തിരുവനന്തപുരം: വിശക്കുന്ന തെരുവു ജീവിതങ്ങൾക്ക് ഒരു നേരത്തെ അന്നം നൽകുക എന്നതിന് അപ്പുറത്തേക്ക് ഒരു നന്മ നിറഞ്ഞ പ്രവർത്തി വേറെയില്ല. താൻ വളർന്ന ചുറ്റുപാടുകളിൽ കണ്ടു വളർന്ന കാഴ്‌ച്ചകൾക്ക് തന്നാൽ ആവും വിധം ഉത്തരം കണ്ടെത്തിയ അശ്വതി എന്ന പെൺകുട്ടി തിരുവനന്തപുരം നഗരത്തിൽ പൊതിച്ചോറുമായി ഇറങ്ങിയത് കാലങ്ങൾക്ക് മുമ്പ് വാർത്തയായിരുന്നു. പിൽക്കാലത്ത് ജ്വാലയെന്ന സംഘടന രൂപീകരിച്ച് സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ വേഗം കൂട്ടിയ അശ്വതി കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയായി മാറി. വേറിട്ട വഴികളിലൂടെ നീങ്ങിയ അശ്വതിയെ പ്രതിസന്ധിയിലാക്കിയത് ചികിത്സയ്ക്കായി കേരളത്തിലെത്തിയ വിദേശ വനിത ലിഗ സ്‌ക്രോമാന്റെ കൊലപാതകമായിരുന്നു.

വഴിയരികിൽ അലഞ്ഞ് നടന്ന വിദേശികളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ജ്വാല ഫൗണ്ടേഷൻ രക്ഷാധികാരി അശ്വതി വലിയ പുലിവാലാണ് പിടിച്ചത്. ലിഗയെ തേടിയുള്ള അശ്വതിയുടെ യാത്ര സർക്കാരിനെതിരാണെന്ന പ്രചരണത്തിന് വഴിവച്ചു. കള്ളക്കേസിൽ അറസ്റ്റ ്‌ചെയ്യാനും ശ്രമിച്ചു. ഇതിനിടെ ഈ പൊതു പ്രവർത്തകയുടെ നീക്കങ്ങളെ സംശയത്തോടെ കണ്ട് സർക്കാർ അനുകൂലികൾ അശ്വതിക്കെതിരെ പ്രചരണം ശക്തമാക്കി. ഇത് സിപിഎമ്മിലെ സൈബർ സഖാക്കളും ഏറ്റെടുത്തു. ഇതോടെ സൈബർ സ്‌പെയ്‌സിൽ കടന്നാക്രമണമായി. പിണറായി സർക്കാരിനെ കരിവാരി തേയ്ക്കാൻ നടക്കുന്ന സംഘപരിവാറുകാരിയാണ് അശ്വതി ജ്വാലയെന്ന് സൈബര്ഡ ആക്രമണം ഉണ്ടായി. ഇതോടെ മനസ്സിൽ പരിവാർ സ്വാധീനം ചെറുതായുണ്ടായിരുന്ന അശ്വതി പൂർണ്ണമായും പരിവാറുകാരിയായി. ഇന്ന് സംഘപരിവാർ വേദികളിലെ സജീവ സാന്നിധ്യമാണ് അവർ, മഞ്ചേശ്വരം മുതൽ പാറശ്ശാലവരെ ഇടമുറിയാതെ 26-ന് അയ്യപ്പജ്യോതി തെളിക്കാൻ കോട്ടയത്ത് ചേർന്ന ഹിന്ദു വനിതാ സംഘടനാ ഭാരവാഹികളുടെ നേതൃയോഗം തീരുമാനിക്കുമ്പോൾ മുന്നിൽ നിന്നത് അശ്വതി ജ്വാലയാണ്.

