- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത് 40 ആഗോള ഭീമന്മാരുടെ സിഇഒമാർ; ആദ്യദിനം ശ്രദ്ധിച്ചത് ബിസിനസ് ലോകത്തിന് ധൈര്യം പകരാൻ; മാദ്ധ്യമ രാജാക്കന്മാർക്കും ബ്രാൻഡ് ഇന്ത്യയുടെ സുരക്ഷ ഉറപ്പു നൽകി; ചർച്ചകൾ എല്ലാം മേക്ക് ഇൻ ഇന്ത്യയിൽ ഊന്നി
ന്യൂയോർക്ക്: അഞ്ചുദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യദിനം ശ്രദ്ധിച്ചത് ആഗോള വ്യവസായ രംഗത്തെ ഭീമന്മാരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന്. ലോകത്തെ മറ്റു രാജ്യങ്ങളിലെല്ലാം വിദേശ നിക്ഷേപം താഴേയ്ക്ക് പോയെങ്കിലും ഇന്ത്യയിലത് 40 ശതമാനത്തോളം വർധിക്കുകയാണ് ചെയ്തതെന്ന് മോദി വ്യവസായ സംരംഭകരെ ധര
ന്യൂയോർക്ക്: അഞ്ചുദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യദിനം ശ്രദ്ധിച്ചത് ആഗോള വ്യവസായ രംഗത്തെ ഭീമന്മാരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന്. ലോകത്തെ മറ്റു രാജ്യങ്ങളിലെല്ലാം വിദേശ നിക്ഷേപം താഴേയ്ക്ക് പോയെങ്കിലും ഇന്ത്യയിലത് 40 ശതമാനത്തോളം വർധിക്കുകയാണ് ചെയ്തതെന്ന് മോദി വ്യവസായ സംരംഭകരെ ധരിപ്പിച്ചു. ജെപി മോർഗൻ മേധാവി ജാമി ഡൈമൺ, ബൽക്ക് സ്‌റ്റോണിന്റെ സ്റ്റീവ് ഷ്വാർമാൻ തുടങ്ങിയവരുമായും മോദി ചർച്ച നടത്തി.
ന്യുയോർക്കിലെ വാൽഡോർഫ് അസ്റ്റോറിയ ഹോട്ടലിൽ തന്നെ കാണാനെത്തിയ അമേരിക്കൻ ധനകാര്യ സ്ഥാപനങ്ങളുടെ മേധാവിയുമായി ചർച്ച നടത്തിയ മോദി, ഇന്ത്യ എല്ലാത്തരത്തിലുമുള്ള വിദേശ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നതായി വ്യക്തമാക്കി. വിദേശ സംരംഭകരെ വിലക്കിയിരുന്ന ചുവപ്പ് നാടയ്ക്ക് പകരം ഇപ്പോൾ നിക്ഷേപകർക്കായി ചുവപ്പ് പരവതാനി വിരിച്ചിരിക്കുകയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്കുകളിൽ സന്തുഷ്ടരാണെന്നും ഭാരതം തങ്ങൾക്ക് ആകർഷകമായ രാജ്യമായി മാറിയിട്ടുണ്ടെന്നും സിആർ ഫണ്ട് മേധാവി വിക്കി ഫുള്ളർ ചർച്ചയ്ക്കു ശേഷം പറഞ്ഞു. ഭാരത സർക്കാർ വൻപരിഷ്‌കാരങ്ങളാണ് ഏറ്റെടുത്തു നടത്തുന്നതെന്നും ചർച്ച ക്രിയാത്മകമായിരുന്നുവെന്നും ജെപി മോർഗൻ മേധാവി ജാമി ഡൈമൺ അഭിപ്രായപ്പെട്ടു.
വിദേശ നിക്ഷേപത്തിൽ 40 ശതമാനത്തിന്റെ വർധനവുണ്ടായതിന് പുറമെ, ജിഡിപി 7.3 ശതമാനം വർധിച്ചതും അദ്ദേഹം ഉയർത്തിക്കാട്ടി. മോദിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയോടെയാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികൾ ഹോട്ടലിൽനിന്ന് മടങ്ങിയത്. ഓരോ സ്ഥാപനങ്ങൾക്കും ഇന്ത്യയിൽ ചെയ്യാനാവുന്ന വിദേശ നിക്ഷേപത്തിന്റെ വിശദവിവരങ്ങൾ നൽകാനും മോദി അവരോട് അഭ്യർത്ഥിച്ചു.
