- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറു വയസ്സുള്ളപ്പോൾ അച്ഛൻ കൊണ്ടു വന്ന കളിപ്പാട്ട വിമാനത്തിലെ കൗതുകം സ്വപ്നമായി; 'ആസ്‌ട്രോ'യുടെ ക്ലാസുകൾ ആവേശം വിതറി; ജിഎസ് എൽ വി മാർക്ക് 3 പ്രോജക്ടിലെ സയന്റിസ്റ്റ് ഗോകുലുമായുള്ള പ്രണയവും വിവാഹവും നിർണ്ണായകമായി; ഇനി പ്രോജക്ട് പോസത്തിന്റെ ഭാഗം; ബഹിരാകാശത്ത് പറക്കാൻ മലയിൻകീഴുകാരി; കാനഡ വഴി നാസയിലേക്ക് ആതിര എത്തുമ്പോൾ
തിരുവനന്തപുരം: മലയാളിയുടെ അഭിമാനമാകൻ ആതിര. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയ്ക്കു കീഴിൽ ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ തിരുവനന്തപുരത്തുകാരി. സ്‌കൂളിൽ തുടങ്ങിയ മോഹമാണ് സഫലീകരണത്തിന് തൊട്ടടുത്ത് എത്തുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് നാസയിലേക്കുള്ള യാത്ര.
പുരുഷാധിപത്യ ലോകമെങ്കിലും, സ്ത്രീകളുടെ ആകാശത്തിനും അതിരുകളില്ലെന്ന മുദ്രാവാക്യം സജീവമാണ് ഇന്ന്. വാലന്റിനക്കുശേഷം എഴുപത്തഞ്ചോളം വനിതകൾ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. പരിശീലനം പൂർത്തിയാകുന്നമുറക്ക് ആകാശം കീഴടക്കാൻ ആതിരക്ക് അധികം കാത്തുനിൽക്കേണ്ടിവരില്ല. കൽപന ചൗളക്കും സുനിത വില്യംസിനും ശേഷം ഗഗനയാത്രക്കൊരുങ്ങുന്ന മറ്റൊരു ഇന്ത്യൻ വനിത. ആദ്യ മലയാളി. ആകാശയാത്രയിലെ വിസ്മയങ്ങൾ പോലെത്തന്നെയാണ് ആതിരയുടെ ജീവിതകഥയും. കാനഡയിലെ ഒട്ടോവയിൽനിന്ന് വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ, ആതിരയിൽ നിറഞ്ഞുനിൽക്കുന്നതും അതേ ആത്മവിശ്വാസമാണ്.
ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോണോട്ടിക്കൽ സയൻസസ് എന്നൊരു സംഘടനയുണ്ട്. ലോകത്തിലെ ആദ്യ ജനകീയ ബഹിരാകാശ ഗവേഷണ കേന്ദ്രം എന്നുവേണമെങ്കിൽ ഈ സ്ഥാപനത്തെ വിശേഷിപ്പിക്കാം. മനുഷ്യനെ ബഹിരാകാശ യാത്രക്ക് സജ്ജമാക്കാനുള്ള അനൗദ്യോഗികവേദി. നാസയും കനേഡിയൻ സ്‌പേസ് ഏജൻസിയുമൊക്കെ ഈ സംരംഭത്തിൽ പങ്കാളികളാണ്. നാസയുടെ സഹായത്തോടെ ഇവർ നടത്തുന്ന ബഹിരാകാശ യാത്ര പരിശീലന പദ്ധതിയാണ് 'പ്രോജക്ട് പോസം' . ലത്തീൻ ഭാഷയിൽ 'പോസം' എന്നാൽ 'എനിക്ക് കഴിയും' എന്നാണർഥം. ഈ പദ്ധതിയിലേക്കായി തിരഞ്ഞെടുക്കപ്പെട്ട ഒരുഡസൻ പേരിലൊരാളാണിപ്പോൾ ആതിര.
