തൃശൂർ: അറ്റ്‌ലസ് രാമചന്ദ്രനെ സ്വന്തം നാടും വെറുതെ വിടില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് മുക്തനാകാൻ ശ്രമിക്കുന്ന പ്രവാസി വ്യവസായിയെ അക്ഷരാർത്ഥത്തിൽ തളർത്തി അറ്റ്‌ലസ് ജുവലറി ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.

മുംബൈ, ബാംഗ്ലൂർ, ഡൽഹി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. 26.50 കോടിയുടെ പണവും സ്വർണവും സ്ഥിര നിക്ഷേപ രേഖകളും പിടിച്ചെടുത്തു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറ്റ്‌ലസ് രാമചന്ദ്രനെതിരെ തൃശൂർ പൊലീസ് രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പു കേസിന്റെ ഭാഗമായിട്ടായിരുന്നു ഇ.ഡി അന്വേഷണം. അറ്റ്‌ലസ് രാമചന്ദ്രൻ ജയിൽ മോചനത്തിന് ഇടപെടൽ നടത്തിയത് കേന്ദ്ര സർക്കാരാണ്. ദുബായിൽ രക്ഷകർ ചമഞ്ഞവരുടെ കീഴിലെ അന്വേഷണ ഏജൻസിയാണ് നിർണ്ണായക ഘട്ടത്തിൽ രാമചന്ദ്രന്റെ സ്വത്തുക്കളെല്ലാം കണ്ടു കെട്ടു്‌നത്.

തൃശ്ശൂർ പൊലീസാണ് അറ്റ്ലസ് രാമചന്ദ്രനെതിരെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തത്. വ്യാജരേഖകളുണ്ടാക്കി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്നാണ് കേസ്. 242 കോടിയുടെ വായ്പയാണ് രാമചന്ദ്രൻ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും എടുത്തത്. 2013-18 കാലയളവിലാണ് ഈ സാമ്പത്തിക തട്ടിപ്പ് നടന്നത്. ഈ കേസിലെ ഇടപെടലുകൾ അറ്റ്‌ലസ് രാമചന്ദ്രനെ അക്ഷരാർത്ഥത്തിൽ തളർത്തും. കടങ്ങൾ എല്ലാം തിരിച്ചടച്ച് ബിസിനസ്സിൽ സജീവമാകാനാണ് രാമചന്ദ്രന്റെ ശ്രമം. ഇതിനെ തകർക്കുന്നതാണ് ഇന്ത്യയിലെ കേസും റെയ്ഡുകളും.

സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 2013 മാർച്ച് 21 നും 2018 സെപ്റ്റംബർ 26നും ഇടയിൽ എടുത്ത 242.40 കോടി രൂപയുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്. ഈ തുക രാമചന്ദ്രൻ തിരിച്ചടച്ചിരുന്നില്ല. ബാങ്കുകൾക്ക് സെക്യൂരിറ്റിയായി നൽകിയ ചെക്കുകൾ മടങ്ങിയതിനെ തുടർന്ന് 2015ലാണ് അറ്റ്ലസ് രാമചന്ദ്രന് കോടതി ശിക്ഷ വിധിച്ചത്. 2015 ഓഗസ്റ്റിലാണ് അദ്ദേഹം ദുബായിൽ ജയിലിലായത്. വായ്പ നൽകിയിരുന്ന 23 ബാങ്കുകൾ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

ബാങ്കുകൾക്ക് തിരികെ നൽകാനുള്ള പണത്തെ സംബന്ധിച്ച് നിലവിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് രാമചന്ദ്രനെ ജയിലിൽ നിന്നും പുറത്തിറക്കിയത്. കൂടാതെ 75 വയസ് കഴിഞ്ഞ പൗരന്മാർക്ക് ലഭിക്കുന്ന ശിക്ഷാ ഇളവും രാമചന്ദ്രന് ആശ്വാസമായിരുന്നു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന് ടാഗ്ലൈനോട് കൂടിയാണ് അറ്റ്‌ലസ് ജൂവലറി ജനഹൃദയങ്ങളിൽ ഇടം പിടിച്ചത്. സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തിൽ മറ്റ് താരങ്ങളെയോ മോഡലുകളെയോ ഉൾപ്പെടുത്താതെ സ്വയം ഇറങ്ങി തിരിച്ച് പരസ്യത്തിലൂടെ ജനങ്ങളെ ആകർഷിച്ച വ്യവസായിയാണ് അറ്റ്‌ലസ് രാമചന്ദ്രൻ.

അറ്റ്ലസ് രമാചന്ദ്രൻ ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേൽക്കുമെന്ന സൂചനകളും പുറത്തു വന്നു. രാമചന്ദ്രന്റെ സ്ഥാപനത്തിന് ഓഹരി മൂല്യത്തിൽ വൻ കുതിപ്പുണ്ടാവുകയും ചെയ്തു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അറ്റ്ലസ് ജൂവലറിയുടെ ഓഹരി മൂല്യം ഉയർന്നിരുന്നു. ജയിൽ മോചിതനായി കേവലം രണ്ട് മാസം തികയുമ്പോഴാണ് കമ്പനിയുടെ ഓഹരിമൂല്യത്തിൽ വൻ കുതിപ്പുമണ്ടായത്.

ബംഗളൂരു, താനെയിലും ഉള്ള അറ്റ്‌ലസിന്റെ ബ്രാഞ്ചുകൾ നല്ല രീതിയിൽ പ്രവർത്തിക്കുകയാണ്. ഇന്ത്യയിലും ഗൾഫിലുമായി നിലവിൽ 15 ജൂവലറികൾ ഉള്ള അറ്റ്‌ലസ് ഗ്രൂപ്പ് കൂടുതൽ ബ്രാഞ്ചുകൾ ജനപങ്കാളിത്തത്തോടെ ദുബായിലും, ഇന്ത്യയിലും തുടങ്ങി ബിസിനസ് വ്യാപിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതെല്ലാം അട്ടിമറിക്കാനാണ് ഇഡി ഇടപെടലെന്ന സൂചനകളും ആരോപണങ്ങളും സജീവമാണ്.

വ്യവസായത്തിലെ കുടിപ്പകയാണ് രാമചന്ദ്രനെ ജയിലിലാക്കിയതെന്ന ആരോപണം ശക്തമാണ്. തൃശൂരിലെ ചിലരാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയർന്നിരുന്നു. ഇതേ ആളുകളാണ് ഇപ്പോഴും അറ്റ്‌ലസിനെ തകർക്കാൻ മുന്നിലുള്ളതെന്നാണ് ആരോപണം.