ചെന്നൈയിൽനിന്ന് ആചാരലംഘനത്തിന് ശബരിമലയിലെത്തുമെന്ന് പ്രഖ്യാപിച്ച യുവതികളുടെ സംഘത്തെ കോട്ടയം റെയിൽവേസ്റ്റഷനിൽ തടയുമെന്ന് നേതാക്കൾ അറിയിച്ചു. 70-ലേറെ വനിതാ സംഘടനാ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിലെ പ്രധാന മുഖമായിരുന്നു അശ്വതി ജ്വാല. അയ്യപ്പജ്യോതിയുടെ വിജയത്തിനായി വനിതാ കൂട്ടായ്മ, ഗൃഹസമ്പർക്കം, കുടുംബയോഗം എന്നിവ നടത്തുമ്പോൾ അശ്വതി ജ്വാല മുന്നിൽ നിൽക്കും. അയ്യപ്പഭക്തർക്കുണ്ടായ മുറിവുണക്കാൻ വനിതാ മതിലിന് കഴിയില്ലെന്നും കാപട്യത്തിന്റെ മതിലാണ് കെട്ടിപ്പൊക്കുന്നതെന്നും അശ്വതി ജ്വാല പറയുന്നു. ഹിന്ദുവനിതാ നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്തതും അശ്വതിയാണ്. ജനാധിപത്യ സർക്കാർ വിശ്വാസികളുടെ വികാരം മാനിക്കണം. കോടതിവിധി വന്ന ഉടനെ വിശ്വാസികളുമായി സംവദിക്കാൻ സർക്കാർ തയ്യാറാകണമായിരുന്നു. ശബരിമലയിൽ സ്ത്രീ വിവേചനമില്ലെന്നും വിശ്വാസികളും അവിശ്വാസികളും തമ്മിൽ വേർതിരിവ് സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുന്നത് ശരിയല്ലെന്നും അശ്വതി ജ്വാല പറഞ്ഞു.

അങ്ങനെ പരിവാരുടെ കണ്ണിലുള്ളിയായി അശ്വതി മാറുകയാണ്. പൊതു പ്രവർത്തന രംഗത്തുള്ള ആര് പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ ശബ്ദിച്ചാലും അവരെ സംഘിയാക്കുന്നതാണ് സൈബർ സഖാക്കളുടെ രീതി. വനിതാ മതിലിനെ എതിർത്തവരെല്ലാം സിപിഎമ്മിന്റെ സൈബർ പോരാളികൾക്ക് സംഘികളാണ്. ജോയി മാത്യു അടക്കമുള്ളവർ ഇന്ന് സംഘികളുടെ പട്ടികയിലാണ്. സംഘാടനത്തിലെ പുരുഷ മേധാവിത്വത്തിനെ എതിർത്തവും ശത്രുപക്ഷത്തായി. നല്ല വിമർശനം ഉയർത്തുന്നവരേയും ശത്രുവായി കാണുന്ന സൈബർ സഖാക്കളാണ് അശ്വതി ജ്വാലയേയും പരിവാറുകാർക്ക് വിട്ടു കൊടുത്തത്.

ലിഗയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസിനെയും സർക്കാരിനെയും വിമർശിച്ച അശ്വതിക്കെതിരെ അപ്പോൾ മുതൽ പലഭാഗത്തു നിന്നും ഭീഷണികൾ ഉയർന്നിരുന്നു. ലിഗയെ കാണാതായപ്പോൾ അവരുടെ ഭർത്താവ് ആൻഡ്രുവും പല സ്ഥലങ്ങളിലും തിരഞ്ഞു. അപ്പോഴാണ് തെരുവോരത്തു ഭക്ഷണം നൽകുന്ന അശ്വതിയോടു ചോദിക്കാൻ ആരോ നിർദ്ദേശിച്ചത്. ലിഗയുടെ സഹോദരി ഇലീസും ആൻഡ്രുവും സമീപിച്ചപ്പോൾ അശ്വതി സംഭവത്തിൽ ഇടപെടുകയായിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചതും ഡിജിപി ലോക്നാഥ് ബെഹ്റയെ കണ്ടതും. രണ്ടിടത്തുനിന്നും മോശം അനുഭവമാണുണ്ടായെന്നാണ് അശ്വതി വെളിപ്പെടുത്തിയത്. ഇതാണ് വിനയായത്. ഇതോടെ അശ്വതിയെ സൈബർ പോരാളികൾ പിണറായിയ്‌ക്കെതിരെ ചരട് വലിക്കുന്ന സംഘിയാക്കി മാറ്റി. അങ്ങനെ അയ്യപ്പ ജ്യോതിക്കാർക്ക് നല്ലൊരു മുന്നണി പോരാളിയേയും കിട്ടി.

