തിരുവനന്തപുരം: വിദേശത്ത് നിന്നും ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലിഗ സ്‌ക്രോമാനെ കാണാതാവുകയും പിന്നീട് അവർക്ക് ഇവിടെ വെച്ച് അപകട മരണ സംഭവിച്ചതും കാരണം കേരളം ഓരോ ദിവസവും അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇങ്ങ് കേരളത്തിൽ ചികിത്സയ്ക്ക് വന്ന ആൾക്ക് സുരക്ഷ ഒരുക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല അവരെ സഹായിക്കാനൊരുങ്ങി മുന്നോട്ട് വന്നവർക്കെതിരെ കേസെടുക്കകയും മാനസിക സംഘർഷത്തിനിരയാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് അരങ്ങേറുന്നതും. ഈ വിഷയത്തിൽ കനത്ത മാനസിക സംഘർഷത്തിനിരയായത് സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയാണ്.അവരുടെ ഓഫീസിലും ബന്ധുക്കൾക്കിടയിലും പൊലീസ് നടത്തിയ അന്വേഷണം ഒരു കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുന്നതിന് സമാനമായിരുന്നു.

പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നുണ്ട്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് അശ്വതി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു വേട്ടയാടലിന് ഇരയാകുന്ന അവർക്ക് വലിയ തോതിലെ പിന്തുണയാണ് പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്നതും. കാണാതായ വിദേശ വനിതയെ അന്വേഷിച്ചിറങ്ങയതിനെകുറിച്ചും ബന്ധുക്കളെ സഹായിച്ചതിനേയും ഇപ്പോൾ കേസിലെത്തിപെട്ട നിൽകുന്നതിനേയും കുറിച്ച് അശ്വതി ജ്വാല മറുനാടനോട് വിശദമായി സംസാരിക്കുകയും ചെയ്തു.

  •  ലിഗയുടെ ബന്ധുക്കളെ സഹായിക്കാനായി മുന്നിട്ടറങ്ങിയതിനെ തുടർന്ന് ഇപ്പോൾ ഉണ്ടായ കേസിനെ കുറിച്ച്

കാണാതായ വനിതയെ കണ്ടെത്താൻ അവരുടെ ബന്ധുക്കളെ സഹായിച്ചതിനെ തുടർന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്ന ആരോപണം ഞാൻ പണം പിരിച്ചു എന്നതാണ്. ഇത് ഒരു കള്ളക്കേസാണ്. ഒരു തരത്തിലുള്ള പിരിവും ഇതിൽ നടന്നിട്ടില്ല. ലിഗയെ അന്വേഷിച്ച് ബന്ധുക്കൾക്കൊപ്പം നടക്കുമ്പോൾ അനുഭിക്കേണ്ടി വന്നത് വലിയ ബുദ്ധിമുട്ടുകളാണ്. എന്നാലും അതൊന്നും വകവയ്ക്കാതെ അവരെ സഹായിക്കുകയാണ് ചെയ്തത്. ഞാൻ പണ പിരിവ് നടത്തി എന്ന് ആരോപിക്കുന്ന ആളെ എനിക്ക് അറിയുക പോലും ഇല്ല. വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ നടന്നത്. എന്നാൽ അതിലും എത്രയോ ഇരട്ടി പിന്തുണയാണ് കിട്ടയത്. അതിൽ മലയാളികളോട് എത്ര നന്ദി പറഞ്ഞാലും മനസ്സിലാകില്ല.

  • ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന ഘട്ടം പോലും ഉണ്ടായല്ലോ. മാനസികമായി ഉണ്ടായ സംഘർഷം?

കനത്ത മാനസിക വിഷമമാണ് ഈ വിഷയത്തിൽ ഉണ്ടായത്. അതിന്റെ അളവും തീവ്രതയും ഒന്നും പറഞ്ഞ് അറിയിക്കാൻ പറ്റില്ല. ബിപി ലോ ആയതിനെ തുടർന്നാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. അന്ന് തന്നെ ഡിസ് ചാർജ് ആവുകയും ചെയ്തു. ചില ഭാഗത്ത് നിന്നു ഉണ്ടായ സൈബർ ആക്രമങ്ങൾ മനസ്സി്െ ആദ്യമൊക്കെ വിഷമത്തിലാക്കി. ഒരു നല്ല കാര്യം ചെയ്യാൻ ഇറങ്ങിയിട്ട് ഇതാണല്ലോ ഫലം എന്ന വിഷമമാണ്. ഇത്തരം അനുഭവങ്ങളാണ് നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് ഉണ്ടാവുന്നതെങ്കിൽ ഇനി ആരെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ മുന്നോട്ട് വരുമോ. അപ്പോൾ സമൂഹത്തിലെ മുഴുവൻ നന്മയും ഇല്ലാതാകട്ടെ എന്നാണോ?

