കൊച്ചി: കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ആദായ നികുതി വകുപ്പ് പരിശോധനയ്‌ക്കെത്തിയപ്പോൾ അറ്റ്‌ലസ്  മാനേജ്‌മെന്റിനൊപ്പം ഏറ്റവും കൂടുതൽ ആശങ്കപ്പെട്ടത് അവിടത്തെ താഴേക്കിടയിലുള്ള രണ്ടു ജീവനക്കാരായിരുന്നു. എറണാകുളം ആലുവ സ്വദേശി ലുകു സുഗുണനും(33) ഇടുക്കി സ്വദേശി കെ എം അജിതും(30). ഇരുവരും അറിഞ്ഞിരുന്നില്ല തങ്ങൾ വെറും തൊഴിലാളികളല്ല, അറ്റ്‌ലസ് സാമ്രാജ്യത്തിന്റെ മുതലാളിമാരാണെന്ന്, കടലാസിൽ മാത്രമാണെങ്കിലും. ഇപ്പോൾ അറ്റ്‌ലസിലെ പണിവിട്ടു ലുകു പഴയൊരു അംബാസഡർ ഓടിച്ച് ഉപജീവനം നടത്തുകയാണ്. അജിത്താകട്ടെ, പണിയൊന്നുമില്ലാതെ വീട്ടിലിരുപ്പും. 990 കോടി രൂപ ഗൾഫിലെ ബാങ്കുകളിൽനിന്നു വായ്പയെടുത്തു തിരിച്ചടയ്ക്കാതെ വന്നതോടെ അറസ്റ്റിലായ അറ്റ്‌ലസ് രാമചന്ദ്രനും മകളും തടവിലായതോടെ അറ്റ്‌ലസുമായുള്ള പഴയബന്ധം പാരയായതിന്റെ വിഷമം അനുഭവിക്കുകയാണു ലുകുവും അജിത്തും.

അറ്റലസ് ജനറൽ മാനേജരെ ചോദ്യം ചെയ്ത ശേഷം തങ്ങളെയും ആദായനികുതി വകുപ്പു ചോദ്യം ചെയ്യുമന്നറിഞ്ഞപ്പോൾ ഇരുവർക്കും ഒരെത്തും പിടിയും കിട്ടിയില്ല. എന്നാൽ ഉദ്യോഗസ്ഥർ രേഖകൾ സഹിതം വിശദീകരിച്ചപ്പോഴാണ് രണ്ടു പേരും ശരിക്കും ഞെട്ടിയത്. രേഖകൾ പ്രകാരം ലുകുക്കുസുഗുണൻ അറ്റ്‌ലസ് പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറും കംപ്യൂട്ടർ തകരാർ നോക്കുന്ന പണിയായ സിസ്റ്റം അഡ്‌മിനിസ്റ്റേറ്ററായ അജിത് മാനേജിങ് ഡയറക്ടറുമാണ്. ഇത് ഇവരുടെ വെബ്‌സൈറ്റിലും കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.

അജിത്തിന് വിദ്യാഭ്യാസ യോഗ്യത പ്ലുസ് ടുവും ലുകുവിനാകട്ടെ വെറും പത്താം ക്ലാസും. അറ്റ്‌ലസിൽ നിന്ന് ഇവർക്കു ശമ്പളമായി വെറും 17,000 രൂപയും. 2009-ലാണ് ലുകു സുഗുണൻ അറ്റ്‌ലസ് ഗ്രൂപ്പിൽ സെയിൽസ്മാനായി ജോലിക്കു കയറുന്നത്. എസ്എസ്എൽസിയായിരുന്നു അന്നത്തെ യോഗ്യത. നെടുമ്പാശേരി വിമാനത്താവളത്തിനകത്തെ അറ്റ്‌ലസിന്റെ ജൂവലറിയിലായിരുന്നുരുആദ്യ നിയമനം. ഇങ്ങനെയുള്ള പരിചയമായിരുന്നുരുഅറ്റ്‌ലസ് രാമചന്ദ്രൻ എന്ന ചെയർമാനുമായി അടുക്കാനുള്ള കാരണവും. എയർപ്പോർട്ടിനകത്തായതിനാൽ തങ്ങൾക്ക് കസ്റ്റംസ് ക്ലിയറൻസോടു കൂടി തന്നെ അകത്തേക്ക് പ്രവേശിക്കാനും അവിടെ കാര്യങ്ങൾ ചെയ്യാനും സാധിക്കുമെന്ന് ലുകുക്കുപറയുന്നു.

