ഗുവാഹത്തി: പ്രതിശ്രുത വരനെ തട്ടിപ്പുകേസിൽ പിടികൂടിയ അസം പൊലീസ് ഉദ്യോഗസ്ഥ ജുന്മോനി രാഭ അതേ കേസിൽ അറസ്റ്റിൽ. പ്രതിശ്രുത വരനുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ്. അസമിലെ നാഗൺ ജില്ലയിൽ സബ് ഇൻസ്‌പെക്ടറായിരുന്ന രാഭയെ കഴിഞ്ഞ രണ്ടു ദിവസമായി ചോദ്യം ചെയ്യുകയായിരുന്നു. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കരാറുകാരുമായി ഒപ്പുവച്ച സാമ്പത്തിക ഇടപാടുകൾ യാഥാർഥ്യമാക്കാൻ പ്രതിശ്രുതവരൻ പൊഗാഗ്, രാഭയെ പരിചയപ്പെടുത്തുകയും അതുവഴി വിശ്വാസം നേടിയെടുത്ത ശേഷം കരാറുകാരെ വഞ്ചിക്കുകയും ചെയ്തതായാണ് പരാതി.

കരാറും ആളുകൾക്കു ജോലിയും നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത ശേഷം പൊഗാഗ് കബളിപ്പിച്ചെന്നാണു രാഭ കുറ്റപത്രം നൽകിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും മജൂലി ജയിലിൽ അടയ്ക്കുകയും ചെയ്തു.'ലേഡി സിങ്കം', 'ദബാങ് പൊലീസ്' എന്നീ പേരുകളിൽ അറിയപ്പെടുന്ന രാഭയ്‌ക്കെതിരെയും ആരോപണങ്ങൾ ഉയരുകയായിരുന്നു. രാഭയെ മജൂലി ജില്ലാ ജയിലിൽ അടച്ചു.

2021 ഒക്ടോബറിലാണ് പൊഗാഗുമായി രാഭയുടെ വിവാഹനിശ്ചയം നടന്നത്. 2022 നവംബറിൽ ഇവരുടെ കല്യാണം നടത്താൻ തീരുമാനിച്ചിരുന്നു. നേരത്തേ, ബിഹ്പുരിയാ എംഎൽഎ അമിയ കുമാർ ഭൂയനുമായി രാഭ നടത്തിയ ഫോൺ സംഭാഷണം ചോർന്നതു വിവാദമായിരുന്നു.