കൊച്ചി: ചലച്ചിത്ര താരങ്ങളുടെ രാഷ്ട്രീയപ്രവേശനം പാർട്ടികളെ കുറിച്ച് തിരിച്ചറിവ് ഇല്ലാത്തതിനാലെന്ന് നടൻ ശ്രീനിവാസൻ. അവർക്കെല്ലാം നല്ല ബുദ്ധി തോന്നുമെന്നാണ് പ്രതീക്ഷയെന്നും ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ശ്രീനിവാസൻ പറഞ്ഞു.

മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങൾ തട്ടിപ്പാണെന്നും കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡൽ. ഇ ശ്രീധരനും ജേക്കബ് തോമസും ട്വന്റി ട്വന്റിയിൽ വരണമെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് നടക്കുന്ന ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം. ട്വന്റി ട്വന്റി എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ മത്സരിക്കുകയാണ്.

അതിൽ വിജയിക്കുകയാണെങ്കിൽ അവർ കേരളത്തിൽ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയെങ്കിൽ താൻ അതിൽ പ്രവർത്തിക്കുമെന്ന് ശ്രീനിവാസൻ വ്യക്തമാക്കി.

എല്ലാ സംഘടിത മതങ്ങളും അതിശക്തമായി തമ്മിലടിക്കുകയാണ്. അതാണോ മതനിരപേക്ഷതയെന്ന് ശ്രീനിവാസൻ ചോദിച്ചു. നമ്മളൊന്നും പറയുന്നില്ല. നവോത്ഥാനത്തിന് നിൽക്കണമെന്നൊന്നും താൻ പറയുന്നില്ല.കാരണം എനിക്കറിയില്ല നവോത്ഥാനം എന്താണെന്ന്.

ചവനപ്രാശം ലേഹ്യം പോലെയുള്ള സാധനമാണോ നവോത്ഥാനം എന്നും ശ്രീനിവാസൻ ചോദിച്ചു.കുന്നത്തുനാട് മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിൽ ഭരണം നേടിയ ട്വന്റി- ട്വന്റി എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇത്തവണ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥാനാർത്ഥി നിർണയ പ്രക്രിയകളുമായി മുന്നോട്ടുപോകുകയാണെന്നും, സമൂഹത്തിലെ എല്ലാതുറകളിലുമുള്ള വ്യക്തികൾ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടാകുമെന്നും ട്വന്റി ട്വന്റി കോർഡിനേറ്റർ സാബു ജേക്കബ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.