- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുമട്ടു തൊഴിലാളിയായി തുടക്കം; ഷാപ്പു നടത്തിയും കള്ളു ചെത്തിന്റെ ഇടപാടുകളുമായി ഓലക്കുടിലിൽ നിന്നും ലക്ഷങ്ങളുടെ മണിമാളിക സ്വന്തമാക്കി; പുരയ്ക്ക് മുകളിൽ വളരാതിരിക്കാൻ ഒടുവിൽ പാർട്ടി കൈവിട്ടു; സിപിഎമ്മിന്റെ പഴയ ബ്രാഞ്ച് സെക്രട്ടറിയെ കാപ്പയിൽ നാടുകടത്തി; ഇത് ചിറ്റൂരിലെ 'വാളയാർ പരമശിവം'; അത്തിമണി അനിൽ 'മുംബൈ'യിലെ താരമാകുമ്പോൾ
പാലക്കാട്: സ്പിരിറ്റ് മാഫിയയും രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധത്തിന്റെ ഒടുവിലെ തെളിവാണ് പാലക്കാട്ടെ 'വാളായാർ പരമശിവ'മായി വളർന്ന അത്തിമണി അനിൽകുമാറിന്റെ കഥ. പാലക്കാടിന്റെ കിഴക്കന്മേഖലയിലെ അതിർത്തി വഴികളെ സ്പിരിറ്റു കടത്തിന്റെ ഊടുവഴികളാക്കി മാറ്റിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ അത്തിമണി അനിൽകുമാറിന്റെ തന്ത്രങ്ങളായിരുന്നു. പാർട്ടി അധികാരത്തിൽ കൂടി എത്തിയതോടെ ഒളിഞ്ഞും തെളിഞ്ഞു നടത്തിയ സ്പിരിറ്റു കടന്ന് പരസ്യമാക്കി മാറ്റി അനിൽ കുമാർ.
അത്തിമണി അനിലിന്റെ വണ്ടിക്ക് സ്റ്റോപ്പുണ്ടാവില്ല. ആരെങ്കിലും തടഞ്ഞാൽ ഏതുരീതിയിലും കൈകാര്യം ചെയ്യുന്ന സംവിധാനവും ഒരുക്കിയായിരുന്നു ഇയാളുടെ ഇടപാടുകൾ. സ്പിരിറ്റു കടത്തുന്നതിൽ പ്രധാനിയായ അനിൽകുമാർ സിപിഎമ്മിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത പ്രകൃതക്കാരനായിരുന്നു. പാർട്ടിക്ക് വേണ്ടി പണവും മദ്യവും ഒഴുക്കുന്ന സഖാവിനെ തഴയാൻ സിപിഎമ്മിനും സാധിച്ചില്ല. അങ്ങനെ വളർന്നു പന്തലിച്ചു. അവസാനം പാർട്ടിക്ക് തന്നെ മടുത്തു. കണ്ണൂരിലെ ആകാശ് തില്ലങ്കരിയെ പോലെയായി അത്തിമണി അനിൽ. അനിൽകുമാറിന്റെ പടിവാങ്ങുന്ന പൊലീസുകാർ ചിറ്റൂരിൽ പതിവായുണ്ട്.
വിലകൂടിയ വാഹനത്തിലെ കഴിഞ്ഞ ദിവസത്തെ പാലക്കാടൻ വരവ് ചർച്ചയായിരുന്നു. പാലക്കാട് എത്തിയപ്പോൾ കുട ചൂടിക്കാൻ ഇഷ്ടക്കാരുെട നിര. കോടതിയിലെത്തി പുറത്തിറങ്ങുമ്പോൾ മടങ്ങാൻ കാരവൻ. അങ്ങനെ ഡോണിനെപ്പോലെ ഈ പ്രതിയുടെ യാത്ര. വാളയാർ പരമശിവത്തിന്റെ മാസ് എൻട്രിക്ക് സമാനമായിരുന്നു എല്ലാം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെത്തുടർന്ന് കാപ്പ ചുമത്തി കഴിഞ്ഞമാസം പൊലീസ് നാടുകടത്തിയ അത്തിമണി അനിൽ വീണ്ടും പാലക്കാടെത്തിയതോടെയാണ് ഇയാളുടെ കഥ വീണ്ടും മാധ്യമങ്ങളിൽ എത്തിയത്. സ്പിരിറ്റ് കടത്ത് കേസിൽ പ്രതിയായ അനിൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അനുമതി തേടിയാണ് കോടതിയിൽ ഹാജരായത്.