  •  പൊലീസ് അന്വേഷണത്തെക്കുറിച്ച്

ഇഔ വിഷയത്തിൽ പരാതി നൽകിയത് ആരാണെന്ന് അറിയില്ല. പരാതി നൽകിയ ആളുടെലക്ഷ്യവും അറിയില്ല. പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് വലിയ എന്തോ തെറ്റ് ചെയ്തവർക്ക് നേരെയുള്ള അന്വേഷണം പോലെയാണ്. ജ്വാലയുടെ ാൊഫീസിൽ പൊലീസുകാർ വരുന്നു കണക്കുകൾ പരിശോധിക്കുന്നു. ഫയലുകൾ നോക്കുന്നു. ഭർത്താവിനെ കുറിച്ച് അന്വേഷിക്കുന്നു. ഒരു പരിചയവുമില്ലാത്തവർ ജ്വാലയുടെ ഓഫീസിന് മുന്നിൽ കേന്ദ്രീകരിക്കുന്നു. ഇതൊക്കെ വല്ലാത്ത ഭയമാണ് മനസ്സിലണ്ടാക്കിയത്. എല്ലാം ഒരു നല്ല കാര്യം ചെയ്തതിന്റെ ഫലമാണല്ലോ എന്നതാണ് കൂടുതൽ സങ്കടം ഉണ്ടാക്കിയത്. ഞാൻ വളരെ സാധാപരണ കുടുംബത്തിൽ നിന്നാണ് വരുന്നത് അതച് കൊണ്ട് തന്നെ ഇത്തരം സംഭവങ്ങളൊക്കെ ഞെട്ടലുണ്ടാക്കും. പക്ഷേ ഇതൊന്നും കൊണ്ട് പൊതു പ്രവർത്തനമോ ജ്വാലയുടെ പ്രവർത്തനങ്ങളോ അവസാനിപ്പിക്കാൻ ഉദ്ധേശമില്ല. അത് ഇനിയും തുടരും.

  •  ലിഗയുടെ ബന്ധുക്കളിലേക്ക് എത്തിയത് എങ്ങനെയായിരുന്നു

തെരുവുകളിൽ അലഞ്ഞ് നടക്കുന്നവരെ പുനരധിവസിപ്പിക്കുന്ന സംഘടനയാണ് ജ്വാല. വിദേശ വനിതയെ കാണാനില്ലെന്നും ബന്ധുക്കൾ നാടു നീളെ പോസ്റ്റർ ഒട്ടിച്ച് നടക്കുന്നുവെന്നും അറിഞ്ഞപ്പോൾ ആണ് അവരെ സഹായിക്കാൻ മുന്നോട്ട് വന്നത്. ലിഗയുടെ സഹോദരി ഇലീസ്, ഭർത്താവ് ആൻഡ്രു ജോണാഥൻ എന്നിവരുമായി സംസാരിച്ചപ്പോഴാണ് വിഷയത്തെ കുറിച്ച് വിശദമായി അറിയുന്നതും. നമ്മുടെ നാട്ടിൽ വെച്ച് ഇത്തരം ഒരു അപകടം ഉണ്ടാകുന്നത് രാജ്യത്തിന് തന്നെ നാണക്കേടാകുമല്ലോ എന്നാണ് കരുതിയത്. അവരെ സഹായിക്കാനും ലിഗയെ അന്വേഷിക്കാനുമുള്ള യാത്രകൾ പലപ്പോഴും പാതിരാത്രിയിലാണ് അവസാനിച്ചിട്ടുള്ളത്. ആൻഡ്രുവിന്റെ സങ്കടം പലപ്പോഴും മനസ്സിനെ വല്ലാതെ പിടിച്ച് കുലുക്കിയിരുന്നു. ഭക്ഷണം പോലും സമയത്ത് കഴിക്കാതെ അന്വേഷണം നീണ്ട് പോയിരുന്നു.

