- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്ലാക് ആൻജ് വൈറ്റ് ഫോട്ടോ ഇല്ലാതായിട്ട് പതിറ്റാണ്ടുകൾ; അത് അറിയാത്ത പബ്ലിക് റിലേഷൻസ് വകുപ്പും; പി എസ് സി നിയമനങ്ങൾ അട്ടിമറിക്കാൻ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കും പിൻവാതിൽ നിയമനം; ഇഷ്ടക്കാരെ ഓഫീസർമാരാക്കാൻ ബൈട്രാൻസ്ഫർ നിയമന നീക്കം
തിരുവനന്തപുരം: വേണ്ടപ്പെട്ടവരെ തിരുക്കിക്കയറ്റാൻ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (പി.ആർ.ഡി.) വകുപ്പിലെ സ്ഥാപിത താൽപര്യക്കാരായ ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം വീണ്ടും സജീവം. പി.ആർ.ഡിയിൽ ഫോട്ടോഗ്രഫി വിഭാഗത്തിൽ എൻട്രി കേഡറിലേക്കും അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്കുമുള്ള നിയമനം ബൈട്രാൻസ്ഫറിലൂടെ നടത്തി തിരുകിക്കയറ്റലിനാണു ശ്രമം.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലെ പാക്കർ, സ്വീപ്പർ, ഓഫിസ് അറ്റൻഡന്റ്, തസ്തികകളിൽ സ്ഥിരം ജോലി ചെയ്യുന്നവരെ അസി. ഇൻഫർമേഷൻ ഓഫിസർ (എ.ഐ.ഒ) തസ്തികയിലേക്ക് തിരുകിക്കയറ്റാനാണ് നീക്കം. സ്‌പെഷൽ റൂൾ ഭേദഗതി വരുത്തി നിലവിലെ ജോലിയുടെ സീനിയോറിറ്റി വച്ചാണ് ഇവരെ അസി. ഇൻഫർമേഷൻ ഓഫിസറായി നിയമിക്കാൻ ഐ ആൻഡ് പി.ആർ.ഡിയിലെ ചില ഉദ്യോഗസ്ഥരുടെ ശ്രമം. ഇതിനായി രാഷ്ട്രീയ സമർദവും ശക്തമായതോടെ പി.എസ്.സി പരീക്ഷ എഴുതി നിയമനത്തിനായി കാത്തിരിക്കുന്നവരിൽ പലരുടെയും അവസരം നഷ്ടമാകും.
ഫോട്ടോഗ്രഫി വിഭാഗത്തിൽ എൻട്രി കേഡറായ ഫോട്ടോഗ്രാഫിക് അറ്റൻഡർ തസ്തികയിലേക്ക് ബൈ ട്രാൻസ്ഫർ നിയമനത്തിന് ജൂെലെയിലാണ് പി.ആർ.ഡി അപേക്ഷ ക്ഷണിച്ചത്. കോഴിക്കോട്, എറണാകുളം മേഖലാ ഡപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലെ നിയമനത്തിനായാണ് ഈ വിജ്ഞാപനം. കാലഹരണപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങൾ സ്‌പെഷ്യൽ റൂൾ ആയിട്ടുള്ളതാണ് ഫോട്ടോഗ്രഫിക് അസിസ്റ്റന്റ് തസ്തിക. എഴുതാനും വായിക്കാനുമുള്ള സാക്ഷരത, ബ്‌ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോ സ്റ്റുഡിയോകളിൽ ഫിലിം വാഷിങ്, യെ്‌സിങ്, ഡവലപ്പിങ്, കെമിക്കൽ മിക്‌സിങ് എന്നിവയിലുള്ള അറിവ് എന്നിവയാണ് ഫോട്ടോഗ്രാഫിക് അറ്റൻഡർ തസ്തികയ്ക്കുള്ള യോഗ്യത.
