തിരുവനന്തപുരം: കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി സർക്കാരിനൊപ്പം കൈകോർത്ത് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ. മഹാപ്രളയത്തിലൂടെ കടന്നുപോയ കേരളത്തിനായി ഇന്ത്യയിലെയും ജിസിസിയിലെയും പ്രമുഖ ആരോഗ്യസേവനദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ 15 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഈ തുകയിൽ 2.5 കോടി രൂപ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

പുതിയ വീടുകൾ നിർമ്മിക്കുന്നതിനും പ്രളയത്തിൽ നശിച്ച പ്രദേശങ്ങളിലെ വീടുകൾ നന്നാക്കുന്നതിനുമുള്ള ആസ്റ്റർ ഹോംസ് പദ്ധതിക്കാണ് ബാക്കി 12.5 കോടി രൂപ വിനിയോഗിക്കുക. സർക്കാർ വീടുകൾ നിർമ്മിച്ചു കൊടുക്കാനുള്ള ലിസ്റ്റ് കിട്ടിയാലുടൻ നിർമ്മാണ പ്രവർത്തികൾ തുടങ്ങുമെന്നാണ് ആസാദ് മൂപ്പൻ പറഞ്ഞത്. അടുത്ത ജൂണിന് മുൻപ് നിർമ്മാണങ്ങൾ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു

പ്രമുഖ ആർക്കിടെക്റ്റ് ശങ്കറിന്റെ നേതൃത്വത്തിലാണ് പ്രളയബാധിത പ്രദേശങ്ങളിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുനർനിർമ്മിച്ച് നൽകുക. ഇനി ഒരു പ്രളയം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലുള്ള വീടുകളാവും നിർമ്മിക്കുക. ആദിവാസി മേഖലകളിലുള്ള ജനങ്ങൾക്ക് അവരുടെ തനത് ശൈലിയിലുള്ള അടച്ചുറപ്പുള്ള വീടുകളാവും നിർമ്മിച്ചു നൽകുക. അതിനോടൊപ്പം അവരുടെ ഉപജീവനത്തിനുതകുന്ന സൗകര്യങ്ങളും ഒരുക്കി നൽകുന്ന രീതിയിലാകും. ആദിവാസികൾ പ്രകൃതിയോടിണങ്ങി ജീവിക്കുന്നവരായതിനാൽ പ്രകൃതിക്കനുയോജ്യമായ രീതിയിലാവും വീടുകളുടെ നിർമ്മാണം.

അത്പോലെ വീടുകൾ തറനിരപ്പിൽ നിന്നും ഉയർന്ന് നിൽക്കുന്ന തരത്തിലുള്ള വീടുകളുടെ പ്ലാനുകളും ഉണ്ട്. ദുരന്ത പരിരക്ഷയോട് കൂടിയായിരിക്കും എല്ലാ വീടുകളുടെ നിർമ്മാണവും.വളരുന്ന വീട് എന്ന ആശയവും നിർമ്മാണത്തിലൂടെ നടപ്പിലാക്കുന്നുണ്ട്. വീട്ടിലെ അംഗങ്ങൾക്ക് സാധാരണ മുറികൾ നിർമ്മിക്കുന്നതോടൊപ്പം മുകൾ നിലയിൽ വലിയൊരു മുറി കൂടി നിർമ്മിക്കും. വെള്ളപ്പൊക്കമുണ്ടാകുമ്പോൾ താഴെ നിന്നും മുകളിലെ ഈ മുറിയിൽ കയറി അഭയം പ്രാപിക്കാൻ കഴിയും. അതിനായുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കും.