നാട് നീളെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവരെ സഹായിക്കുകയാണ് കഴിഞ്ഞ അഞ്ച് വർഷമായി ജ്വാല എന്ന സംഘടന ചെയ്ത് വരുന്നത്. സമാനമായി ഒരു വിദേശ വനിത അങ്ങനെ നടക്കുന്നുണ്ടോ എന്ന ചിന്തയാണ് ലിഗയെ തേടി ബന്ധുക്കൾ അലയുന്നു എന്നറിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഇറങ്ങി തിരിച്ചതിന് പിന്നിലെന്നും അശ്വതി പറയുന്നു. ഇത്തരത്തിൽ സഹായിക്കാനായി മുന്നിട്ടിറങ്ങുന്നവർക്ക് ഇതാണ് അവസ്ഥയെങ്കിൽ ഇത് പോലെയുള്ള സാഹചര്യത്തിൽ ഇനി ആരെങ്കിലും സഹായിക്കാൻ മുന്നോട്ട് വരുമോ എന്നും അവർ ചോദിക്കുന്നു. ആരോപണങ്ങളെയും അന്വേഷണങ്ങളേയും ഒക്കെ നിയമപരമായി തന്നെ നേരിടും. ഈ ആരോപണത്തിലൊന്നും ജ്വാല കെട്ട് പോകില്ലെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

അശ്വതിയുടെ അമ്മ തട്ടുകട നടത്തിയാണ് ഇന്നും ജീവിക്കുന്നത്. പണം വാങ്ങിയുള്ള പൊതു പ്രവർത്തനമല്ല നടത്തുന്നതെന്നും അശ്വതി ഉറപ്പിച്ചു പറയുന്നു. അധികാര വർഗ്ഗത്തിനെതിരെ പറഞ്ഞതിന്റെ പേരിൽ തന്നെ ജയിലിലടയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്, സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയുടെ വാക്കുകളാണിത്. ഇത് സത്യമാണെന്ന് തിരുവനന്തപുരത്തെ പൊന്നറ സ്‌കൂളിന് മുമ്പിൽ പോയാൽ മനസ്സിലാകും. അവിടെ അശ്വതിയുടെ അമ്മ വിജയകുമാരി തട്ടുകട നടത്തുന്നത് ഇന്നും കാണാം.

തിരുവനന്തപുരം നഗരത്തിലെ തെരുവോരങ്ങളിൽ അലയുന്നവർക്ക് വർഷങ്ങളായി പൊതിച്ചോർ എത്തിക്കുന്ന പെൺകുട്ടിയാണ് അശ്വതി. ഈ അശ്വതിയാണ് ഇപ്പോൾ വിവാദങ്ങളിലേക്ക് പറിച്ചു നടപ്പെടുന്ന അശ്വതി ജ്വാല. അമ്മ കൊണ്ടുവരുന്ന ചോറും കാത്തിരുന്ന് പട്ടിണികൊണ്ട് വലഞ്ഞ ബാല്യം പിന്നിട്ട ആ ഓർമ്മകളിൽ നിന്നാണ് ഇന്നത്തെ തെരുവിൽ പിറന്നവരുടെ അത്താണിയായ അശ്വതിയുടെ ജനനം. മെഡിക്കൽ റെപ്പ് ജോലിയും എൽ.എൽ.ബി പഠനവും ഒരുമിച്ച് കൊണ്ടു പോയ കാലത്ത് തുടങ്ങിയതാണ് അശ്വതിയുടെ ഈ ദൗത്യം.

വീട്ടിൽ അമ്മ ഉണ്ടാക്കുന്ന ഉച്ചഭക്ഷണം പൊതിഞ്ഞ് തെരുവിലേക്കിറങ്ങി ആദ്യം കണ്ട 20 പേർക്ക് നൽകിയപ്പോൾ കിട്ടിയ മനഃനിർവൃതി മറ്റൊരിടത്തുനിന്നും കിട്ടിയിട്ടില്ലെന്ന് അശ്വതി പറയുന്നു. പിന്നെപ്പിന്നെ ചോറു പൊതികളുടെ എണ്ണം കൂടുകയായിരുന്നു. ഇപ്പോഴത് നൂറിലെത്തി നിൽക്കുന്നു. സ്വന്തമായി തുടങ്ങിയ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പിന്നീട് ജ്വാലയെന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. 25 പേർക്കായി പൊതിച്ചോറിനൊപ്പം സ്‌നേഹവും വിളമ്പുന്ന അശ്വതി സന്നദ്ധ പ്രവർത്തനങ്ങൾക്കായാണ് ഈ സംഘടന തുടങ്ങിയത്.