എപ്പോഴും വിദേശയാത്രകൾ ഉണ്ടാകാറുള്ള ചെയർമാൻ വന്നാലും താനുൾപ്പെടെയുള്ളവരാണ് കാര്യങ്ങൾ ചെയ്തുകൊടുത്തിരുന്നത്. ഈ ബന്ധത്തിനപ്പുറം താനും അറ്റ്‌ലസ് രാമചന്ദ്രൻ സാറുമായി കാര്യമായ മറ്റു ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ടുവർഷം കഴിഞ്ഞ് വിമാനത്താവളത്തിലെ കരാർ അവസാനിച്ചതോടെ അവിടുത്തെ സ്ഥാപനം അടച്ചുപൂട്ടി. ഈ സമയമാണ് അറ്റ്‌ലസിന്റെ ജനറൽ മാനേജർ വന്ന് രാമചന്ദ്രന്റെ തൃശൂരിലെ വെട്ടിലേക്ക് ലുകുവിനെ വിളിപ്പിച്ചതത്രെ.രാമചന്ദ്രൻ സാറുടെ പേഴ്‌സണൽ സെക്രട്ടറിയായി തന്നെ നിയമിച്ചുവെന്നു കേട്ടപ്പോൾ ആദ്യം ഒരുതരം അന്ധാളിപ്പായിരുന്നുവെന്നുവെന്ന് ലുകു സുഗുണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. വെറും പത്താം ക്ലാസ്സ് വരെ മാത്രം പഠിച്ച ലുകു എങ്ങനെ പേഴസണൽ സെക്രട്ടറി സ്ഥാനം കൈകാര്യം ചെയ്യുമെന്ന് അന്നുതന്നെ സംശയം ഉണ്ടായിരുന്നു.

എന്നാൽ പേഴ്‌സനൽ സെക്രട്ടറി എന്ന പേരിൽ താൻ ചെയ്തിരുന്നത് ഡ്രൈവറുടേയും അദ്ദേഹത്തിന്റെ പെട്ടിപിടിത്തക്കാരന്റേയും പണികൾ തന്നെയായിരുന്നതായി ലുകുക്കു സുഗുണൻ വിശദീകരിച്ചു. അദ്ദേഹം ഇവിടുള്ളപ്പോൾ കാറിന്റെ ഡ്രൈവറായി, അല്ലാത്തപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലെ കാര്യങ്ങൾ നോക്കുകയായിരുന്നു പണി. എന്നാൽ അറ്റ്‌ലസ് കമ്പനികളുടെ ഡയറക്ടറാകാൻ വേണ്ടി ഒരു പേപ്പറിലും താൻ ഒപ്പുവച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനിപ്പോൾ ആലുവയിൽ കാർഡ്രൈവറുടെ പണി നോക്കിയാണ് ജീവിക്കുന്നത്്. എന്നാൽ മാനേജരാക്കാൻ വേണ്ടിയാണെന്നു പറഞ്ഞ് പല പേപ്പറിലും രാമചന്ദ്രനും ജനറൽ മാനേജർ ഹരികൃഷ്ണനും ചേർന്നു തന്നെക്കൊണ്ട് ഒപ്പുവപ്പിച്ചിട്ടുണ്ടെന്ന് കടലാസിൽ മാത്രമെങ്കിലും കമ്പനിയുടെ എംഡി സ്ഥാനത്ത് അവരോധിക്കപ്പെട്ട അജിത് പറയുന്നു. ഇടുക്കി സ്വദേശിയായ ഇയാൾ 2012ലാണ് രാമചന്ദ്രനൊപ്പം ചേർന്നത്. സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റർ എന്ന പേരിൽ ഇടപ്പള്ളി ഷോറൂമിലായിരുന്നു നിയമനം.

