പത്തനംതിട്ട: പത്തനംതിട്ട പുറമറ്റത്ത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ വളഞ്ഞിട്ട് ആക്രമിച്ച് സിപിഎം പ്രവർത്തകർ. സൗമ്യ ജോബിക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. ഓഫീസിന് മുന്നിൽ വച്ച് വനിതാ പ്രവർത്തകർ തന്നെ വളഞ്ഞിട്ട് ആക്രമിച്ചതായി സൗമ്യ പറഞ്ഞു. അക്രമികൾ ചുരിദാർ കീറുകയും ഷാൾ വലിച്ചെടുക്കുകയും ചെയ്തു. കോയിപ്രം സ്റ്റേഷനിൽ പരാതി നൽകിയെന്നും സൗമ്യ പറഞ്ഞു. പ്രസിഡന്റിനെതിരായ അവിശ്വാസം കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കയ്യേറ്റമുണ്ടായത്. പഞ്ചായത്ത് ഓഫിസിനു മുന്നിൽ തടഞ്ഞുവച്ച് ഉച്ചയ്ക്ക് 12.45 ന് ആയിരുന്നു സംഭവം. ഇത് സംബന്ധിച്ച് കോയിപ്രം പൊലീസിൽ സൗമ്യ പരാതി നൽകി.

അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്റെ വാശിയാണ് സിപിഎമ്മിന്. യുഡിഎഫ് പിന്തുണയോടെ മുന്നോട്ട് ഭരണം കൊണ്ടുപോകുമെന്നും സൗമ്യ പറഞ്ഞു. അതേസമയം സംഭവത്തിൽ നാല് സ്ത്രീകൾക്കെതിരെ കേസെടുത്തു. സിപിഎം പ്രവർത്തക ശോഭിക, മറ്റ് കണ്ടാലറിയാവുന്ന മൂന്ന് പേർ എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനം തല്ലി തകർത്തവർക്കെതിരെയും കേസെടുത്തു.

സൗമ്യയുടെ മുടിയിൽ പിടിച്ച് വലിച്ചതായും പറയുന്നു. സിപിഎം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാൻ, ഷിജു പി.കുരുവിള, ലോക്കൽ സെക്രട്ടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു കയ്യേറ്റം നടന്നതെന്ന് സൗമ്യ പറഞ്ഞു. എൽഡിഎഫ് സ്വതന്ത്രയായാണ് സൗമ്യ മത്സരിച്ചത്. സൗമ്യയ്ക്ക് ഒരു വർഷത്തെ കാലാവധിയാണ് പാർട്ടിക്കുള്ളിലെ ധാരണപ്രകാരം പറഞ്ഞിരുന്നത്. എന്നാൽ ഇതിനുശഷവും രാജിവയ്ക്കാത്തതിനെ തുടർന്ന് എൽഡിഎഫ് അംഗങ്ങൾ തന്നെ ഇവർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. ഈ അവിശ്വസപ്രമേയം ക്വാറം തികയാത്തതിനാൽ കഴിഞ്ഞദിവസം ചർച്ചയ്‌ക്കെടുക്കാതെ പരാജയപ്പെട്ടിരുന്നു.

ഇതേ തുടർന്ന് ഇവർക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ജീപ്പും കുറച്ചാളുകൾ തല്ലി തകർത്തിരുന്നു. തുടർന്നാണ് ഇന്ന് സൗമ്യയ്‌ക്കെതിരെ ആക്രമണം ഉണ്ടാകുന്നത്. അവിശ്വാസം കൊണ്ടുവന്നതിനെ തുടർന്ന് കോൺഗ്രസിനൊപ്പം ചേർന്നതിനാൽ എൽഡിഎഫ് അംഗങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് സൗമ്യ ആരോപിക്കുന്നത്.