എന്നാൽ ഇത്തരത്തിലുള്ള ബ്‌ളാക്ക് ആൻഡ് വൈറ്റ് സ്റ്റുഡിയോകൾ കേരളത്തിൽ ഇല്ലാതായിട്ടു തന്നെ രണ്ടു പതിറ്റാണ്ടു പിന്നിട്ടു. പി.ആർ.ഡിയിലും മറ്റു വകുപ്പുകളിലും ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ജോലി ചെയ്യുന്നവർ ഈ യോഗ്യതകളുടെ രേഖകൾ വ്യാജമായുണ്ടാക്കിയാണ് ഫോട്ടോഗ്രാഫിക് അറ്റൻഡറായി കയറിപ്പറ്റിയിട്ടുള്ളത്. ഇവർ തുടർന്ന് ആർട്ടിസ്റ്റ്, പ്രിന്റർ തുടങ്ങിയ കാലഹരണപ്പെട്ട തസ്തികകളിലേക്കും അതിന്റെ തുടർച്ചയിൽ ഫോട്ടോഗ്രാഫറായും സ്ഥാനക്കയറ്റം നേടും. ഡിജിറ്റൽ ഫോട്ടോഗ്രാഫിയിൽ നൂതനമായ പരിശീലന കേന്ദ്രങ്ങളും കോഴ്‌സുകളും നിലവിൽ വന്നിട്ടും ഇതൊന്നും അറിഞ്ഞിട്ടുപോലുമില്ലാത്ത മട്ടിലാണ് പി.ആർ.ഡി മുന്നോട്ടു പോകുന്നതും ഫോട്ടോഗ്രഫിയിൽ കൃത്യമായ
യോഗ്യതയുള്ള ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് സർക്കാർ സർവീസിൽ അവസരം നിക്ഷേധിക്കുന്നതും.
അതിനിടെ അറുനൂറ്റമ്പതോളം പേർ രണ്ടുഘട്ട പി.എസ്.സി. പരീക്ഷ എഴുതി, റാങ്ക് പട്ടിക കാത്തിരിക്കുന്ന അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ(എ.ഐ.ഒ) തസ്തികയിലേക്ക് പി.ആർ. ഡിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിൽ ചിലർക്ക് െബെ ട്രാൻസ്ഫർ നിയമനം നൽകാനുള്ള നീക്കവും സജീവമാണ്. ബിരുദവും മാധ്യമമേഖലയിലെ എഡിറ്റോറിയൽ സംബന്ധമായ രണ്ടുവർഷത്തെ പ്രവർത്തന പരിചയവുമാണ് എ.ഐ.ഒ തസ്തികയിലേക്കുള്ള യോഗ്യത.
എന്നാൽ ബിരുദധാരികളായ ഓഫീസ് അറ്റൻഡന്റ്, പാക്കർ, െബെൻഡർ തുടങ്ങിയവരെ മാധ്യമ മേഖലയിലെ പ്രവർത്തന പരിചയമെന്ന സുപ്രധാനഘടകം കണക്കിലെടുക്കാതെ െബെ ട്രാൻസ്ഫറായി നിയമിക്കാമെന്ന ശുപാർശയാണ് സർക്കാരിന് മുന്നിലെത്തിയിരിക്കുന്നത്.
പി.ആർ.ഡിയിൽനിന്നു വിരമിച്ച ഒരു അഡീഷണൽ ഡയറക്ടറുടെ ഒത്താശയിലാണ് ഈ നീക്കത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ ഗുണഭോക്താക്കളായ ജീവനക്കാർ സെക്രട്ടേറിയറ്റിലെ പ്രബല യൂണിയനിലെ അംഗങ്ങളുമാണ്. രഹസ്യമായി നടന്ന ഫയൽ നീക്കം പുറത്തായതോടെ പി.ആർ.ഡിയിൽ മാധ്യമ-പബ്‌ളിക് റിലേഷൻസ് മേഖല കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്കിടയിൽകടുത്ത അതൃപ്തി ഉടലെടുത്തിട്ടുണ്ട്. ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്ക് പരാതി നൽകാനും കോടതിയെ സമീപിക്കാനുമുള്ള ഒരുക്കത്തിലാണ്.
2017 ഡിസംബറിൽ എ.ഐ.ഒ. തസ്തികയിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതാണെങ്കിലും വ്യക്തമായ കാരണമില്ലാതെ തുടർനടപടികൾ പി.എസ്.സി. നീട്ടികൊണ്ടുപോവുകയാണ്. ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നതിലുള്ള വകുപ്പിന്റെ വിമുഖതയും പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നതിൽ പി.എസ്.സിയുടെ കാലതാമസവും മൂലം 12 ജില്ലകളിലും സെക്രട്ടേറിയറ്റിലും എ.ഐ.ഒ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഇതിന്റെ മറ പിടിച്ചാണ് സെക്രട്ടേറിയറ്റിൽ പിൻവാതിൽ നിയമനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ലോബി വീണ്ടും സജീവമായത്.
