- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നിനും ഇല്ല ഒരുനിശ്ചയം; ദേശീയ ഗെയിംസിനായി വാങ്ങിയ ഒന്നര കോടിയുടെ അത്‌ലറ്റിക് ഉപകരണങ്ങൾ കാണാനില്ല; എവിടെ ആരുടെ കൈയിലേക്ക് പോയെന്നും തിട്ടമില്ല, അന്വേഷണവും ഇല്ല; കേരള ഗെയിംസിന് വാടകയ്ക്ക് എടുക്കേണ്ട ഗതികേടിൽ അത്ലററിക്സ് അസോസിയേഷൻ; കൈമലർത്തി കായിക മന്ത്രി
തിരുവനന്തപുരം : സർക്കാരിന്റെ സ്വത്തുക്കൾ എങ്ങനെ അടിച്ചുമാറ്റാമെന്ന് ആർക്കെങ്കിലും പഠിക്കണമെന്നുണ്ടെങ്കിൽ കായിക വകുപ്പിലേക്ക് വരിക. 2015-ലെ ദേശീയ ഗെയിംസിൽ അത്‌ലറ്റിക് മത്സരങ്ങളുടെ നടത്തിപ്പിനായി വാങ്ങിയ കോടികണക്കിന് രൂപയുടെ ഉപകരണങ്ങളാണ് കാണാതായിരിക്കുന്നത്. അത്‌ലറ്റിക്‌സ് നടത്തിപ്പിന് മാത്രം ഒന്നരക്കോടിയുടെ ഉപകരണങ്ങൾ വാങ്ങിയെന്നും മത്സരശേഷം അവയെല്ലാം സംസ്ഥാന സ്പോർട്സ് കൗൺസിലിന് കൈമാറിയെന്നും കായികവകുപ്പ് അറിയിച്ചിരുന്നെങ്കിലും സ്പോർട്സ് കൗൺസിലിന്റെ പക്കലോ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലോ ആറ്റിങ്ങൽ ശ്രീപാദത്തിലോ ഉപകരണം പോയിട്ട് ഒരു തുരുമ്പുപോലുമില്ല.
ഈ കായിക ഉപകരണങ്ങൾ ആര് ആരെ ഏൽപ്പിച്ചെന്നോ, എവിടെ സൂക്ഷിച്ചെന്നോ, ഏതൊക്കെ ഉപകരണങ്ങൾ ഉണ്ടായിരുന്നുവെന്നോ കായിക വകുപ്പിന്റെ പക്കൽ യാതൊരു തെളിവുമില്ല. ഉപകരണങ്ങൾ കാണാതായതിനെക്കുറിച്ച് വകുപ്പ് ഇതുവരെ ഒരു അന്വേഷണവും നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ മോഷണം നടത്തിയത് ആരെന്ന് ആർക്കുമറിഞ്ഞുകൂടാ.
ജാവലിൻ, ഹർഡിൽ, സ്റ്റാർട്ടിങ് ബ്ലോക്ക് തുടങ്ങി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അത്‌ലറ്റിക്‌സ് ഉപകരണങ്ങളാണ് കാണാതായവയിൽ ഏറെയും. ഇത് എവിടെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ച് സ്പോർട്സ് കൗൺസിലിന് ധാരണയില്ല. മത്സര ഉപകരണങ്ങൾക്ക് പുറമെ 33.9 ലക്ഷം രൂപയുടെ വിധിനിർണയ ഉപകരണങ്ങളും നഷ്ടമായതോടെ കേരള ഗെയിംസിന്റെ ഭാഗമായുള്ള അത്‌ലറ്റിക്‌സ് മത്സരങ്ങൾ സംഘടിപ്പിക്കാൻ പുറത്തുനിന്ന് ഉപകരണങ്ങളെല്ലാം വാടകക്കെടുക്കേണ്ട ഗതികേടിലാണ് അത്‌ലറ്റിക്‌സ് അസോസിയേഷൻ.
കായിക ഉപകരണങ്ങളെല്ലാം മോഷണം പോയതോടെ കഴിഞ്ഞമാസം തേഞ്ഞിപ്പലത്ത് നടന്ന ഫെഡറേഷൻ കപ്പിൽ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിൽനിന്നാണ് വാടകക്കെടുത്തത്. തലസ്ഥാനത്ത് അടുത്തിടെ നടത്തിയ ഇന്ത്യൻ ഗ്രാൻപ്രീ, ദേശീയ ഓപൺ ജംപ്‌സ് എന്നിവക്കും ഉപകരണങ്ങൾ വാടകക്കെടുത്ത വകയിൽ ഏഴുലക്ഷത്തിലധികം രൂപയാണ് ചെലവായത്.
കേരള ഗെയിംസിനായി ഇത്രയും തുക ചെലവാക്കാനില്ലാത്തതിനാൽ കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽനിന്നും മറ്റ് കായിക സ്‌കൂളുകളിൽനിന്നും ഉപകരണങ്ങൾ കടംവാങ്ങി എത്തിച്ച് മീറ്റ് ഗംഭീരമാക്കാനാണ് സംഘാടകരുടെ തീരുമാനം. ഉപകരണങ്ങൾ കാണാനില്ലെന്നത് സംബന്ധിച്ച് നേരത്തേ പരാതികൾ ഉയർന്നിരുന്നെങ്കിലും കാര്യമായ അന്വേഷണം സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഭാഗത്തുനിന്നോ കായികവകുപ്പിന്റെ ഭാഗത്തുനിന്നോ ഉണ്ടായില്ല.