മലയിൻകീഴ് പേയാട് മൂങ്ങോട് അക്ഷര നഗർ പാലമറ്റത്ത് വി.വേണുവിന്റെയും പ്രീതയുടെയും മകളാണ് ആതിര പ്രീത റാണി. ഈ പരിശീലനം വിജയിച്ചാൽ കൽപന ചൗള, സുനിതാ വില്യംസ് എന്നിവർക്കു ശേഷം ബഹിരാകാശത്ത് പറക്കുന്ന മറ്റൊരു ഇന്ത്യൻ വനിതയാകും ആതിര. ആദ്യ മലയാളിയും. തലസ്ഥാനത്തെ ജ്യോതിശാസ്ത്ര സംഘടനയായ 'ആസ്‌ട്രോ'യുടെ ക്ലാസുകളിൽ പങ്കെടുക്കുന്ന ആതിരയുടെ പ്രധാന ആഗ്രഹം ബഹിരാകാശ സഞ്ചാരം തന്നെയാണ്. ജീവിതപങ്കാളിയായ ഗോകുലിനെ പരിചയപ്പെടുന്നതുംആസ്‌ട്രോ ക്ലാസ് മുറിയിൽ വച്ചാണ്. സമ്പാദിച്ചു കൊണ്ട് പഠിക്കുക എന്ന നിർബന്ധവും പൈലറ്റാവുക വഴി തന്റെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുക എന്ന നിശ്ചയവും ആതിരയെ ചെറുപ്രായത്തിൽ തന്നെ കൊണ്ടെത്തിച്ചത് കാനഡയിലെ ഒട്ടോവ അൽഗോൺക്വിൻ കോളജിലാണ്. അവിടെ 'റോബോട്ടിക്‌സ്' പഠിക്കാൻ സ്‌കോളർഷിപ്പോടെ പ്രവേശനം നേടി.
കാനഡയിൽ വ്യോമസേനയിൽ ചേരാതെ തന്നെ പൈലറ്റ് പരിശീലനം നേടാനുള്ള അവസരം ഉണ്ടെന്ന് അറിഞ്ഞതോടെ പഠനത്തോടൊപ്പം ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി. ഇതുകൊണ്ട് പൈലറ്റ് പരിശീലനം നേടി. ഇതിനിടെ അൽഗോൺക്വിൻ കോളജിൽ നിന്ന് ഉന്നത വിജയം നേടി. 20ാം വയസ്സിൽ ആദ്യമായി വിമാനം നിയന്ത്രിച്ചു. ഇതിനിടെ വിവാഹിതയായ ആതിര ഭർത്താവ് ഗോകുലുമായി ചേർന്ന് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഗവേഷണത്തിനും മറ്റു പ്രവർത്തനങ്ങൾക്കുമുള്ള സ്റ്റാർട്ടപ് കാനഡയിൽ തുടങ്ങി. വിവിധ ലക്ഷ്യങ്ങളോടെ 'എക്‌സോ ജിയോ എയിറോസ്‌പേസ്' എന്ന പേരിൽ സ്‌പേസ് കമ്പനിയും ഇവർ മാസങ്ങൾക്കു മുൻപ് ആരംഭിച്ചു. പിന്നാലെയാണ് ബഹിരാകാശ യാത്രയ്ക്കുള്ള അന്വേഷണങ്ങൾ തുടങ്ങിയത്.
ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോനോട്ടിക്കൽ സയൻസ് എന്ന സംഘടന നടത്തുന്ന പരിശീലന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാസ, കനേഡിയൻ സ്‌പേസ് ഏജൻസി , നാഷനൽ റിസർച് കൗൺസിൽ ഓഫ് കാനഡ എന്നീ വിവിധ ഏജൻസികൾ ചേർന്നാണ് പരിശീലനം നൽകുന്നത്. മെഡിക്കൽ പരിശോധന ഉൾപ്പെടെ വിവിധ ഘട്ടങ്ങൾ വിജയിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നായി 12 പേരാണ് ഈ സംഘത്തിൽ പരിശീലനത്തിന് ഉള്ളത്. 3 മുതൽ 5 വർഷം വരെയാണ് പരിശീലനം. അതിന് ശേഷം ബയോ അസ്‌ട്രോനോട്ടിക്‌സിൽ ഗവേഷണവും പൂർത്തിയാക്കണം. ഇവയെല്ലാം കഴിഞ്ഞാൽ ബഹിരാകാശ യാത്രയെന്ന സ്വപ്‌നം സഫലമാകും.
'ആസ്‌ട്രോ' വഴി കാനഡയിലേക്ക്
പോസം പ്രോജക്ടിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് നാസയും ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സുമൊക്കെ അവരുടെ യാത്രകൾക്ക് ഇപ്പോൾ മുന്തിയ പരിഗണന നൽകുന്നുണ്ട്. മസ്‌കിന്റെ 'സ്‌പേസ് എക്‌സ്' അടുത്തിടെ ബഹിരാകാശത്തേക്കയച്ചത് പോസം പദ്ധതിയിൽനിന്നായിരുന്നു. അടുത്ത വർഷം ആസ്‌ട്രേലിയ ബഹിരാകാശത്തേക്കയക്കുന്ന ആദ്യ വനിത കിം എല്ലിസ് മുൻ വർഷങ്ങളിൽ ഈ പരിശീലനം പൂർത്തിയാക്കിയതാണ്. ഈ ഗണത്തിൽ ആതിരയുടെ പേരും ഉയരുമെന്നാണ് പ്രതീക്ഷ.