തദ്ദേശീയമായി കിട്ടുന്ന ഉത്പന്നങ്ങൾകൊണ്ടാലവും ഈ വീടുകളുടെ നിർമ്മാണം. അതിനാൽ പ്രകൃതിക്ക് യാതൊരു ദൂഷ്യഫലങ്ങളും ഉണ്ടാകില്ല. ഏറ്റവും മികച്ച രീതിയിലാണ് നിർമ്മാണം നടത്തുക. ഒരു വീടിന് 5 ലക്ഷം രൂപയാണ് പരമാവധി ചെലവ് പ്രതീക്ഷിക്കുന്നത്. പുതിയ വീടുകളുടെ നിർമ്മാണം മാത്രമല്ല കേടുപാടുകൾ സംഭവിച്ച വീടുകളുെട അറ്റകുറ്റപ്പണിയും നടത്തി കൊടുക്കുന്നുണ്ട്. സ്ഥല പരിമിതി ഉള്ള ഇടങ്ങളിൽ ക്ലസ്റ്റർ വീടുകൾ നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. 50 തത്തിലുള്ള പ്ലാനുകൾ തയ്യാറാക്കിയിച്ചുണ്ട് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം.

പുതിയ വീടുകൾക്കും തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിനുമായി താഴെപ്പറയുന്ന വിധമായിരിക്കും ആസ്റ്റർ ഹോംസ് പദ്ധതി

1.വീടുകൾ നഷ്ടപ്പെട്ടെങ്കിലും സ്വന്തമായി സ്ഥലമുള്ളവർക്ക് വ്യക്തിഗതമായിത്തന്നെ പുതിയ വീടുകൾ നൽകാൻ ശ്രമിക്കും.

2.സർക്കാരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളൊ സ്ഥലം ലഭ്യമാക്കുകയാണെങ്കിൽ വീടു നഷ്ടപ്പെട്ട ഒരു കൂട്ടം ആൾക്കാർക്ക് ക്ലസ്റ്റർ വീടുകൾ നിർമ്മിച്ചു നല്കും.

3.ഭാഗികമായി നാശം സംഭവിച്ച വീടുകൾ മെച്ചപ്പെടുത്തുന്നതിനായി വിദഗ്ദ്ധരുടെ വിലയിരുത്തലിന് ശേഷം പരമാവധി ഒന്നര ലക്ഷം രൂപ വരെ നൽകും.

ഇത് കൂടാതെ പ്രളയദുരിതം അനുഭവിക്കേണ്ടിവന്ന ആസ്റ്റർ ജീവനക്കാർക്കും ഈ പദ്ധതിയുടെ ഭാഗമായി സഹായം ലഭ്യമാക്കും. കേരളത്തെ പുനർനിർമ്മിക്കുന്നതിൽപ്പരം പ്രാധാന്യം മറ്റൊന്നിനുമില്ലെന്ന് ഡോ. ആസാദ് മൂപ്പൻ ചൂണ്ടിക്കാട്ടി. ആസ്റ്ററിന്റെ പ്രമുഖ ആശുപത്രികളും ഒട്ടേറെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വീടുകൾ സ്ഥിതിചെയ്യുന്ന കേരളത്തിന് പിന്തുണ നല്കുന്നതിന് പ്രാമുഖ്യം നൽകും. കേരളത്തെ പ്രളയം വിഴുങ്ങിയ നാൾ മുതൽ ആസ്റ്റർ വോളണ്ടിയർമാർ സഹായവും ആരോഗ്യസേവനങ്ങളും എത്തിക്കുന്നതിനായി പരിശ്രമിക്കുകയായിരുന്നു. ആ ഘട്ടം കടന്നതോടെ എല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിന് പേർക്ക് അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനുള്ള പരിശ്രമമാണ് വേണ്ടതെന്ന് ഡോ. മൂപ്പൻ ചൂണ്ടിക്കാട്ടി. ആസ്റ്ററിലെ ജീവനക്കാരുടെയും ചാരിറ്റി സംഘടനയുടെും നേതൃത്വത്തിൽ ശേഖരിച്ച തുകയാണ് കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി
ഉപയോഗിക്കുന്നത്.