തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന എടിഎം തട്ടിപ്പ് കേസിലെ പ്രതി ഗബ്രിയേൽ മരിയയന് കഴിക്കാൻ സാൻവിച്ചും ബർഗറും വേണം.

ഇതിന് സമാനമായ വിവിഐപി ആവശ്യങ്ങൾ പ്രതി പൊലീസിനോട് ആവശ്യപ്പെടുന്നത്. ജയിലിൽ ഒറ്റയ്ക്ക് കിടക്കാൻ അനുവദിക്കണമെന്നും പറയുന്നു. കഴിഞ്ഞ 9നു മുംബൈയിൽ നിന്നു പിടിയിലായ ഗബ്രിയേൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ കഴിയുകയാണ്. മോഷണമുതൽ കൊണ്ട് എസി മുറിയിൽ ആഡംബരം ജീവിതം നയിച്ചതിന് തെളിവാണ് ഈ ആവശ്യങ്ങൾ.

മുംബൈ പൊലീസ് പിടികൂടിയത് മുതൽ കസ്റ്റഡിയിൽ കഴിയുന്ന വിവിഐപി പ്രതിയുടെ ആവശ്യങ്ങൾ പൊലീസിനെ കുഴക്കുകയാണ്. കഴിക്കാൻ ചപ്പാത്തി കൊടുത്തപ്പോൾ ഇതൊന്നും വേണ്ടെന്നാണ് ഗബ്രിയേൽ പൊലീസിനോട് പറഞ്ഞത്. കഴിക്കാൻ ബർഗറും സാൻവിച്ചും കുടിക്കാൻ പെപ്‌സിയും വേണം. വലിക്കാൻ വിദേശ സിഗരറ്റ് , കിടക്കാൻ വൃത്തിയുള്ള മുറിയും ബാത്ത്‌റൂമും മാറി മാറി ധരിക്കാൻ ടീഷർട്ട്, കൂടാതെ കൈയിലെ ചങ്ങലയും അഴിക്കണം.

കസ്റ്റഡിയിലെത്തിയതു മുതൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. എന്നിട്ടും വിവിഐപി പ്രതിയുടെ ആവശ്യങ്ങൾ നിവർത്തിച്ച് കൊടുക്കാൻ പൊലീസിന് കഴിയുന്നില്ലെന്നതാണ് വസ്തുത. എആർ ക്യാമ്പിലെ മുറിയിലായിരുന്ന ഗബ്രിയേലിനെ നിരീക്ഷിക്കാൻ ഉറക്കമൊഴിഞ്ഞ് സദാജാഗരൂഗരായി നിൽക്കുകയാണ് അഞ്ചംഗ പൊലീസ് സംഘം.

കേരളത്തെ ഞെട്ടിച്ച പെരുംകള്ളൻ ബണ്ടി ചോർ പൊലീസ് പിടിയിലായപ്പോൾ താമസിപ്പിച്ച എആർ ക്യാബിലെ അതേ മുറിയിൽ തന്നെയാണ് വിവിഐപി കള്ളൻ ഗബ്രിയേലിനും താമസിപ്പിച്ചിരിക്കുന്നത്.