കലിയുഗത്തിൽ നാമജപത്തിനാണ് കരുത്ത്

ഭക്ഷണം എടുത്തതിന് കൊലചെയ്യപ്പെട്ട വനവാസി മധു വിനേയും സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളിൽ നിരാലംബരാകുന്ന കുടുംബങ്ങളേയും കണ്ണീരോ കാണാതെ കെട്ടിപ്പൊക്കുന്ന വനിതാ മതിൽ കാപട്യത്തിന്റേതാണെന്ന് അശ്വതി ജ്വാല പറയുന്നു. കലിയുഗത്തിൽ നാമജപത്തിനാണ് കരുത്ത്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ ലോകത്ത് എല്ലാ സ്ഥലത്തും നാമജപം നടക്കുകയാണ്. ആത്മീയകേന്ദ്രമായ ശബരിമലയെ അശാന്തമാക്കാനാണ് ശ്രമിക്കുന്നത്. അയ്യപ്പഭക്തർക്കുണ്ടായ മുറിവ് ഉണക്കാൻ വനിതാ മതിലിന് കഴിയില്ല. വിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു.

ജനാധിപത്യ സർക്കാർ വിശ്വാസികളുടെ വികാരം മാനിക്കണം. കോടതി വിധി വന്ന ഉടനെ വിശ്വാസികളുമായി സംവദിക്കാൻ സർക്കാർ തയാറാകണമായിരുന്നു. വിശ്വാസികളും അവിശ്വാസികളും തമ്മിൽ വേർതിരിവ് സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുന്നത് ശരിയല്ല. ശബരിമലയിൽ സ്ത്രീ വിവേചനമില്ല. സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രശ്നമല്ല. അങ്ങനെയെങ്കിൽ സംസ്ഥാനത്ത് ഒരു വനിതാ മുഖ്യമന്ത്രി എന്തുകൊണ്ട് ഉണ്ടായില്ല. പരാതിയുണ്ടെങ്കിൽ പാർട്ടിയെ സമീപിക്കാൻ ആഹ്വാനം ചെയ്യുന്ന വനിതാ കമ്മീഷൻ അധ്യക്ഷയാണ് സംസ്ഥാനത്തുള്ളതെന്നും അശ്വതി ജ്വാല പറഞ്ഞു.

വിശ്വാസികൾ ആത്മസംയമനം പാലിച്ചാണ് സനാതനധർമം സംരക്ഷിക്കാൻ രംഗത്തിറങ്ങിയത്. വിശ്വാസം സംരക്ഷിക്കാൻ വിശ്വാസികളോട് ഒപ്പം രാഷ്ട്രീയ പാർട്ടികൾ നിൽക്കുന്നതിൽ തെറ്റില്ല. മതിലുകൾ തകർക്കുകയാണ് വേണ്ടതെന്നും, മതിൽ കെട്ടുന്നവർക്ക് ഇരട്ടത്താപ്പാണെന്നും അശ്വതി ജ്വാല പറഞ്ഞു.

പൊതിച്ചോറിൽ തുടങ്ങിയ നവോത്ഥാനം

തെരുവിൽ അലയുന്നവർക്ക് വേണ്ടി ഒരു പുനരധിവാസ കേന്ദ്രമാണ് അശ്വതി നേതൃത്വം കൊടുക്കുന്ന ജ്വാല ഫൗണ്ടേഷന്റെ ലക്ഷ്യം. തെരുവിൽ കഴിയുന്ന വയോധികർക്കും അംഗ വൈകല്യമുള്ളവർക്കും ഒരു പുനരധിവാസ കേന്ദ്ര എന്നതാണ് അശ്വതി പ്രധാനമായും ലക്ഷ്യമിടുന്നത്. ദിവസവും 150 പൊതിച്ചോറുകളാണ് തെരുവിലെ ആളുകൾക്ക് വിശപ്പടക്കാൻ വേണ്ടി നല്കുന്നത്. ഇതിന് പുറമേയാണ് ജ്വാലയുടെ പെട്ടിക്കട സംരംഭവും അംഗീകരിക്കപ്പെട്ടത്. തെരുവിൽ അലയുന്നവരുടെ നവോത്ഥാനമാണ് അശ്വതിയുടെ ലക്ഷ്യം. ഇത്തരത്തിൽ ഇടപെടൽ നടത്തുന്ന സാമൂഹിക പ്രവർത്തകയാണ് വനിതാ മതിലിന്റെ ചർച്ചാ കാലത്ത് അതിനെതിരെ നിലപാടുമായി മുന്നോട്ട് പോകുന്നത്.

