സൂറത്ത്: സുന്ദരന്മാരായ വില്ലന്മാരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സുന്ദരിമാരായ വില്ലത്തിമാർ നമുക്ക് അപരരിചിതമാണ്. എന്നാൽ ഈ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് അസ്മിതാ ഗോഹിൽ എന്ന ഡിക്കു. ഇന്ത്യയിലെ അതി സുന്ദരിയായ വില്ലത്തിയാണ് ഇവൾ. ഇരുപതുകാരിയായ ഇവളുടെ പ്രധാന ഹോബിയാവട്ടെ ജനങ്ങളെ വാൾ വീശി ഭീഷണിപ്പെടുത്തി പണം തട്ടലും. വാളുമായി ബൈക്കിൽ കറങ്ങി നടന്ന് കടക്കാരെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടി എടുക്കുക. 'ലേഡി ഡോൺ' എന്നാണ് ഗുജറാത്തിലെ ജനങ്ങൾ ഈ സുന്ദരിക്കോതയെ വിളിക്കുന്നത്.

സൂറത്തിൽ സുഹൃത്തിനൊപ്പം എത്തി കടക്കാരനെ വാൾ കാട്ടി വിരട്ടി പണം തട്ടിയ കേസിലാണ് ഒടുവിലായി ഈ ഇരുപതുകാരി പൊലീസ് പിടിയിലായത്. ആൺ സുഹൃത്തിനൊപ്പമാണ് യുവതി പിടിയിലായത്. ബോയ്ഫ്രണ്ടിനൊപ്പം എത്തി പണം തട്ടുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതു തെളിവായി. നീളൻ വാൾ വീശി വിരട്ടി തട്ടിയെടുത്തതാകട്ടെ 500 രൂപയും! എന്നാൽ നേരത്തേ ഇവർക്കെതിരെ ഉണ്ടായിരുന്ന കേസുകൾ കൂടി ഉൾപ്പെടുത്തിയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.

20 വയസിനകം ഒട്ടേറെ കേസുകളിൽ പ്രതിയാണ് അസ്മിത. ഏറെയും പണം തട്ടിയെടുത്തതിന്റെ പേരിലുള്ള കേസുകളാണ്. ഓരോ പ്രാവശ്യവും വാളുമായി ഇറങ്ങുമ്പോൾ ഓരോ ബോയ്ഫ്രണ്ട്‌സ് ആയിരിക്കും അസ്മിതയ്‌ക്കൊപ്പം ഉണ്ടാവുക. ഇതിനു മുൻപ് ഹോളി ആഘോഷത്തിനിടെ സുഹൃത്ത് സഞ്ജയ്‌ക്കൊപ്പം വാൾ വീശി പണം വാങ്ങുന്ന അസ്മിതയുടെ ദൃശ്യങ്ങളും വൈറലായിരുന്നു. ഈ കേസിൽ ഇരുവരും പിടിയിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. ബൈക്ക് യാത്രികനെ വാൾ കാട്ടി വിരട്ടിയതിന്റെ പേരിലും കേസുണ്ട്. അന്ന് കാലിയ എന്ന സുഹൃത്തായിരുന്നു അസ്മിതയ്‌ക്കൊപ്പം.

സമൂഹമാധ്യമങ്ങളിൽ 'ഡിക്കു' എന്ന പേരിലും പ്രശസ്തയാണ് അസ്മിത. ആൺസുഹൃത്തിനൊപ്പമാണു ജീവിതം. സ്ഥിരം കേസുകളിൽ പെട്ടതോടെ വീട്ടുകാരും ഉപേക്ഷിച്ചു. സുഹൃത്തിനൊപ്പം ബൈക്കിലെത്തിയാണ് സൂറത്തിലെയും പണംതട്ടൽ. രാവിലെ ആറോടെയായിരുന്നു സംഭവം.പാന്മസാല വിൽക്കുന്ന കടയ്ക്കു ചുറ്റും ബൈക്കിൽ നിരീക്ഷണം നടത്തി ആരുമില്ലാതിരുന്ന സമയത്താണു വാൾ വീശിയത്. കാശു വാങ്ങിയെടുത്തതിനു ശേഷം അസ്മിത നിർബന്ധിച്ചു കടയടപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സൂറത്തിലെ 'വർഷ' സൊസൈറ്റി മേഖലയിൽ താമസിക്കുന്ന അസ്മിത എല്ലാ മാസവും കടക്കാരനെ വിരട്ടി പണം തട്ടാറുണ്ടെന്നു പരാതിയിൽ പറയുന്നു. കയ്യിൽ എപ്പോഴും വാളും കാണും. ഇത് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തോക്കും വാളും കത്തിയുമേന്തിയുള്ള ചിത്രങ്ങളും ഫേസ്‌ബുക്കിൽ ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. വില കൂടിയ കാറുകളും ബൈക്കുകളുമെല്ലാമാണു ഹരം. ഒട്ടേറെ ക്രിമിനൽ കേസുകളുടെ പശ്ചാത്തലത്തിലാണു 'സൂറത്തിലെ ലേഡി ഡോൺ' എന്ന പേരു വീഴുന്നതും.

ഫേസ്‌ബുക്കിൽ ഇവരെ ഫോളോ ചെയ്യുന്നവരുടെ പട്ടികയിൽ മലയാളികളും ഉണ്ടെന്നതാണു കൗതുകകരം. ഡിക്കു അറസ്റ്റിലായതോടെ ജയിലിലെ വിശേഷം ചോദിച്ച് കമന്റിട്ട് മലയാളികളും ഡിക്കുവിന്റെ പേജ് ലൈവാക്കി നിർത്തുന്നുണ്ട്.