പാലക്കാട് എത്തിയപ്പോൾ സകല സമയത്തും പൊലീസ് നിരീക്ഷണമുണ്ടെങ്കിലും അനിലിന്റെ അനുയായികൾക്ക് അതൊന്നും തടസമായിരുന്നില്ല. മടങ്ങിവരവ് ആഘോഷമാക്കുന്ന മട്ടിലായിരുന്നു അണികളുടെ ആവേശം. ഒരുകാലത്ത് ചിറ്റൂരിലെ സ്പിരിറ്റ് വരവ് നിയന്ത്രിച്ചിരുന്നത് മുൻ സിപിഎം നേതാവ് കൂടിയായ അനിലായിരുന്നു. കുഴൽപ്പണക്കടത്ത് സംഘങ്ങളെ ഭീഷണിപ്പെടുത്തൽ. ഗുണ്ടാപ്പിരിവ് തുടങ്ങി നിരവധി കേസുകളിൽ അനിൽ പ്രതിയായി. പിന്നാലെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. പാലക്കാട് വിട്ടതിന് പിന്നാലെ സുഹൃത്തിനൊപ്പം മഹാരാഷ്ട്രയിലാണ് താമസമെന്ന് അനിൽ പറയുന്നു.
ഒരുവർഷം കഴിഞ്ഞാൽ ഇരട്ടി കരുത്തോടെ മടങ്ങിയെത്തുമെന്നും അനിലിന്റെ വാദം. ചിറ്റൂരിലെത്തി ബന്ധുക്കളെ കണ്ടശേഷം അത്തിമണി അനിൽ വീണ്ടും നാടുവിട്ടു. കാരവാനിൽ ഇരുന്ന് മാധ്യമങ്ങൾക്ക് അഭിമുഖവും നൽകി. വളരെ താഴെക്കിടയിൽ നിന്നും വളർന്നാണ് അനിൽ കുമാർ തന്റെ സ്പിരിറ്റ് സാമ്രാജ്യം കെട്ടിപ്പടുത്തത്. ചുമട്ടുതൊഴിലാളിയായാണ് അനിലിന്റെ തുടക്കം. നാട്ടിലെ തൊഴിളികൾക്കിടയിൽ സഖാവുകളിച്ച് വിലസുമ്പോൾ സിഐടിയു അംഗത്വം ലഭിച്ചു. പിന്നീടിങ്ങോട്ടു കൊണ്ടും കൊടുത്തുമാണു ജീവിതമായിരുന്നു. പിന്നീട് ഷാപ്പും കള്ളുമായുള്ള ഇടപാടുകളുമായി നീങ്ങിയതോടെ കള്ള് ചെത്തിന്റെ ഇടപാടുകളുമായി വലിയൊരു ശൃംഖല കെട്ടിപ്പൊക്കി ഇയാൾ. ഓലക്കുടിലിലെ ജീവിതമായിരുന്ന അനിലിനു പെരുമാട്ടി ഗ്രാമപഞ്ചായത്താണ് ഭവനപദ്ധതിപ്രകാരം വീടു വച്ചുനൽകിയത്. പണത്തിന്റെ വരവു കൂടിയതോടെ ലക്ഷങ്ങൾ മുടക്കി മറ്റൊരിടത്തു വീടു നിർമ്മിക്കുകയും ചെയ്തു. ഈ ഓലക്കുടിലിലെ താമസക്കാരനാണ് ഇന്ന് കാരവാനിൽ കറങ്ങുന്നത്.