ആഗോള തലത്തിലെ വ്യവസായ ഭീമന്മാരുടെ സിഇഒമാരുമായും മോദി കൂടിക്കാഴ്ച നടത്തി. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽ വ്യവസായമാരംഭിക്കാൻ ഇവരോട് മോദി ആവശ്യപ്പെട്ടു. നാൽപ്പതോളം സ്ഥാപനങ്ങളുടെ മേധാവികളാണ് ചർച്ചയിൽ പങ്കെടുത്തത്. ഇവർക്കൊപ്പം ഇരുന്ന് ഫോട്ടോയെടുക്കാനും മോദി തയ്യാറായി. താനും കമ്പനി സിഇഒമാരുമായുള്ള ചിത്രം മോദി ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു.
മാദ്ധ്യമരംഗത്തെ വമ്പൻ സ്ഥാപനങ്ങളുമായും മോദി ചർച്ച നടത്തി. ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ സാങ്കേതികമായി വളരെ മുന്നിട്ടുനിൽക്കുന്ന രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു. കോംകാസ്റ്റ്, ടൈം വാർണർ, ഡിസ്‌കവറി, സോണി, ഇഎസ്‌പിഎൻ, ന്യൂസ് കോർപ്, ട്വന്റി ഫസ്റ്റ് സെഞ്ച്വറി ഫോക്‌സ്, ഡിസ്‌നി ഇൻഡസ്ട്രീസ്, എബിസി ടെലിവിഷൻ ഗ്രൂപ്പ് തുടങ്ങിയ മാദ്ധ്യമ സ്ഥാപനങ്ങളുടെ മേധാവികൾ ചർച്ചയിൽ പങ്കെടുത്തു.
ഇന്ത്യയിൽ ഈ സ്ഥാപനങ്ങൾക്ക് എത്രത്തോളം സാധ്യതകളുണ്ടെന്നും ഇന്ത്യ എത്രത്തോളം ഇത്തരം സാങ്കേതിക വികാസങ്ങളെ പുൽകുന്നുണ്ടെന്നും വ്യക്തമാക്കുകയായിരുന്നു മോദിയുടെ ലക്ഷ്യം. മാദ്ധ്യമ രംഗത്ത് നിർണായകമായ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സിലിക്കോൺ വാലി സന്ദർശിക്കുന്ന മോദി യുഎൻ സമ്മേളനത്തിൽ പ്രസംഗിക്കും. 28ന് മോദി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. മോദി താമസിക്കുന്ന അതേ ഹോട്ടലിലാണ് താമസിക്കുന്നതെങ്കിലും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ചർച്ചയൊന്നും ഉണ്ടാവില്ല. അതേ സമയം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും ന്യൂയോർക്ക് മേയർ മൈക്കിൾ ബൽംബർഗുമായും മോദി ചർച്ച നടത്തി.
വാൾഡോർഫ് അസ്‌റ്റോറിയ ഹോട്ടലിന്റെ 35ാമത്തെ നിലയിലുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിലാണ് താമസം. പ്രശസ്ത വിമാന നിർമ്മാണക്കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ ചെയർമാൻ മരിലിൻ എ. ഹ്യൂസൺ, പ്രമുഖ കാർ നിർമ്മാണക്കമ്പനിയായ ഫോർഡിന്റെ മേധാവി മാർക്ക് ഫീൽഡ്‌സ്, പെപ്‌സിക്കോ മേധാവി ഇന്ദ്ര നൂയി,ആപ്പിൾ മേധാവി ടിം കുക്ക്, ഫേസ്‌ബുക്ക് മേധാവി മാർക്ക് സുക്കർബർഗ്, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദല്ല, ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ, അഡോബ് മേധാവി ശന്തനു നാരായൺ എന്നിവരുമായും മോദി ചർച്ചകൾ നടത്തും.