ആറു വയസ്സുള്ളപ്പോൾ അച്ഛൻ കൊണ്ടുവന്ന കളിപ്പാട്ട വിമാനത്തോടുതോന്നിയ കൗതുകം. അവിടെനിന്നാണ് ആ സ്വപ്നത്തിന് ചിറകുമുളക്കുന്നത്. പിന്നെ, വിമാനങ്ങളുടെയും റോക്കറ്റുകളുടെയും ബഹിരാകാശ പേടകങ്ങളുടെയുമൊക്കെ ലോകത്തെ അറിയാനുള്ള ശ്രമങ്ങളായി. സ്‌കൂൾ പഠനകാലം ആകാശയാത്രകളുടെ അന്വേഷണങ്ങൾ കൂടിയായിരുന്നു. ആയിടക്കാണ്, തിരുവനന്തപുരത്ത് ഒരു ജ്യോതിശാസ്ത്ര സംഘടനക്ക് ഒരുകൂട്ടം ശാസ്ത്രപ്രചാരകർ മുൻകൈയെടുത്ത് രൂപംനൽകിയത്. 'ആസ്‌ട്രോ' എന്നായിരുന്നു സംഘടനയുടെ പേര്; അമച്വർ ആസ്‌ട്രോണമേഴ്‌സ് ഓർഗനൈസേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് 'ആസ്‌ട്രോ'. 2009ൽ, അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം കേന്ദ്രമാക്കി രൂപം നൽകിയ സംഘടന.
ചാന്ദ്രയാൻ -1ന്റെയൊക്കെ വിജയവിക്ഷേപണമൊക്കെ വാർത്തയിൽ നിറഞ്ഞുനിൽക്കുന്ന കാലം കൂടിയാണത്. അന്നത്തെ മ്യൂസിയം ഡയറക്ടർ അരുൾ ജെറാൾഡ് പ്രകാശ്, പ്രഫ. കെ. പാപ്പൂട്ടി തുടങ്ങിയവരൊക്കെയായിരുന്നു നേതൃത്വത്തിലുണ്ടായിരുന്നത്. ഇന്നിപ്പോൾ എല്ലാ ജില്ലകളിലും ശാഖകളുള്ള ആസ്‌ട്രോ വലിയൊരു ജനകീയ ശാസ്ത്രപ്രചാരക സംഘമായൊക്കെ വളർന്നിരിക്കുന്നു. തുടക്കത്തിൽ, എല്ലാ മാസവും ഐ.എസ്.ആർ.ഒയിലെയും മറ്റും പ്രഗത്ഭരായ ആളുകൾ നയിക്കുന്ന ക്ലാസുകളൊക്കെ പതിവായിരുന്നു. 2013 മുതൽ ആതിരയും 'ആസ്‌ട്രോ'യിൽ സജീവമായി. മിക്ക ക്ലാസുകളിലും പങ്കെടുക്കും. ആ ക്ലാസുകൾ തന്റെ സ്വപ്നത്തിലേക്കുള്ള പ്രായോഗികവഴികളുടെ ദിശാസൂചകങ്ങളായിരുന്നു; പിന്നീട് ജീവിതസുഹൃത്തായി മാറിയ ഗോകുൽ ദാസ് ബാലചന്ദ്രനെ പരിചയപ്പെടുന്നതും 'ആസ്‌ട്രോ'യുടെ ക്ലാസ് മുറിയിൽവെച്ചുതന്നെ.
ആതിരയെ ഡോക്ടറായി കാണണമെന്നാണ് അച്ഛനും അമ്മയും ആഗ്രഹിച്ചത്. പ്ലസ് ടു കഴിഞ്ഞതോടെ, ആ വഴിയിൽ അവർ ചില പദ്ധതികളൊക്കെ മുന്നോട്ടുവെക്കുകയും ചെയ്തു. പക്ഷേ, അപ്പോഴേക്കും ആകാശയാത്രയെന്ന മോഹം ആതിരക്ക് ശരിക്കും തലക്കുപിടിച്ചിരുന്നു. വാലന്റിനയെയും സാലി റൈഡിനെയുമെല്ലാംപോലെ ഫൈറ്റ് പൈലറ്റാവുക; അതുവഴി അവരെപ്പോലെ പറക്കുക. ഇതായിരുന്നു ലക്ഷ്യം. നാഷനൽ സ്‌പേസ് ഒളിമ്പ്യാഡിലും ഐ.എസ്.ആർ.ഒ സംഘടിപ്പിച്ച സ്‌പേസ് ക്വിസിലുമെല്ലാം വിജയിയായി. അങ്ങനെ ഡോക്ടർ മോഹം മാതാപിതാക്കൾക്കും ഉപേക്ഷിക്കേണ്ടി വന്നു.