അംഗവൈകല്യമുള്ള അനാഥർക്ക് ഒരു പെട്ടിക്കട, അന്ധരായവർക്ക്, ലോട്ടറി വിൽപ്പന, അംഗവൈകല്യമുള്ളവർക്ക് വീൽ ചെയർ തുടങ്ങിയ സേവന പ്രവർത്തനങ്ങളിലെല്ലാം മുന്നിലാണ് അശ്വതി. ജ്വാലയുടെ കാരുണ്യവും കാത്ത് മാത്രം തെരുവിൽ ജീവിക്കുന്ന ഒരുപിടി മാന്വഷ്യർ ഉണ്ട്. വർഷങ്ങളായി അനാഥരാക്കപ്പെട്ടവർക്ക് ഇങ്ങനെയൊരു സ്ഥാപനത്തെ കുറിച്ച് പ്രതീക്ഷകൾ മാത്രമാണ് നൽകാൻ കഴിഞ്ഞത്. 2013ലാണ് ജ്വാല ഫൗണ്ടേഷൻ രൂപീകരിക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിലെ ശോചനീയ അവസ്ഥയെക്കുറിച്ചു ധാരാളം വാർത്തകൾ അപ്പോൾ മാധ്യമങ്ങളിൽ വരാളുള്ല സമരയത്ത് ആരോരുമില്ലാത്ത അനാഥരായ രോഗികൾ മാത്രം കിടക്കുന്ന ഒമ്പതാം വാർഡിൽ ഭക്ഷണം എത്തിക്കുകയാണെങ്കിൽ അത് രോഗികൾക്കു വലിയ ആശ്വാസമാകും. ഇങ്ങനെയാണ് വീട്ടിൽ നിന്നും പൊതിച്ചോർ തയ്യാറാക്കി ജനറൽ ആശുപത്രിയിൽ എത്തിയത്.

ദിവസവും പത്തു പേർക്കെന്ന കണക്കിലായിരുന്നു ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നത്. പിന്നീട് പൊതിച്ചോറുകളുടെ എണ്ണവും കൂടി. ഇതിനിടെ പേരൂർക്കട മാനസിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് ജ്വാല ഫൗണ്ടേഷൻ എന്ന സംഘടന രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി സഹകരിച്ചുകൊണ്ട് മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിച്ചിരുന്നു. മാനസിക രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാൻ വേണ്ടി ലോട്ടറിടിക്കറ്റ് എടുത്തു കൊടുക്കുന്ന ശ്രമവും പെട്ടിക്കട സംരംഭവും ജ്വാല ഫൗണ്ടേഷൻ നടത്തിവരുന്നുണ്ടായിരുന്നു. അടുത്തിടെ ജ്വാല ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ ഒരുക്കിയ പെട്ടിക്കടകൾ പൊളിച്ചു നീക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതും വിവാദമായിരുന്നു. വികലാംഗരായവർക്കും തെരുവിൽ ഒറ്റപെടുന്നവർക്കും വേണ്ടി ജ്വാല ഒരുക്കിയ ചലിക്കുന്ന പെട്ടിക്കടകളാണ് എടുത്തു മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ഈ നീക്കം ഉപേക്ഷിച്ചു. അപ്പോഴും അവരുടെ പുനരധിവാസത്തിന് അശ്വതി മുന്നിൽ നിന്നു.

തെരുവിലുള്ളവരുടെ കാണപ്പെട്ട ദൈവം

വികസനം വന്നുവെന്ന് പറയുമ്പോഴും ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ സാധിക്കാതെ തെരുവിൽ കഴിയുന്നവർ നിരവധിയാണ്. വിശക്കുന്നവ് അന്നം നൽകുകയാണ് ജീവിതത്തിലെ ഏറ്റവും നല്ലപ്രവൃത്തി. ആ അർത്ഥത്തിൽ തെരുവിലുള്ളവരുടെ കാണപ്പെട്ട ദൈവമാണ് അശ്വതി. തിരുവനന്തപുരം നഗരത്തിലെ തെരുവോരങ്ങളിൽ അലയുന്നവർക്ക് വർഷങ്ങളായി പൊതിച്ചോർ എത്തിക്കുന്ന പെൺകുട്ടിയായിരുന്നു അശ്വതി. അമ്മ കൊണ്ടുവരുന്ന ചോറും കാത്തിരുന്ന് പട്ടിണികൊണ്ട് വലഞ്ഞ ബാല്യം പിന്നിട്ട ആ ഓർമ്മകളിൽ നിന്നാണ് ഇന്നത്തെ തെരുവിൽ പിറന്നവരുടെ അത്താണിയായ അശ്വതിയുടെ ജനനം. മെഡിക്കൽ റെപ്പ് ജോലിയും എൽ.എൽ.ബി പഠനവും ഒരുമിച്ച് കൊണ്ടു പോയ കാലത്ത് തുടങ്ങിയതാണ് അശ്വതിയുടെ ഈ ദൗത്യം.