പാർട്ടിക്ക് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതക്കാരനായ അനിൽകുമാർ എൽഡിഎഫിലെ ഘടകകക്ഷിയായ ജനതാദൾ എസ്. പ്രവർത്തകരെ ആക്രമിച്ച കേസുകളിലുൾപ്പെടെ പ്രതിയാണെങ്കിലും അനിലിനെ പൊലീസ് സംരക്ഷിച്ചുകൊണ്ടേയിരിന്നു. ആരുമറിയാതെ പല കേസുകളിൽ നിന്നും അനിലിനെ ഒഴിവാക്കി. ശിവൻ കൊലപാതകത്തിലൂടെയാണ് അനിൽ അറിയപ്പെട്ടത്. പിന്നീട് എഫ്ഐആറിൽ എഴുതപ്പെടാതെ പോയ എത്രയോ കേസുകൾ. അനിലിന്റെ ക്രൂരതയിൽ ഇരകളായവർ ഇന്നും വേദന തിന്നു ജീവിക്കുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ രാഷ്ട്രീയ ആക്രമണകേസുകളിലെ പ്രതികളുമായും അനിലിനു ബന്ധമുണ്ടെന്നാണ് ആരോപണം.
നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ചിറ്റൂരിലും ചിറ്റൂരിനു പുറത്തും മുക്കിനും മൂലയിലും സ്പിരിറ്റ് എത്തിച്ചത് അനിലായിരുന്നു. തെങ്ങിൻതോപ്പുകളും ഒഴിഞ്ഞപറമ്പുകളും ചില വിശ്വസ്തരായവരുടെ കടകളും കേന്ദ്രീകരിച്ച് സ്പിരിറ്റ് സൂക്ഷിച്ച് കടത്തിക്കൊണ്ടേയിരുന്നു. സർവസന്നാഹങ്ങളുമായി തിരഞ്ഞെടുപ്പുകാലത്തു വഴിയടച്ചു പരിശോധിച്ച ഉദ്യോഗസ്ഥരൊക്കെ അനിലിനെ തൊടാതെ കൈമടക്കി. ഒടുവിൽ അപ്രതീക്ഷിതമായി അനിൽ സ്പിരിറ്റു കേസിൽ പ്രതിയായി. ഉന്നത കേന്ദ്രങ്ങളിൽ നിന്നു വിളി വന്നെങ്കിലും മാധ്യമങ്ങളിൽ വാർത്ത വന്നതോടെ എക്സൈസ് ഇന്റലിജൻസും പ്രതിപ്പട്ടികയിൽ നിന്നു പേരുവെട്ടാതെ പിടിമുറുക്കി. ഇതിന് പിന്നിൽ ഋഷിരാജ് സിംഗമായിരുന്നു. എക്സൈസ് കമ്മിഷണറായിരിക്കെ ഋഷിരാജ് സിങ്ങിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഇന്റലിജൻസ് പ്രത്യേക വിഭാഗമാണു കേസ് അന്വേഷിച്ചത്.
അനിലിനെ പ്രതിയാക്കിയാക്കിയതോടെ സിപിഎം നേതൃത്വം വെട്ടിലായി. അത്തിമണി ബ്രാഞ്ച് സെക്രട്ടറിയും പെരുമാട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ അനിലിനെ സിപിഎം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയാണു തടിതപ്പിയത്. ചിറ്റൂരിൽ എസ്ഐ ആയിരുന്ന എം.ജെ. ജിയോയെ ആക്രമിച്ച കേസിൽ അനിൽ പ്രതിയാണ്. കോടതിയുടെ പരിഗണനയിലിരിക്കെ കേസ് പിൻവലിക്കാൻ സർക്കാർ തലത്തിൽ നടപടി തുടങ്ങിയതും ചർച്ചയായി.
മറുനാടന് മലയാളി ബ്യൂറോ