തെരുവോരങ്ങളിൽ അലഞ്ഞും അസുഖത്താൽ വലഞ്ഞും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന മനുഷ്യർക്കിടയിലേക്ക് സ്‌നേഹസ്പർശവുമായി എത്തുന്ന അശ്വതിക്ക് വേദനിപ്പിക്കുന്നനുഭവങ്ങൾ ഒട്ടേറെയുണ്ട്. സമൂഹത്തിന്റെ അവഗണനയ്ക്കു പുറമേ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് ഏറെ വേദനിപ്പിക്കുന്നതെന്ന് അശ്വതി പറയുന്നു. തിരുവനന്തപുരത്തെ സർക്കാർ ആശുപത്രിയിൽ അശരണരായ രോഗികൾക്ക് ഒരുനേരത്തെ ആഹാരം കൊടുക്കാൻ വേണ്ടി ചെന്നപ്പോൾ അധികൃതരിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമായ പരിഹാസങ്ങളും ഉപദേശവുമാണ്. മനുഷ്യവകാശ കമ്മീഷൻ പരാതി കൊടുത്തു അങ്ങനെ പലതിനും പരിഹാരവുമായി.

ലോ കോളേജ് വിദ്യാർത്ഥിയായിരിക്കെ അശ്വതി ജോലിയും പംനവും ഒരുമിച്ച് കൊണ്ടുപോകുന്ന സാധാരണക്കാരിയായ പെൺക്കുട്ടിയായിരുന്നു. പൊതു സമൂഹത്തിലേക്ക് കുത്തിവെക്കുന്ന തെറ്റായ ധാരണകൾക്ക് പലപ്പോഴും അശ്വതിയും ഇരയായിട്ടുണ്ട്.സാധാരണക്കാരായ മനുഷ്യർക്ക് സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുവാനോ സഹായിക്കാനോ ഉള്ള അവകാശങ്ങളില്ലെന്ന ധാരണകളാണുള്ളതെന്നും അശ്വതി വ്യക്തമാക്കുന്നു. പ്രതീക്ഷകളോടെ ജീവിതത്തിൽ മുന്നേറുവാനുള്ള അശ്വതിയുടെ ആത്മവിശ്വാസത്തിന്റെ രഹസ്യം അമ്മയുടെയും സഹോദരിയുടെയും പൂർണ്ണ പിന്തുണയാണെന്നുണ് അശ്വതി പറയുന്നത്.

കുട്ടിക്കാലത്ത് തന്നെ അച്ഛൻ ഉപേക്ഷിച്ചു പോയ മൂന്ന് മക്കളെ വീട്ടു ജോലി ചെയ്താണ് അമ്മ വളർത്തിയത്. മൂന്ന് പേരും മിടുക്കിയായിരുന്നുവെങ്കിലും നടുക്കുള്ള അശ്വതിയായിരുന്നു പഠനത്തിൽ കൂടതൽ താൽപ്പര്യം കാട്ടിയത്. പട്ടിണിയെ പഠനം കൊണ്ടാണ് തോൽപ്പിച്ചത്. സാമൂഹിക പ്രവർത്തകയായപ്പോഴും കോടികളുടെ സമ്പാദ്യം അശ്വതിക്കില്ല. ഇപ്പോൾ അമ്മ മുട്ടത്തറ പൊന്നറ നഗറിൽ തട്ടുകട നടത്തുന്നു. ഇവിടെ നിന്ന് കിട്ടുന്ന വരുമാനവും ജ്വാലയ്ക്കായി മാറ്റി വയ്ക്കുന്നു.

