- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് സിഐയെ നടുറോഡിലിട്ട് തല്ലി ചതച്ചു; ഓവർടേക്കിങ് തർക്കത്തിൽ എസ്ഐയെയും കുടുംബത്തെയും ആക്രമിച്ചു; തലക്കെട്ടുകൾ പെരുകുന്നു; സംസ്ഥാനത്ത് പൊലീസുകാർക്ക് പോലും പുറത്തിറങ്ങാൻ പേടി; 'ആഭ്യന്തരം ബഹുകേമമെന്ന് 'ജനം
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന നില അപകടത്തിലായിട്ട് നാളേറെയായിരിക്കുന്നു. മാഫിയാ സംഘങ്ങൾ മുതൽ ചെറുകിട ഗുണ്ടകൾ വരെ പത്തിവിടർത്തിയാടുകയാണ് കേരളമാകെ. സാധാരണക്കാരുടെ ജീവന്റെ കാര്യത്തിൽ എത്രത്തോളം ഉറപ്പുണ്ടെന്ന കാര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിനുപോലും ഉത്തരമില്ലാത്ത സ്ഥിതി.
ഗുണ്ടാവിളയാട്ടത്തിൽ പൊറുതിമുട്ടിയിരിക്കുന്നത് ഇപ്പോൾ പൊതുജനങ്ങൾ മാത്രമല്ല, അതിനെ നിയന്ത്രിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരും കൂടിയാണ്. നിയമം നടപ്പാക്കുന്നതിലെ വീഴ്‌ച്ചയ്ക്ക് സ്വയമേ അനുഭവിക്കുകയാണ് കേരളത്തിലെ പൊലീസുകാർ ഇപ്പോൾ. സമീപകാലത്ത് കേരളത്തിൽ പൊലീസുകാർ ആക്രമിക്കപ്പെട്ട കേസുകളുടെ എണ്ണം ഞെട്ടലുളവാക്കുന്നവയാണ്. കൊലപാതകികളെയും ഗുണ്ടകളെയും പിടികൂടാൻ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട പൊലീസുകാരുടെ എണ്ണത്തിലും വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 28നാണ് പൊലീസിനെ ആക്രമിച്ച് വ്യാജച്ചാരായക്കേസ് പ്രതിയെ ഗുണ്ടകൾ രക്ഷപ്പെടുത്തിയത്. കാഞ്ഞിരംകുളം എസ്‌ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്കാണ് അന്ന് പരിക്കേറ്റത്. കാഞ്ഞിരംകുളം സ്റ്റേഷനിലെ എസ്‌ഐ സജീർ, വിജയകുമാർ, മധു, ആനന്ദകുമാർ, പൊലീസ് ഡ്രൈവർ പ്രവീൺകുമാർ എന്നിവരെയാണ് ഗുണ്ടകൾ ആക്രമിച്ചത്. ഏപ്രിൽ നാലിന് പരവൂർ സ്വദേശിയായ ക്രൈംബ്രാഞ്ച് സിഐയെ മൂന്നുപേർ ചേർന്ന് നടുറോഡിലിട്ട് തല്ലിച്ചതച്ചിരുന്നു. തിരുവനന്തപുരം ചിറക്കരയിലായിരുന്നു സംഭവം. കാറിന് സൈഡ് കൊടുത്തില്ലെന്ന പേരിലായിരുന്നു അക്രമം. അക്രമമേറ്റ് അവശനിലയിലായ ക്രൈംബ്രാഞ്ച് സിഐ ബിജുവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.
ഏപ്രിൽ ഏഴിന് പത്തനംതിട്ടയിൽ പ്രതി പൊലീസ് സ്റ്റേഷനിൽ അക്രമം അഴിച്ചുവിടുകയും നിരവധി നാശനഷ്ടങ്ങൾ വരുത്തിവെയ്ക്കുകയും ചെയ്തിരുന്നു. നിരവധി മോഷണക്കേസ് പ്രതിയായ ഷാജി തോമസിനെ കെട്ടിയിട്ടാണ് പൊലീസ് ജീവൻ രക്ഷിച്ചത്.
ഇന്നലെ ഏപ്രിൽ 11ന് കൊല്ലം കൊട്ടാരക്കര പുത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമായിരുന്നു. കുണ്ടറ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്‌ഐ സുഗുണനും കുടുംബവും യാത്ര ചെയ്ത കാർ ഒരു ബൈക്കിനെ ഓവർ ടേക്ക് ചെയ്തതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ബൈക്ക് യാത്ര ചെയ്ത യുവാക്കൾ ഇവരെ പിന്തുടരകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നു. എസ്‌ഐയുടെ മകന്റെ തല ഹെൽമറ്റ് കൊണ്ട് അടിച്ചുപൊട്ടിച്ചിരുന്നു. ഇങ്ങനെ പൊലീസുകാർക്കുപോലും പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ് ഇപ്പോൾ കേരളത്തിൽ.
