ന്യൂഡൽഹി: ഗുജറാത്തിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ആക്രമിച്ച സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാനുള്ള ബിജെപിയുടെ ശ്രമം പാളി. സംഭവത്തിൽ അറസ്റ്റിലായത് ബിജെപി പ്രാദേശിക നേതാവാണെന്ന് വ്യക്തമായതോടെയാണ് സംഭവത്തിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്ന കാര്യം ബോധ്യമായത്.

ബിജെപിയുടെ യുവജന വിഭാഗത്തിന്റെ ബനാസ്‌കാന്ത ജില്ലാ ജനറൽ സെക്രട്ടറി ജയേഷ് ദാർജിലാണ് അറസ്റ്റിലായത്. തനിക്കെതിരായ ആക്രമണത്തിനു പിന്നിൽ ബിജെപിയും ആർഎസ്എസ്സുമാണെന്ന് വ്യക്തമാക്കി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. അഹമ്മദാബാദിൽ നിന്ന് ഇരുനൂറോളം കിലോമീറ്റർ അകലെ ബനാസ്‌കാന്തയിലെ ധനേറയിലാണ് രാഹുലിന്റെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിൻഭാഗത്തെ ജനൽച്ചില്ല് കല്ലേറിൽ പൊട്ടി. മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന രാഹുൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അംഗരക്ഷകരായ കമാൻഡോകളിൽ ചിലർക്കു പരുക്കേറ്റിരുന്നു.

മനോത്രയിലും സമീപപ്രദേശങ്ങളിലും പ്രളയത്തിൽ കുടിയൊഴിക്കപ്പെട്ട ജനങ്ങളുമായി സംസാരിച്ച ശേഷമാണു രാഹുൽ ധനേറയിലെത്തിയത്. അവിടെ പ്രസംഗിക്കാനും ഉദ്ദേശ്യമുണ്ടായിരുന്നെങ്കിലും ആക്രമണം കാരണം റദ്ദാക്കി. ധനേറ ഹെലിപ്പാഡിലേക്കുള്ള വഴിയിലും കാറിനു നേരേ ആക്രമണം തുടർന്നു. ഈ ആക്രമണത്തിലാണ് കാറിന്റെ പിൻചില്ലു തകർന്നത്.

നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിൽ ബിജെപിക്കാരാണ് ആക്രമണം നടത്തിയതെന്നാണ് ആദ്യം മുതലേ കോൺഗ്രസിന്റെ നിലപാട്. അതേസമയം, അസംതൃപ്തരായ ജനക്കൂട്ടമാണ് അക്രമത്തിനു പിന്നിലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. അതേസമയം രാഹുൽ ഗാന്ധിയെ ആക്രമിച്ച സംഭവം ദേശീയ തലത്തിൽ വലിയ ചർച്ചയാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. പാർലമെന്റിന്റെ ഇരു മണ്ഡലങ്ങളിലും വിഷയം ഉന്നയിച്ച് പ്രതിഷേധം നടത്താൻ ഉറപ്പിച്ചിരിക്കയാണ് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും.

അതേസയം മഹാത്മഗാന്ധിയുടെ ജന്മനാട്ടിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ ആക്രമിച്ചതിലൂടെ ബിജെപിയുടെ ഫാസിസ്റ്റ് മുഖമാണ് പ്രകടമായിരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി. രാഹുൽഗാന്ധിയെ അക്രമിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ബിജെപിക്കും ആർ.എസ്.എസിനും ഒഴിഞ്ഞുമാറാനാകില്ല. കോൺഗ്രസ് ഉപാധ്യക്ഷനെതിരെയുണ്ടായ അതിക്രമത്തെ അപലപിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായില്ല. ഈ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയാൻ ബിജെപി നേതൃത്വം തയ്യാറാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ അക്രമത്തെ അപലപിക്കാൻ തയ്യാറാകാതെ അതിനെ ന്യായീകരിക്കാനാണ് ബിജെപി നേതാക്കൾ ശ്രമിക്കു ന്നതെന്ന് കെപിസിസി. പ്രസിഡന്റ് എം.എം.ഹസൻ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിടുന്ന ബിജെപി.ആർഎസ്.എസ് സംഘപരിവാർശക്തികൾക്കെതിരെ മതേതര വിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് സർക്കാരുകൾ രാജ്യത്തിന്റെ മതേതരത്വത്തെ ശക്തിപ്പെടുത്തതിന് നടപടികൾ സ്വീകരിച്ചപ്പോൾ അതിന് കടക വിരുദ്ധമായ സമീപനമാണ് നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാരിന്റേതെന്നും എം.എം.ഹസൻ പറഞ്ഞു.
ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി 'ഇന്ദിരാഗാന്ധി: കാലം മായ്ച്ചാലും മായാത്ത ചരിത്രചിത്രം' എന്ന ഫോട്ടോപ്രദർശനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ഇരുവരുടെയും പ്രതികരണം.