2015ൽ സംസ്ഥാന സർക്കാരിന്റെ യൂത്ത് ഐക്കൺ പുരസ്‌കാരം നേടിയ അശ്വതി സാമൂഹികസേവന രംഗത്തെത്തിയിട്ടു പതിറ്റാണ്ടു കഴിഞ്ഞു. വീട്ടുജോലി ചെയ്യുന്ന അമ്മയുടെ തുച്ഛ വരുമാനത്തിലാണ് അശ്വതിയും വർക്ഷോപ്പ് നടത്തുന്ന ജ്യേഷ്ഠൻ രാജേഷും മെഡിക്കൽ റെപ്രസന്റേറ്റീവായ അനുജത്തി രേവതിയും പഠിച്ചത്. ജനറൽ ആശുപത്രിയിൽ നിർധന രോഗികൾക്കു ശനിയാഴ്ച ഭക്ഷണം കൊടുക്കുന്ന കാര്യമറിഞ്ഞ് പൊതിച്ചോറുമായി അതിൽ പങ്കുചേരാൻ അശ്വതിയെത്തി. പക്ഷേ, അധികൃതർ അതു നൽകാൻ അനുവദിച്ചില്ല. അപ്പോഴാണ് തെരുവിൽ അലയുന്നവരുടെ അടുത്തേക്കു പൊതിച്ചോറുമായി അശ്വതിയെത്തുന്നത്. അതാണ് ജ്വാല ഫൗണ്ടേഷനായി മാറിയത്.

ജ്വാല ഫൗണ്ടേഷനിൽ മുപ്പതോളം സന്നദ്ധപ്രവർത്തകരുണ്ട്. ഭർത്താവ് ഇലക്ട്രീഷ്യനായ മനോജും അശ്വതിക്കൊപ്പം സേവനരംഗത്തുണ്ട്. ലിഗയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസിനെയും സർക്കാരിനെയും വിമർശിച്ച അശ്വതിക്കെതിരെ അപ്പോൾ മുതൽ പലഭാഗത്തു നിന്നും ഭീഷണികൾ ഉയർന്നിരുന്നു. ലിഗയെ കാണാതായപ്പോൾ അവരുടെ ഭർത്താവ് ആൻഡ്രുവും പല സ്ഥലങ്ങളിലും തിരഞ്ഞു. അപ്പോഴാണ് തെരുവോരത്തു ഭക്ഷണം നൽകുന്ന അശ്വതിയോടു ചോദിക്കാൻ ആരോ നിർദ്ദേശിച്ചത്. ലിഗയുടെ സഹോദരി ഇലീസും ആൻഡ്രുവും സമീപിച്ചപ്പോൾ അശ്വതി സംഭവത്തിൽ ഇടപെടുകയായിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചതും ഡിജിപി ലോക്നാഥ് ബെഹ്റയെ കണ്ടതും. രണ്ടിടത്തുനിന്നും മോശം അനുഭവമാണുണ്ടായെന്നാണ് അശ്വതി വെളിപ്പെടുത്തിയത്. ഇതാണ് വിനയായത്.

ലിഗയുടെ അന്വേഷണത്തിന് പലപ്പോഴും സ്വന്തം കൈയിൽ നിന്നുള്ള പണമെടുത്താണു ചെലവാക്കിയത്. കേസിനെ നിയമപരമായി നേരിടും. ആൻഡ്രൂസിന്റെയും ഇലീസിന്റെയും ഹൃദയവേദനയിൽ പങ്കു ചേർന്നാണ് അവർക്കൊപ്പം തിരച്ചിലിനിറങ്ങിയത്. പലപ്പോഴും രാത്രി പന്ത്രണ്ടു മണിവരെ തിരച്ചിൽ നീളും. കാറിന്റെ പെട്രോളും ഭക്ഷണവും പോലും തങ്ങളുടെ പോക്കറ്റിൽ നിന്നാണു ചെലവാക്കിയത്. ഇത്തരത്തിലാണെങ്കിൽ നാളെ ഒരു സ്ത്രീയെ ഇതുപോലെ ഒറ്റപ്പെട്ടു കാണാതായാൽ ആരും അന്വേഷണത്തിന് ഇറങ്ങുമെന്നു തോന്നുന്നില്ല. കേസിനോടൊപ്പം ഇലീസ നിൽക്കുന്ന കാലത്തോളം അവർക്കൊപ്പം നിലയുറപ്പിക്കുമെന്ന് അശ്വതി പറയുന്നു.