കോഴിക്കോട്: പുലർച്ചെ സ്‌കൂട്ടറുമായി കൂട്ടുകാരിക്കൊപ്പം പൊലീസ് കസ്റ്റഡിയിൽ എടുത്ത ദളിത് യുവതി വിഷം ഉള്ളിൽ ചെന്ന സംഭവത്തിൽ സ്‌കൂട്ടറിന്റെ ആർ.സി ഓണറെ കേന്ദ്രീകരിച്ചും, ആശുപത്രി മാനേജ്മന്റിനെതിരെയും അന്വേഷണം. കുറ്റ്യാടി കെഎംസി ആശുപത്രിയിലെ എക്‌സറേ ടെക്‌നീഷ്യനും ചങ്ങനാശേരി തൃക്കൊടിത്താനം മുക്കാഞ്ഞിരം മനോഹരന്റെ മകളുമായ ആതിരയുടെ മരണത്തിൽ ദുരൂഹതയേറുകയാണ്. ആറ് മാസം മുൻപാണ് ആതിരയും സഹോദരി അഞ്ജലിയും കുറ്റ്യാടി കെഎംസി ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആതിരയുടെ മൊബൈലിലേക്കു വന്ന കോളുകളും മറ്റും പൊലീസ് പരിശോധിച്ചുവരികയാണ്. ആതിരയുടെ സഹപ്രവർത്തകയുടെ പേരിലാണ് സ്‌കൂട്ടർ. എന്നാൽ ഇവരുടെ ഭർത്താവ് ഇസ്മായിലാണ് വാഹനം ഉപയോഗിച്ചിരുന്നത്. സംഭവം നടന്ന ദിവസം അവസാനമായി ആതിര ഫോണിൽ വിളിച്ചതും ഇസ്മായിലിനെ തന്നെ.

ആതിരയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും ചെരിപ്പുപോലും ഇടാതെയാണ് രാത്രി ഹോസ്റ്റലിൽ നിന്നും പുറത്തുകടന്നതെന്ന് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നു. മറ്റാരുടെയെങ്കിലും പ്രേരണയാലാണോ ഇതെന്ന അന്വേഷണവും ഊർജിതമാക്കിയതായി ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജയ്‌സൺ എബ്രഹാം മറുനാടനോട് പറഞ്ഞു. സ്‌കൂട്ടറിന്റെ ആർസി ഓണർ ഇസ്മയിലും ഭാര്യയും സ്റ്റേഷനിൽ ഇന്നലെ നേരിട്ടെത്തിയിരുന്നു. നരിക്കാട്ടേരി സ്‌ഫോടന കേസിലെ പ്രതികൂടിയാണിയാൾ. സ്റ്റേഷനിൽ വച്ച് ഭാര്യയും ഭർത്താവും തമ്മിൽ, സ്‌കൂട്ടർ പെൺകുട്ടികൾക്ക് നൽകിയതുമായി ബന്ധപ്പെട്ട് ചെറിയതോതിൽ വഴക്കുണ്ടാവുകയും ചെയ്തു. തനിക്ക് ഒരിക്കൽ പോലും തരാത്ത സ്‌കൂട്ടർ കണ്ട പെണ്ണുങ്ങൾക്ക് കൊടുത്തില്ലേ എന്നു ചോദിച്ച് ഭാര്യ ഇസ്മായിലുമായി വഴക്കിടുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു.

4000 രൂപ മാസവരുമാനത്തിലാണ് മരിച്ച പെൺകുട്ടി ഇവിടെ ജോലിചെയ്തിരുന്നത്. ഇതിൽ ആയിരം രൂപ വാടകയും ഭക്ഷണത്തിനുമായി നൽകണം. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയുടെ ഈ ഒരു അവസ്ഥ ചൂഷണം ചെയ്യപ്പെട്ടോ എന്നകാര്യവും അനേഷണപരിധിയിൽ വരും.സംഭവത്തെ തുടർന്ന് രണ്ടുപേരെയും ആശുപത്രിയിൽ നിന്നും പിരിച്ചുവിടുമെന്ന് അധികൃതർ ഭീഷണിമുഴക്കിയതായും റിപ്പോർടുകളുണ്ട്. മരണവുമായി ബന്ധപ്പെട്ട് ആശുപത്രി മാനേജ്‌മെന്റിന് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു.

നാദാപുരംഡിവൈഎസ്‌പി.ഇസ്മായിലും സംഘവും നൈറ്റ് പട്രോളിങ്ങിനിടെ കസ്റ്റഡിയിൽ എടുത്തിരുന്നു. വണ്ടി പഠിക്കുകയാണെന്നാണ ്ഇവർ പൊലീസിനോട്പറഞ്ഞത്. എന്നാൽ പുലർച്ചെ മതിയായ സുരക്ഷയില്ലാതെ ഇവർ എങ്ങിനെ ആശുപത്രിക്കു പുറത്തെത്തി എന്ന ചോദ്യമാണ് പൊലീസ് ഉയർത്തുന്നത്. മരണവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ജീവനക്കാർക്ക് ആർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യമാണ് പൊലീസ് പ്രധാനമായും ഇപ്പോൾ അന്വേഷിക്കുന്നത്. സ്റ്റേഷനിൽഎത്തിച്ച് ചോദ്യം ചെയ്തശേഷം ആശുപത്രി അധികൃതരെ വിളിച്ചുവരുത്തി യുവതികളെ വിട്ടയക്കുകയായിരുന്നു. ആശുപത്രിയിൽ തിരിച്ചെത്തിയശേഷം ആതിരക്ക് എന്തുസംഭവിച്ചു എന്ന കാര്യത്തിലാണ് വ്യക്തതവരേണ്ടതെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.

അതേ സമയം സ്‌റ്റേഷനിലേക്ക് പൊലീസ് തങ്ങളെ കൊണ്ട് പോയതിൽ മനംനൊന്താണ് പെൺകുട്ടി വിഷം കഴിച്ചത് എന്നാണ് ആതിരയ്ക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ(എം) പ്രാദേശിക നേതൃത്വം രംഗതെത്തിയിട്ടുണ്ട്. പിന്നീട് ആതിരക്ക് എന്തുസംഭവിച്ചു എന്ന കാര്യത്തിലാണ് വ്യക്തത വരേണ്ടതെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ആശുപത്രിയിൽ വച്ച് ആതിര വിഷം കഴിക്കുകയും,തുടർന്ന്‌മെഡിക്കൽകോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആതിരയുടെ സഹോദരി അഞ്ജലിയും ഇതേ ആശുപത്രിയിൽ ജോലിചെയ്യുന്നുണ്ട്. ആറുമാസം മുൻപാണ് ഇരുവരും ഇവിടെ ജോലിക്ക്എത്തിയത്.