കോഴിക്കോട്: മൂന്ന് വയസ്സുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള മകനെ റോഡിലുപേക്ഷിച്ച് ഭർത്താവ് വിദേശത്ത് കഷ്ടപെട്ടുണ്ടാക്കിയ സ്വത്തുമുഴുവൻ കൈക്കലാക്കിയാണ് യുവതി നാട് വിട്ടത്. സ്വർണ്ണവും പണവും മുഴുവൻ കൈയിലെടുത്ത ശേഷമാണ് കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ 24കാരി ആതിര താമരശ്ശേരി ചുങ്കം സ്വദേശിയായ ലിജിൻ എന്ന യുവാവിനൊപ്പം ഒളിച്ചോടിയത്. മലബാർ ഗോൾഡ് ജൂവലറിയിലെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ലിജിൻ.

കഴിഞ്ഞ ബുധാനാഴ്ചയാണ് ഇരുവരേയും കാണാതായത്. ലിജിന്റെ ഭാര്യയും ആതിരയും കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. ഇവിടെ വെച്ച് ഇവർ വലിയ സൗഹൃദത്തിലാവുകയും ചെയ്യുകയായിരുന്നു. പിന്നീട് വിവാഹ ശേഷവും ഈ സൗഹൃദം നീണ്ട് നിന്നു. പിന്നീട് വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ ലിജിനും ആതിരയും തമ്മിൽ അടുക്കുകയും ചെയ്തു. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം വഷളായത് ഇരു വീട്ടുകാരും ശ്രദ്ധിച്ചിരുന്നില്ല. ഇന്നലെ ഇവർ ഒളിച്ചോടിയ ശേഷം ഒരുമിച്ച് പോയ വിവരം വിളിച്ച് പറഞ്ഞപ്പോഴാണ് വീട്ടുകാർ പോലും വിവരം അറിയുന്നത്.

ഇരുവരേയും കാണാനില്ലെന്ന വിവരം അറിഞ്ഞ ശേഷം ആതിരയുടെ ഭർത്താവ് നാട്ടിലെത്തി. പിന്നീട് കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തി ഇരു വീട്ടുകാരും പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ഇരുവരും മൊബൈൽ ഫോൺ ഓഫ് ചെയ്ത് സൂക്ഷിക്കുന്നതിനാൽ എവിടെയാണെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നും കോയിൻബോക്സ് വഴിയാണ് ഇടയ്ക്ക് വീട്ടിലേക്ക് വിളിച്ചതെന്നും കൊടുവള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രജീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇരുവർക്കുമായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശനിയാഴ്ച വൈകിട്ടോടെ മകനെ പാലക്കാട് മലബാർ ഗോൾഡിൽ കുട്ടികളെ കളിക്കുന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആതിര തന്നെയാണ് വീട്ടിൽ വിളിച്ച് കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലം പറഞ്ഞുകൊടുത്തത്.ഇവർ തിഴ്‌നാട്ടിലേക്ക് കടന്നതായാണ് പൊലീസ് സംശയിക്കുന്നത്.

ഭർതൃവീട്ടിൽ നിന്ന് പണവും സ്വർണവും ഇവർ കൈക്കലാക്കിയിട്ടുണ്ട്. ആതിരയുടെ സുഹൃത്തായ പെൺുട്ടിയേയും പ്രണയിച്ചാണ് ലിജിൻ വിവാഹം കഴിച്ചത്. ഇതിനു മുമ്പും മറ്റൊരു ഭർതൃമതിയുമൊത്ത് ഒളിച്ചോടാനുള്ള ശ്രമം യുവതിയുടെ ബന്ധുക്കളുടെ ഇടപെടൽ മൂലം പൊളിയുകയായിരുന്നു. പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും കൊടുവള്ളി പൊലീസും പാലക്കാട്ടേക്ക് പുറപ്പെട്ടാണ് കുട്ടിയെ അവിടെ നിന്നും വീട്ടിലേക്ക് കൊണ്ട് പോയത്.