെ ഇരുത്തി കൊന്നിട്ടുണ്ട്. എന്തെങ്കിലും കുറ്റം മമ്മി കണ്ടു പിടിക്കും. സിനിമയുടെ കാര്യം മാത്രമല്ല, എല്ലാത്തിലും മമ്മി എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. ആശിഷേട്ടൻ നല്ലതു പറയാറില്ല. (അർച്ചനയുടെ സഹോദരൻ ആശിഷ് കവി ചെന്നൈയിൽ അഡ്വടൈസിങ് കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുന്നു) എന്തായായും അറവാനിൽ എന്റെ നൃത്തം കണ്ട് നന്നായി എന്ന് ആശിഷേട്ടൻ പറഞ്ഞു. പപ്പയുടെ പ്രിയപ്പെട്ട മോളാണ് ഞാൻ. അതിനാൽ ഒരു ശതമാനമെങ്കിലും നല്ലതാണെന്ന് പറഞ്ഞ് പപ്പ കൈയൊഴിയും.

കടപ്പാട്: കേരളകൗമുദി ആഴ്ചപ്പതിപ്പ്