കോഴിക്കോട്: എസ്‌ബിഐ എടിഎം തട്ടിപ്പു കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശികൾ നയിച്ചിരുന്നത് ആഡംബര ജീവിതം. കോഴിക്കോട് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയായ ഇവർ നഗരത്തെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളതു കൊണ്ടാണ് കോഴിക്കോടെത്തി തട്ടിപ്പു നടത്തിയത്. ഹ െൈടക്ക് കള്ളന്മാരായ മൂന്ന് പേരെയാണ് അറസ്റ്റു ചെയ്തത്. മുണ്ടെത്ത ഗ്രാമത്തിലെ മുഫീദ് (23), മുഹമ്മദ് മുബാറക് (25), ദിൽഷാദ് (20) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റുചെയ്തത്. എസ്.ബി.ഐയുടെ ആനിഹാൾ റോഡിലെ എ.ടി.എമ്മിൽ നിന്ന് 1.49 ലക്ഷം കവർന്ന സംഭവത്തിലാണ് അറസ്റ്റ്.

എ.ടി.എമ്മിലെ സി.സി.ടി.വി കാമറയിൽ നിന്ന് പ്രതികളുടെ ചിത്രം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തവെ പ്രതികൾ ജില്ലകോടതി സമുച്ചയത്തിനടുത്തുണ്ടെന്ന് വിവരം ലഭിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികൾ ബീച്ച് ഭാഗത്തേക്ക് ഓടിയെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. സംഘത്തിൽ നിന്ന് ഒരുലക്ഷത്തോളം രൂപയും വിവിധ ബാങ്കുകളുടെ 20 എ.ടി.എം കാർഡുകളും കണ്ടെടുത്തു. സ്ഥിരമായി തട്ടിപ്പു നടത്തുന്ന സംഘമാണ് ഇക്കൂട്ടരെന്ന് വ്യക്തമായിട്ടുണ്ട്. വിവിധ നഗരങ്ങൾ തോറും സഞ്ചരിച്ചുകൊണ്ടാണ് ഇവർ മോഷണം ആസൂത്രണം ചെയ്യുന്നത്.

കാഷ് ഡെപ്പോസിറ്റ് മെഷീനിൽ പണം നിക്ഷേപിച്ച് എ.ടി.എം കാർഡ് വഴി പിൻവലിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പണം പിൻവലിക്കുന്നതിന് എ.ടി.എം കാർഡ് മെഷീനിൽ ഇട്ട് പിൻ നമ്പർ രേഖപ്പെടുത്തി തുക രേഖപ്പെടുത്തുകയും മെഷീൻ പണം പുറത്തേക്ക് നീട്ടുന്ന സെക്കൻഡിൽ മെഷീനിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്യും. ഈ സമയം ട്രാൻസാക്ഷൻ ഫെയിലറായി മെഷീനിൽ രേഖപ്പെടുത്തും. മെഷീൻ പുറത്തേക്ക് നീട്ടിയ പണം പ്രതികൾ വലിച്ചെടുക്കുകയും ചെയ്യും. ഈ പണം വ്യക്തിഗത അക്കൗണ്ടിനുപകരം ബാങ്കിന്റെ അക്കൗണ്ടിൽ നിന്നുള്ളതായിരിക്കും.

മാത്രമല്ല, ട്രാൻസാക്ഷൻ ഫെയിലറായി പണം കിട്ടിയില്ലെന്ന് കാട്ടി ടോൾഫ്രീ നമ്പർ വഴി സംഘം പരാതി നൽകും. ബാങ്കുകാർ ഇടപാട് പരിശോധിക്കുമ്പോൾ 'ഫെയിലിയർ' എന്ന് കാണിക്കുന്നതിനാൽ പണം ലഭിച്ചില്ലെന്ന ധാരണയിൽ ഇവരുടെ അക്കൗണ്ടിൽ തുക നിക്ഷേപിക്കുകയും ചെയ്യും. ചുരുക്കത്തിൽ ബാങ്കിന്റെ അക്കൗണ്ടിന്റെ പണം രണ്ടുരീതിയിൽ സംഘത്തിന് കിട്ടും. വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകളിൽ നിന്നായി ഇതിനകം 13 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമായത്.

തട്ടിപ്പു സംഘം കേരളത്തിലെത്തിയത് വിമാനത്തിലായിരുന്നു. കോയമ്പത്തൂരിലേക്ക് വിമാന മാർഗ്ഗവും അവിടെ നിന്നും ട്രെയിൻ മാർഗ്ഗവുമാണ് ഇവർ എത്തിയത്. പിടിയിലായ മുഫീദ് (23), മുഹമ്മദ് മുബാറക് (25), ദിൽഷാദ് (20) എന്നിവർ നേരത്തേ കോഴിക്കോട്ടെ കാരന്തൂർ, കുറ്റ്യാടി എന്നിവിടങ്ങളിൽ സ്‌കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്.

ആഡംബരജീവിതം നയിക്കുന്നതിനാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ മറ്റു ചില സംസ്ഥാനങ്ങളിലും സമാനതട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. കോഴിക്കോട്ടെ വലിയ ഹോട്ടലിലാണ് സംഘം തങ്ങിയത്. ഒരുദിവസത്തെ ഭക്ഷണത്തിന് മാത്രം 12,000 രൂപയാണ് ചെലവാക്കിയത് എന്നും കണ്ടെത്തി.

എസ്.ബി.ഐയുടെ എ.ടി.എം കൂടാതെ പഞ്ചാബ് നാഷനൽ ബാങ്കിന്റെ എ.ടി.എമ്മുകൾ വഴിയും തട്ടിപ്പ് നടത്തിയതായാണ് വിവരം. ആനിഹാൾ റോഡ്, യമുന ആർക്കേഡ്, കോർട്ട് റോഡ്, മാവൂർ റോഡ്, എസ്.ബി.ഐ മെയിൻ ബ്രാഞ്ച് എ.ടി.എം എന്നിവിടങ്ങളിലെല്ലാം തട്ടിപ്പുനടത്തിയതായാണ് പ്രതികൾ പറയുന്നത്. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

സൗത്ത് അസി. കമീഷണർ കെ.പി. അബ്ദുൽ റസാഖിന്റെ നേതൃത്വത്തിൽ ടൗൺ എസ്.ഐ പി.എം. മനോജ്, എസ്.ഐമാരായ കെ. ശംഭുനാഥ്, കെ. ഷാജു, എഎസ്ഐമാരായ ദിനേശ്കുമാർ, സജി ഷിനോബ്, സിവിൽ പൊലീസ് ഓഫിസർമാരായ അബ്ദുൽ മുനീർ, വിഷ്ണുകുമാർ, വിജേഷ്, പ്രമോദ്, രാഗേഷ്, സുനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.