തുടർപഠനത്തിന് പോകുന്നുണ്ടെങ്കിൽ അത് സ്വന്തമായി അധ്വാനിച്ച പണംകൊണ്ടായിരിക്കുമെന്നവൾ ഉറപ്പിച്ചു. ഇന്ത്യയിലാണെങ്കിൽ, ആ സമയം വനിതകൾക്ക് ഫൈറ്റ് പൈലറ്റാകാൻ കഴിയുകയുമില്ല. ആ അന്വേഷണം എത്തിയത് ഒട്ടോവയിലെ അൽഗോക്വിൻ കോളജിലാണ്. അവിടെ 'റോബോട്ടിക്‌സ്' പഠിക്കാൻ സ്‌കോളർഷിപ് കിട്ടി. 2018ൽ, കാനഡയിലേക്ക് പറക്കുമ്പോൾ ആതിരക്ക് വയസ്സ് 19. റോബോട്ടിക്‌സ് പഠനത്തിനാണ് വന്നതെങ്കിലും ഫൈറ്റ് പൈലറ്റ് പരിശീലനമായിരുന്നു ആത്യന്തിക ലക്ഷ്യം. കാനഡയിൽ, വ്യോമസേനയുടെ ഭാഗമാവാതെതന്നെ ഫൈറ്റ് പൈലറ്റ് പരിശീലനം നേടാനുള്ള അവസരമുണ്ട്.
അങ്ങനെ നിർണ്ണായക തീരുമാനം എടുത്തു. 20ാം വയസ്സിൽ ആദ്യമായി ഒരു ഫൈറ്റർ ജെറ്റിൽ പറക്കുമ്പോൾ അത് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയും ആഹ്ലാദവുമായിരുന്നു ആതിരക്ക്. ഇതിനിടയിൽ ഗോകുലുമായുള്ള വിവാഹവും നടന്നു. 'ആസ്‌ട്രോ' കാലത്ത് പരിചയപ്പെടുമ്പോൾ ഐ.എസ്.ആർ.ഒയിൽ ജി.എസ്.എൽ.വിയുടെ മാർക്ക് 3 പ്രോജക്ടിൽ സയന്റിസ്റ്റായിരുന്നു ഗോകുൽ. ഗവേഷണ മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും ആതിരയുടെ സ്വപ്നസഞ്ചാരത്തിന്റെ ഭാഗമാകുന്നതിനുംവേണ്ടി ഗോകുലും ഒട്ടോവയിലെത്തി. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ഗവേഷണത്തിനും നിർമ്മാണ പ്രവർത്തനങ്ങൾക്കും സ്റ്റാർട്ട് അപ്പും തുടങ്ങി. ആതിരയായിരുന്നു പ്രസിഡന്റും സിഇഒയും. ഗോകുൽ ചീഫ് ടെക്‌നിക്കൽ ഓഫിസറും.
ഇത്തരത്തിൽ ഒരുപാട് സംഘടനകളുണ്ട് കാനഡയിൽ. ആ കൂട്ടത്തിൽ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാപന മേധാവിയെന്ന നിലയിൽ ആതിര നേടി. അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകവേയാണ് പുതിയൊരു ആശയം രൂപപ്പെടുത്തിയത്: ഇലോൺ മസ്‌കിനെപ്പോലെ സ്വന്തമായൊരു സ്‌പേസ് കമ്പനി സ്ഥാപിക്കുക! കഴിഞ്ഞ മാർച്ചിൽ 'എക്‌സോ ജിയോ എയ്‌റോസ്‌പേസ്' എന്ന പേരിൽ കമ്പനി പ്രവർത്തനമാരംഭിച്ചു. ഭ്രമണപഥത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കൃത്രിമോപഗ്രഹങ്ങൾ അപ്രതീക്ഷിതമായി ഇന്ധനക്കുറവുമൂലമോ മറ്റോ നിലച്ചുപോകാറുണ്ട്. അങ്ങനെ പ്രവർത്തനരഹിതമാകുന്ന ഉപഗ്രഹങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള 'വർക്ക്‌ഷോപ് സാറ്റലൈറ്റു'കളുടെ നിർമ്മാണവും പദ്ധതിയിട്ടു.
ഇങ്ങനെ ഇന്ധനം നിറക്കാനും റിപ്പയറിങ്ങിനുമായി പ്രത്യേകം സാറ്റലൈറ്റുകൾ പ്രവർത്തിച്ചാൽ, ഭൂമിയിൽനിന്ന് വിക്ഷേപിക്കുന്ന കൃത്രിമോപഗ്രഹങ്ങളുടെ എണ്ണം കുറക്കാൻ കഴിയും. സാമ്പത്തികശേഷി കുറഞ്ഞ രാജ്യങ്ങൾക്കും കൃത്രിമോപഗ്രഹ വിക്ഷേപണം സാധ്യമാകും.
മറുനാടന് മലയാളി ബ്യൂറോ