എ.ഐ.ഒ തസ്തികയിലേക്ക് ബൈ ട്രാൻസ്ഫർ നിയമനം നടത്തണമെന്ന ആവശ്യം കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ 2013ലും കേരള െഹെക്കോടതി 2016ലും തള്ളിയതാണെന്ന വസ്തുത മറച്ചു വച്ചാണ് ഈ നീക്കം വീണ്ടും സജീവമാക്കിയിട്ടുള്ളത്. പാക്കർ, സ്വീപ്പർ, ഓഫിസ് അറ്റൻഡന്റ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് കാര്യമായ പ്രമോഷൻ സാധ്യതകളില്ലെന്ന് കണക്കാക്കിയാണ് ഭരണാനുകൂല സംഘടനകളുടെ ഒത്താശയോടെ സ്‌പെഷൽ റൂൾ ഭേദഗതി വരുത്താനുള്ള നീക്കം നടക്കുന്നത്.
ഉദ്യോഗസ്ഥരുടെ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പ്രതിപാദിച്ചിട്ടുള്ള സ്‌പെഷൽ റൂൾസിൽ ഭേദഗതികൾ വരുത്തി ബൈ ട്രാൻസ്ഫർ നിയമനത്തിൽ അഞ്ച് ശതമാനം സംവരണം നേടാനാണ് ശ്രമം. നേരത്തേ 10 ശതമാനം സംവരണമാവശ്യപ്പെട്ട് ഫയൽ നീക്കം വകുപ്പിൽ നടന്നെങ്കിലും പി.ആർ.ഡിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ശക്തമായ എതിർപ്പറിയിച്ചതോടെ നീക്കം പൊളിയുകയായിരുന്നു. എന്നാൽ, 23 അസി. ഇൻഫർമേഷൻ ഓഫിസർ തസ്തികയിലേക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്തതും ഈ തസ്തികകളിലേക്ക് അടിയന്തരമായി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സർക്കാർ പി.എസ്.സിക്ക് കത്ത് നൽകിയതോടെ ഫയലുകൾക്ക് വീണ്ടും ജീവൻ വെക്കുകയായിരുന്നു.
പി.എസ്.സി നിയമനം നടക്കുമെന്നറിഞ്ഞ് പാക്കർ, സ്വീപ്പർ, ഒ.എ തസ്തികകളിലുള്ളവർ മാസങ്ങൾക്കുമുമ്പേ വിദൂര വിദ്യാഭ്യാസം വഴി ജേണലിസം യോഗ്യത നേടിയിരുന്നു. നിലവിലുള്ള ഒഴിവുകൾ പി.എസ്.സി വഴി നികത്തുന്നതിനു മുമ്പേ കടന്നുകൂടുകയായിരുന്നു ലക്ഷ്യം. ഇതിലൂടെ സീനിയോറിറ്റി ലഭിക്കുകയും ഇന്നത്തെ അവസ്ഥയിൽ നാലു വർഷത്തിനകം ഇൻഫർമേഷൻ ഓഫിസർ വരെയായി മാറാനും സാധിക്കും.
റിപ്പോർട്ട് ചെയ്ത 23 ഒഴിവിലേക്ക് പ്രസിദ്ധീകരിക്കാൻ പോകുന്ന റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തിയാലും സ്‌പെഷൽ റൂൾ ഭേദഗതി നടപ്പാക്കുന്നതോടെ ഈ റാങ്ക് ലിസ്റ്റ് റദ്ദാകുമെന്ന് പി.എസ്.സി അധികൃതർ അറിയിച്ചു. സ്‌പെഷൽ റൂൾ അംഗീകരിച്ച ദിവസം മുതൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ പുതിയ റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും നികത്തുക. ഇതിനായി വീണ്ടും പി.എസ്.സിക്ക് പരീക്ഷ നടത്തേണ്ടിവരും.
മറുനാടന് മലയാളി ബ്യൂറോ