തിരുവനന്തപുരം: ബാലരാമപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സിഐടിയു പ്രവർത്തകൻ അസീം ഇനിയും പൊലീസ് കസ്റ്റഡിയിലായിട്ടില്ല. പീഡനം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെക്കുറിച്ച് പൊലീസിന് യാതൊരു വിവരവുമില്ല. മലപ്പുറത്തുള്ള പ്രതിയുടെ അച്ഛന്റെ അടുത്തേക്ക് പോയിട്ടുണ്ടാകാമെന്നതാണ് പൊലീസ് നിഗമനം. എന്നാൽ പ്രതി മൊബൈൽഫോൺ ഉപേക്ഷിച്ച് പോയതിനാൽ ഇയാളെ ട്രേസ് ചെയ്യാനാകാതെ കുടുങ്ങിയിരിക്കുകയാണ്. സിഐടിയു പ്രവർത്തകനായ അസീമിനെ സിപിഐ(എം) നേതാവ് സംരക്ഷിക്കുന്നു എന്ന വാർത്ത തെറ്റാണെന്നും ബാലരാമപുരം സബ് ഇൻസ്‌പെക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു.പ്രതിയെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറയുന്നു.

എന്നാൽ പീഡനക്കേസിലെ പ്രതിയായ അസിം സ്ത്രീ വിഷയങ്ങളിൽ ബലഹീനതയുള്ളയാളാണെന്നും പൊലീസ് പറയുന്നു. അതിസുന്ദരനായ അസീം സ്‌കൂൾ കുട്ടികളെയാണ് നോട്ടമിട്ടിരുന്നതെന്നും പൊലീസ് പറയുന്നു. ഇപ്പോൾ ഇയാൾ പീഡിപ്പിച്ചുവെന്ന് പറയുന്ന പെൺകുട്ടി മുൻപ് അസീമിന്റെ അയൽവാസിയായിരുന്നു. അന്ന് ഇയാൾ പെൺകുട്ടിക്ക് ഒരു മൊബൈൽ ഫോൺ നൽകിയതുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുമുണ്ടായിരുന്നു. പിന്നീട് വീട്ടുകാർ ശാസിച്ചതനുസരിച്ച് പ്രശ്‌നങ്ങൾ ഒഴിവാക്കുകയായിരുന്നുവെന്നും ബാലരാമപുരം പൊലീസ് പറയുന്നു.

ഇയാൾക്കെതിരെ പരാതി ലഭിച്ചതിന് ശേഷം നാല് തവണ എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തി. ഓട്ടോറിക്ഷ ഉപേക്ഷിച്ചാണ് അസീം ഒളിവിൽ പോയത്. അസീമിന്റെ ഓട്ടോറിക്ഷ ഇപ്പോൾ ബാലരാമപുരം പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാൾ നേരത്തെ പ്രണയിച്ച് തന്നെയാണ് വിവാഹം കഴിച്ചതും. ഇയാളുടെ ഭാര്യ ബാങ്കിലെ പ്യൂണായി കൊല്ലത്ത് ജോലി ചെയ്യുകയാണ്. വിദ്യാർത്ഥിനിയെ വശീകരിച്ചു പീഡിപ്പിച്ചത് പുറത്തുകൊണ്ടു വന്നത് അദ്ധ്യാപകരുടെ ഇടപെടലാണ്.

ബാലരാമപുരം സർക്കാർ സ്‌കൂളിലെ കുട്ടികളെ ഓട്ടോയിൽ അസീം കൊണ്ടു വിടാറുണ്ടായിരുന്നു. ഇവരെ തിരികെ കൊണ്ടു പോകാനുമെത്തി. പതിയേ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായി ചങ്ങാത്തതിലാവുകയും അടുക്കുകയുമായിരുന്നു. പിന്നീട് ഇയാൾ കുട്ടിയെ വശത്താക്കുകയായിരുന്നുവെന്ന് ബാലരാമപുരം പൊലീസ് പറയുന്നു. കുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം മിക്കവാറും എല്ലാ വെള്ളിയാഴ്ചകളിലും ഇയാളുടെ ഓട്ടോറിക്ഷയിൽ ദീർഘനേരം കുട്ടിയുമായി കറങ്ങിയശേഷം സ്‌കൂളിൽ എത്തിക്കുന്നത് പതിവായി മാറുകയായിരുന്നുവെന്ന് മറുനാടൻ മലയാളി നേരത്തെ റിപ്പോർട് ചെയ്തിരുന്നു.

ആദ്യമൊന്നും വൈകി സ്‌കൂളിലെത്തുന്നതിൽ അദ്ധ്യാപകർക്ക് സംശയം തോന്നിയിരുന്നുമില്ല. വൈകിയെത്തുന്നത് പതിവായതോടെയാണ് അദ്ധ്യാപകർ ഇത് ശ്രദ്ധിച്ച് തുടങ്ങിയത്. വെള്ളിയാഴ്ച ദിവസങ്ങളിൽ സ്‌കൂളുകളിൽ ഉച്ചയിടവേള സമയം സാധാരണ ദിവസങ്ങളിലേക്കാൾ കൂടുതലാണ്. ഈ സമയത്തായിരുന്നു കറക്കം. സ്ഥിരമായി വെള്ളിയാഴ്ച ദിവസങ്ങളിൽ പെൺകുട്ടി സ്‌കൂളിന് പുറത്തേക്ക് പോകാറുണ്ടെന്ന് അദ്ധ്യാപകർക്ക് വിവരം കിട്ടി. ഇതേ തുടർന്നുള്ള അന്വേഷണമാണ് ഡ്രൈവറുടെ കള്ളി പുറത്താക്കിയത്.

കുട്ടി ഓട്ടോയിൽ കയറി പോകുന്നതിനെകുറിച്ച് ചിലർ അദ്ധ്യാപകർ മനസ്സിലാക്കി. തുടർന്ന് രക്ഷിതാക്കളെ വിവരമറിയിച്ചതനുസരിച്ച് ഇവർ സ്‌കൂളിലെത്തിയപ്പോൾ കുട്ടി സ്‌കൂളിലുണ്ടായിരുന്നില്ല. അൽപ്പസമയം കഴിഞ്ഞപ്പോൾ തിരിച്ചെത്തി. തന്നെ അസീം വീട്ടിൽ കൊണ്ട് പോയെന്നും ശരീര ഭാഗങ്ങളിൽ തലോടിയെന്നുമാണ് പെൺകുട്ടി പറഞ്ഞു. കുട്ടിയുമായി ഓട്ടോ ഡ്രൈവർ സ്ഥിരമായി വൈകിയെത്തുന്ന കാര്യം രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ചേർന്ന് ബാലരാമപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. വിദ്യാർത്ഥിനിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു.

പൊലീസ് കുട്ടിയുടെ മൊഴിയെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. കേസെടുത്തതിന്റെ അടിസ്ഥാനത്തിൽ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അസീമിനെ അന്വേഷിച്ച് പൊലീസ് വഴിമുക്കിലെത്തിയെങ്കിലും പ്രതിയെ പിടികൂടാനായിരുന്നില്ല.