കായംകുളം: അതിർത്തിയിലേക്കുള്ള വഴി പൊരുതി കയറി അശ്വതി. ഇനി ഈ മലയാളി പെൺകുരത്ത് അതിർത്തിരക്ഷാ സേനയുടെ ഭാഗം. കായംകുളം പെരിങ്ങാല ചേനേഴത്ത് ആർ.അശ്വതി (29) ഒന്നരമാസം മുൻപാണ് സശസ്ത്ര സീമ ബൽ (എസ്എസ്ബി) എന്ന അതിർത്തിരക്ഷാ സേനയിൽ കോൺസ്റ്റബിളായി നിയമനം നേടിയത്.

ബിഹാറിൽ ഇന്ത്യ-നേപ്പാൾ അതിർത്തി കാക്കുന്ന ജോലിയായിരുന്നു ആദ്യം. ബിഹാറിലെ കിഷൻഗഞ്ചിൽ സേനയുടെ ക്യാംപിലേക്ക് കഴിഞ്ഞ ദിവസം മാറ്റം ലഭിച്ചു. ഇതോടെ സംഘർഷം നിറഞ്ഞ അതിർത്തിയിലേക്ക് അശ്വതി എത്തും. ഇരുപതാം വയസ്സിൽ വിവാഹിതയായ അശ്വതിക്കു കുട്ടി പിറന്നതിനു പിന്നാലെ ദാമ്പത്യം പിരിയേണ്ടിവന്നു. അവിടെ നിന്നാണ് പുതിയ വഴിയിലെ യാത്ര.

പോളിടെക്‌നിക് ഡിപ്ലോമ പാസായ അശ്വതി സ്വന്തം കാലിൽ നിൽക്കാനുള്ള പോരാട്ടത്തിലായി. തുടർച്ചയായി പിഎസ്‌സി പരീക്ഷകൾ എഴുതിയെങ്കിലും ലഭിച്ചില്ല. 25ാം വയസ്സിൽ സ്റ്റാഫ് സിലക്ഷൻ കമ്മിഷന്റെ അതിർത്തി രക്ഷാസേനയിലേക്ക് അപേക്ഷിച്ചു. എഴുത്ത് പരീക്ഷ പാസായതോടെ ആത്മവിശ്വാസം വർധിച്ചു. കഠിനമായ ഓട്ടമാണ് അടുത്ത പരീക്ഷണം. 7 മിനിറ്റിനുള്ളിൽ ഒന്നരക്കിലോമീറ്റർ ഓടണം. അതിൽ വിജയിച്ച് അശ്വതിയുടെ പോരാട്ടം ലക്ഷ്യം കണ്ടെങ്കിലും കോവിഡ് കാരണം നിയമന നടപടികൾ നിർത്തിവച്ചതോടെ പിന്നെയും ആശങ്കയായി.

ഈ വർഷം ആദ്യം റാങ്ക് പ്രസിദ്ധീകരിച്ചപ്പോൾ അശ്വതിയും ലിസ്റ്റിൽ ഇടംനേടുകയായിരുന്നു. മകൻ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഖനശ്യാംദേവിനെ മാതാപിതാക്കളായ അനിൽക്കുട്ടനും രാജലക്ഷ്മിക്കുമൊപ്പം നിർത്തിയിട്ടാണ് അശ്വതി ബിഹാറിലേക്കു പോയിരിക്കുന്നത്