വാഷിങ്ടൺ: അമേരിക്കയിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്‌പ്പിൽ നാലുപേർ കൊല്ലപ്പെട്ടു. ബർലിങ്ടണിലെ കാസ്‌കെയ്ഡ് മാളിലെത്തിയ ഒരാൾ മാളിലെത്തിയവർക്കുനേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

സംഭവത്തെ തുടർന്ന് ഇവിടെ നിന്ന ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരാൾ ഒറ്റയ്ക്കാണോ അതോ ഒരു സംഘമാണോ അക്രമം നടത്തുന്നതെന്നും സ്ഥിരീകരിച്ചിട്ടില്ല. വെടിവയ്‌പ്പു നടത്തിയ ആൾ അതിനുശേഷം കടന്നുകളഞ്ഞതായി മറ്റൊരു റിപ്പോർട്ടിൽ പറയുന്നു.

മാളിലെത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ അവിടെയുള്ളവരെ ഒഴിപ്പിച്ച ശേഷം പരിശോധന നടത്തിവരികയാണ്. മാളിന് ചുറ്റിനുള്ള റോഡുകളും വെടിവയ്‌പ്പുണ്ടായതോടെ അടച്ചു. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും ഭീകര ഗ്രൂപ്പുമായി ബന്ധപ്പെട്ടയാളാണോ അക്രമത്തിന് പിന്നിലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.