വീട്ടിൽ അമ്മ ഉണ്ടാക്കുന്ന ഉച്ചഭക്ഷണം പൊതിഞ്ഞ് തെരുവിലേക്കിറങ്ങി ആദ്യം കണ്ട 20 പേർക്ക് നൽകിയപ്പോൾ കിട്ടിയ മനഃനിർവൃതി മറ്റൊരിടത്തുനിന്നും കിട്ടിയിട്ടില്ലെന്ന് അശ്വതി പറയുന്നു. പിന്നെപ്പിന്നെ ചോറു പൊതികളുടെ എണ്ണം കൂടുകയായിരുന്നു. ഇപ്പോഴത് നൂറിലെത്തി നിൽക്കുന്നു. അനാഥരും അശരണരുമായി തെരുവോരങ്ങളിലലഞ്ഞു നടക്കുന്നവർക്ക് ഭക്ഷണം നൽകിയും അവരെ പരിചരിച്ചും അശരണകേന്ദ്രങ്ങളിലേക്കെത്തിച്ചും ജീവിതത്തിന്റെ നല്ലൊരു ഭാഗം അവർക്കായി മാറ്റിവെക്കുകയാണ് അശ്വതി. സ്വന്തമായി തുടങ്ങിയ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പിന്നീട് ജ്വാലയെന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. 25 പേർക്കായി പൊതിച്ചോറിനൊപ്പം സ്‌നേഹവും വിളമ്പുന്ന അശ്വതി സന്നദ്ധ പ്രവർത്തനങ്ങൾക്കായാണ് ഈ സംഘടന തുടങ്ങിയത്. തെരുവോരങ്ങളിൽ അലഞ്ഞും അസുഖത്താൽ വലഞ്ഞും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന മനുഷ്യർക്കിടയിലേക്ക് സ്‌നേഹസ്പർശവുമായി എത്തുന്ന അശ്വതിക്ക് വേദനിപ്പിക്കുന്നനുഭവങ്ങൾ ഒട്ടേറെയുണ്ട്.

ലോ കോളേജ് വിദ്യാർത്ഥിയായിരിക്കെ അശ്വതി ജോലിയും പംനവും ഒരുമിച്ച് കൊണ്ടുപോകുന്ന സാധാരണക്കാരിയായ പെൺക്കുട്ടിയായിരുന്നു. പൊതു സമൂഹത്തിലേക്ക് കുത്തിവെക്കുന്ന തെറ്റായ ധാരണകൾക്ക് പലപ്പോഴും അശ്വതിയും ഇരയായിട്ടുണ്ട്.സാധാരണക്കാരായ മനുഷ്യർക്ക് സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുവാനോ സഹായിക്കാനോ ഉള്ള അവകാശങ്ങളില്ലെന്ന ധാരണകളാണുള്ളതെന്നും അശ്വതി വ്യക്തമാക്കുന്നു. പ്രതീക്ഷകളോടെ ജീവിതത്തിൽ മുന്നേറുവാനുള്ള അശ്വതിയുടെ ആത്മവിശ്വാസത്തിന്റെ രഹസ്യം അമ്മയുടെയും സഹോദരിയുടെയും പൂർണ്ണ പിന്തുണയാണെന്നുണ് അശ്വതി പറയുന്നത്. കുട്ടിക്കാലത്ത് തന്നെ അച്ഛൻ ഉപേക്ഷിച്ചു പോയ മൂന്ന് മക്കളെ വീട്ടു ജോലി ചെയ്താണ് അമ്മ വളർത്തിയത്. മൂന്ന് പേരും മിടുക്കിയായിരുന്നുവെങ്കിലും നടുക്കുള്ള അശ്വതിയായിരുന്നു പഠനത്തിൽ കൂടതൽ താൽപ്പര്യം കാട്ടിയത്. പട്ടിണിയെ പഠനം കൊണ്ടാണ് തോൽപ്പിച്ചത്.

2015ൽ സംസ്ഥാന സർക്കാരിന്റെ യൂത്ത് ഐക്കൺ പുരസ്‌കാരം നേടിയ അശ്വതിയുടെ ജ്വാല ഫൗണ്ടേഷനിൽ സഹകരിക്കുന്നവർ ഇന്ന് ഏറെയാണ്. ഭർത്താവ് ഇലക്ട്രീഷ്യനായ മനോജും അശ്വതിക്കൊപ്പം സേവനരംഗത്തുണ്ട്.