പോളിഷ് വംശജർക്കെതിരായ വംശീയ ആക്രമണത്തിന് ലണ്ടനിൽ യാതൊരു അയവുമില്ല. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ പോളണ്ടുകാരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പോളിഷ് വംശജനായ അരെക് ജോസ്‌വിക് കൊല്ലപ്പെട്ടതിന് ഒരു മൈൽ അകലെ മാത്രമുള്ള പബ്ബിൽവച്ചാണ് യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ചത്.

അഞ്ചോ ആറോ പേരുള്ള സംഘമാണ് യുവാക്കളെ ആക്രമിച്ചത്. ജോസ്‌വിക്കിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ ഒത്തുചേർന്ന ശേഷം മടങ്ങുകയായിരുന്നു ഇവർ. എസക്‌സിലെ ഹാർലോവിലുള്ള പബ്ബിലിരിക്കവെയാണ് ഒരുസംഘം യുവാക്കൾ ഇവരെ മൃഗീയമായി ആക്രമിച്ചത്.

വംശീയ ആക്രമണമായാണ് എസക്‌സ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒരാൾ്ക്ക് തലയ്ക്കും മറ്റൊരാൾക്ക് മൂക്കിനുമാണ് പരിക്കേറ്റിട്ടുള്ളത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിൻസസ് അലെക്‌സാൻഡ്ര ആശുപത്രിയിൽ പ്രവേശി്പ്പിച്ച ഇരുവരെയും പിന്നീട് വിട്ടയച്ചു.

ഹാർലോയിലെ ഒരു ടേക്ക് എവേ റെസ്‌റ്റോറന്റിന് പുറത്ത് ഓഗസ്റ്റ് 27-ന് ഉണ്ടായ ആക്രമണത്തിലാണ് ജോസ്‌വിക് കൊല്ലപ്പെട്ടത്. തലയ്ക്ക് മാരകമായി പരിക്കേറ്റ അരെക് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചു. അരെക്കിന്റെ മരണത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി പോളിഷ് വംശജർ ഒത്തുകൂടിയശേഷം മടങ്ങുമ്പോഴാണ് വീണ്ടും വംശീയ ആക്രമണമുണ്ടായത്.

ഹാർലോ മേഖലയിൽ പൊലീസ് പട്രോളിങ് ശക്തമാക്കാൻ ആലോചിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, വംശീയ വിദ്വേഷത്തിന്റെ പേരിലുള്ളതാണെങ്കിലും അരെക്കിനെതിരായ ആക്രമണത്തിന്റെ ഭാഗമാണ് ഇപ്പോഴത്തേതെന്ന് കരുതുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോളിഷ് വംശജർക്ക് കൂടുതൽ സംരക്ഷണം ഏർപ്പെടുത്തുന്ന കാര്യവും പൊലീസ് ചിന്തിക്കുന്നുണ്ട്.