രാത്രിയിൽ വീട്ടിൽനിന്ന് ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയ 19 വയസുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോളിൽ ചുമന്ന് പൊലീസ് സ്റ്റേഷനു മുന്നിലെത്തിച്ച് കൊലവിളി നടത്തിയത് ഞെട്ടലോടെയാണ് കേരളം കണ്ടത്. അന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനാണ് ഉത്തരേന്ത്യൻ മോഡൽ ഗുണ്ടാവിളയാട്ടത്തിന് വേദിയായത്. കുപ്രസിദ്ധ ഗുണ്ട ജോമോനാണ് 19കാരൻ ഷാൻ ബാബുവിനെ കൊലപ്പെടുത്തി തോളിൽചുമന്ന് സ്റ്റേഷനു മുന്നിൽ കൊണ്ടിട്ടത്. മകനെ കാണാനില്ലെന്ന് രാത്രിയിൽത്തന്നെ ഷാനിന്റെ മാതാവ് പരാതി നല്കിയിട്ടും നേരം വെളുക്കട്ടെയെന്ന പതിവ് പല്ലവിയിലായിരുന്നു കോട്ടയം ഈസ്റ്റ് പൊലീസ്. നേരത്തേ കോട്ടയത്ത് കെവിൻ എന്ന യുവാവിനെ ഭാര്യാവീട്ടുകാരുടെ ക്വട്ടേഷനിൽ ഒരു സംഘം തട്ടിക്കൊണ്ടുപോയപ്പോൾ മാതാപിതാക്കളും ഭാര്യയും നേരിട്ടെത്തി പരാതി നല്കിയിട്ടും ഗാന്ധിനഗർ പൊലീസ് കാട്ടിയ അലംഭാവം കെവിന്റെ ജീവനെടുക്കുന്നതിലാണ് കലാശിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരെപ്പോലും ക്രൂരമായി ആക്രമിക്കാൻ ധൈര്യം ഗുണ്ടകൾക്കുണ്ടെങ്കിൽ ഇവിടുത്തെ സാധാരണക്കാർക്ക് എന്ത് സുരക്ഷയാണ് ഈ പൊലീസ് നല്കുന്നത് ? ഗുണ്ടകൾ അഴിഞ്ഞാടുമ്പോഴും പല പേരുകളുള്ള ഓപ്പറേഷനുകൾ പ്രഖ്യാപിച്ച് പൊലീസ് മേധാവി കൈകഴുകുകയാണെന്ന വിമർശനം ശക്തമാണ്. ഡിസംബർ 18 മുതൽ ജനുവരി ഒൻപതുവരെ ജില്ലകളിൽ രണ്ടുവീതം പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ച് നടത്തിയ ഓപ്പറേഷനുകളിൽ 13,032 ഗുണ്ടകളെ പിടികൂടി ജയിലിൽ അടച്ചെന്നാണ് പൊലീസ് മേധാവി മാധ്യമങ്ങളെ അറിയിച്ചത്. ഗുണ്ടാനിയമപ്രകാരം 215 പേർക്കെതിരെ കേസെടുത്തു. അപ്പോൾ പൊലീസിന്റെ പട്ടികയിലില്ലാത്ത ഗുണ്ടകളാണോ ഇപ്പോൾ പൊലീസിനെ ആക്രമിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
കേരളത്തിലാകെ എത്ര ഗുണ്ടകളുണ്ടെന്ന കൃത്യമായ കണക്കുപോലും പൊലീസിന്റെ പക്കലില്ല. സ്ഥിരമായി ഗുണ്ടാപ്രവർത്തനം നടത്തുന്ന 4500 പേർ സംസ്ഥാനത്തുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണക്ക്. 1300പേർ അതീവ അപകടകാരികളാണ്. ഇവർ എപ്പോൾ വേണമെങ്കിലും അക്രമങ്ങൾ നടത്താൻ സജ്ജരായിരിക്കുന്നവരാണ്. എന്നാൽ ജില്ലകളിൽ പ്രത്യേക ഓപ്പറേഷൻ പ്രഖ്യാപിച്ച പൊലീസ് 13,032 ഗുണ്ടകളെ ഒരുമാസം കൊണ്ട് പിടികൂടി. രണ്ടിലേറെ ക്രിമിനൽ കേസുകളുള്ളവരെയെല്ലാം പിടികൂടി ഗുണ്ടാവിരുദ്ധ ഓപ്പറേഷന്റെ വലിപ്പം കൂട്ടിയതു കൊണ്ടുമാത്രം കാര്യമില്ലെന്നതാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സംഭവം പൊലീസിനെ പഠിപ്പിക്കുന്നത്.
അപകടകാരികളായ ഗുണ്ടകളുടെ പട്ടികയുണ്ടാക്കി അവരെ കൃത്യമായി കരുതൽ തടങ്കലിലാക്കണം. ജാമ്യം നേടി പുറത്തിറങ്ങാനു ള്ള പഴുതുകൾ അടയ്ക്കണം. എങ്കിലേ ജനങ്ങൾക്ക് ഭയമില്ലാതെയും സമാധാനത്തോടെയും ജീവിക്കാനാവൂ. ഗുണ്ടകളുമായി ചില പൊലീസുകാർക്കുള്ള വഴിവിട്ട ബന്ധങ്ങളും നടപടികൾക്ക് തടസമാകുന്നുണ്ട്. രാഷ്ട്രീയ സ്വാധീനമുള്ളവരെ പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നെന്ന ആക്ഷേപവുമുണ്ട്.