കുറച്ചുമാസങ്ങൾക്കുശേഷം അവിടെ നിന്ന് കോയമ്പത്തൂരേക്ക് മാറ്റി. സാറിന് വേണ്ടി മെയിൽ അയയ്ക്കാനും അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിന് എന്തെങ്കിലും കേടുപാട് വന്നാൽ നന്നാക്കാനുമായി എപ്പോഴും താനുണ്ടാകാറൂണ്ട്. മീറ്റിങ്ങിനെല്ലാം പോകുമ്പോൾ തങ്ങളും ഒപ്പം പോകാറുണ്ട്. എന്നാൽ പുറത്തുനിൽക്കാറാണ് പതിവെന്ന് അജിത് പറയുന്നു. എന്തിനാണ് തങ്ങളുടെ ആധാർ, പാൻ കാർഡുകൾ വാങ്ങിയതെന്ന് ചോദിച്ചപ്പോൾ മാനേജരാക്കാൻ വേണ്ടിയുള്ള നടപടിക്രമമാണെന്നാണത്രെ അറിയിച്ചത്. ആദായ നികുതി വകുപ്പ് പറയുമ്പോൾ മാത്രമാണ് തങ്ങളുടെ പേഴ്‌സണൽ രേഖകൾ വച്ച് ഒരുപാട് കള്ളക്കളികൾ നടത്തിയിട്ടുണ്ടെന്ന് മനസിലാകുന്നതെന്നും അജിത് വ്യക്തമാക്കി.

ഫെബ്രുവരി മാസത്തിൽ ഇതുപോലൊരുരു റെയ്ഡ് വന്ന സമയത്ത് അറ്റ്‌ലസ് രാമചന്ദ്രനെ ബന്ധപ്പെടാൻ ഇരുവരും ശ്രമിച്ചിരുന്നു. എന്നാൽ പലപ്പോഴും അദ്ദേഹം ഫോൺ എടുക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും അജിത് പറയുന്നു. എടുത്താൽപ്പോലും ചൂടാകും. അങ്ങനെയാണ് തങ്ങൾ കമ്പനിയിലെ ജോലി വിട്ടത്. ആദായനികുതി വകുപ്പു പറഞ്ഞതനുസരിച്ച് കിലോക്കണക്കിന് സ്വർണ്ണവും പണവും ഉൾപ്പെടെ ഇരുവുടെയും പേരിൽ നാട്ടിലേക്ക് വിദേശരാജ്യങ്ങളിൽനിന്ന് അറ്റ്‌ലസ് ഗ്രൂപ്പ് അയച്ചിട്ടുണ്ട്. തങ്ങളുടെ വരുമാനമെന്താണെന്ന് ആർക്ക് വേണമെങ്കിലും പാരിശോധിക്കാമെന്നും ഇവർ പറയുന്നു.

തങ്ങൾ ചതിക്കപ്പെടുകയാണെന്ന് ബോധ്യമായതോടെ ആദ്യം സെക്യൂരിറ്റി എകസ്േചഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് രേഖാമൂലം ഇരുവരും പരാതി നൽകി. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. രാമചന്ദ്രൻ ദുബായിലെ ബാങ്കുകളെ വെട്ടിച്ച് പണം ഇന്ത്യയിലെക്ക് കടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇതോടെ പുറത്തു വരുന്ന സൂചനകൾ. തങ്ങൾ പണത്തിനു വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് ആരോപണം. എന്നാൽ അറ്റ്‌ലസിന്റെ ഒരു ചില്ലിക്കാശ് പോലും തങ്ങൾക്ക് ആവശ്യമില്ലെന്നും ഇരുവരും കൂട്ടിച്ചേർത്തു. പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ സ്വതന്ത്ര ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്ന നിലയിലാണ് ഇരുവരേയും നിയമിച്ചിരിക്കുന്നത്. എങ്കിലും കമ്പനിയുടെ മുഴുവൻ ബാധ്യതയ്ക്കും ഇവർ കൂടി ഉത്തരവാദികളാണ്. രാമചന്ദ്രന്റെ കള്ളക്കളി മൂലമാണ് തങ്ങൾ ഇപ്പോൾ കുടുങ്ങിയിരിക്കുന്നതെന്ന് ലുകുവും അജിത്തും ആരോപിക്കുന്നു.