കോഴിക്കോട്: വനിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിക്ക് നേരേ വീണ്ടും ആക്രമണം. കോഴിക്കോട് ബീച്ചിൽ വച്ചാണ് മദ്യലഹരിയിൽ ഒരാൾ ബിന്ദു അമ്മിണിയെ ആക്രമിച്ചത്. വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം കൈയാങ്കളിയിൽ എത്തുക ആയിരുന്നുവെന്ന് വെള്ളയിൽ പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

മർദ്ദന ദൃശ്യങ്ങൾ ഫേസ്‌ബുക്കിലൂടെ ബിന്ദു അമ്മിണി തന്നെയാണ് പുറത്തുവന്നിട്ടത്. ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായി ഇയാളെ ബിന്ദു അമ്മിണി തിരിച്ചടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ആദ്യത്തെ വീഡിയോയിൽ സ്‌കൂട്ടറിൽ വന്ന ഒരാളുടെ വീഡിയോ ദൃശ്യങ്ങളാണ്. അടുത്ത വീഡിയോയിൽ കറുത്ത ഷർട്ടും വെളുത്ത മുണ്ടുടുത്ത ഇയാൾ ബിന്ദു അമ്മിണിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുമാണ് ഉള്ളത്. ഇയാളെ ബിന്ദു അമ്മിണി തിരിച്ചടിക്കുന്നതും വീഡിയോയിൽ കാണാം. അതിനു ശേഷം ഇയാളുടെ മുണ്ടില്ലാത്ത ദൃശ്യങ്ങളും കാണാം. ഇയാൾ അടിക്കുന്നതിനിടയിൽ ഇയാളുടെ ഫോൺ ബിന്ദു അമ്മിണി വലിച്ചെറിയുന്നതും കാണാം. മദ്യപിച്ച് തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നും ഫേസ്‌ബുക്ക് ലൈവിൽ ബിന്ദു അമ്മിണി പറയുന്നു.

കഴിഞ്ഞ മാസം കൊയിലാണ്ടിയിൽ വച്ച് ബിന്ദു അമ്മിണിയെ ഓട്ടോ ഇടിച്ചുവീഴ്‌ത്തിയിരുന്നു. കൊയിലാണ്ടി പൊയിൽ കാവിലായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മനഃപൂർവ്വം ഇടിച്ചു വീഴ്‌ത്തിയ ശേഷം ഓട്ടോ കടന്നു കളഞ്ഞതായി ആയിരുന്നു ആരോപണം.

കൊയിലാണ്ടിക്കടുത്ത പൊയിൽക്കാവ് ബസാറിലെ ടെക്‌സ്‌റ്റൈൽസ് ഷോപ്പ് അടച്ചു വീട്ടിലേക്കു നടന്നുപോകുകയായിരുന്ന ബിന്ദുവിനു നേരെ രാത്രി ഒൻപതരയോടെയാണ് ആക്രമണം നടന്നത്. എതിർ ദിശയിൽ വന്ന ഓട്ടോ ബിന്ദുവിനെ ഇടിക്കുകയായിരുന്നു. ബിന്ദു മുഖമിടിച്ചാണ് നിലത്തുവീണത്.

ശബരിമല ദർശനം നടത്തിയതിന് പിന്നാലെ പലപ്പോഴായി ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം നടന്നിരുന്നു. 2019 നവംബറിൽ എറണാകുളം കമ്മീഷണർ ഓഫീസിന് മുന്നിൽ പൊലീസുകാർ നോക്കി നിൽക്കെ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം നടന്നിരുന്നു. ബിന്ദുവിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പൊയിൽക്കാവ് നിന്നും വെസ്റ്റ്ഹില്ലിലേക്ക് യാത്ര ചെയ്യുമ്പോൾ ബസ് ഡ്രൈവർ അസഭ്യം പറഞ്ഞെന്നായിരുന്നു പരാതി. ശബരിമല ദർശനത്തിനുശേഷം നിരന്തരമായ സൈബർ അക്രമണങ്ങളും ബിന്ദു നേരിട്ടു കൊണ്ടിരിക്കുകയാണ്.