പാലക്കാട്:സംസ്ഥാനത്ത് പൂട്ടിയ ബാറുകൾ ഇനി തുറക്കേണ്ടെന്ന് സുപ്രീംകോടതി വിധി സർക്കാറിനും മദ്യവിരോധകൾക്കും ശുഭ വാർത്തയാകുമ്പോൾ 20 വർഷമായി മദ്യ നിരോധനം നിൽ നിൽക്കുന്ന അട്ടപ്പാടിയിൽ നിന്നു വരുന്നത് മനസാക്ഷിയെ പിടിച്ചുലക്കുന്ന വാർത്തകൾ.

പേരിൽ മദ്യ നിരോധിത സ്ഥലമെങ്കിലും എവിടെ വേണമെങ്കിലും മദ്യം ലഭിക്കും. അതും വീര്യം കൂടിയ വിഷമദ്യം. വിഷം മദ്യം കഴിച്ച് പിടഞ്ഞ് വീണു മരിക്കുന്നവരുടെ എണ്ണത്തിലും നിത്യേനയെന്നോണം വർദ്ധന.കഴിഞ്ഞ രണ്ടു മാസത്തിന്നിടെ തന്നെ വിഷമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 20 ലധികം വരും. പക്ഷെ ഒരു തെരുവ് പട്ടിയുടെ വില പോലും ഇവരുടെ മരണത്തിനില്ല.മരണത്തിനും ക്യത്യമായ കണക്കില്ല.ഒരു ദിവസം തന്നെ മൂന്നുപേർ വരെ വിഷമദ്യം കഴിച്ചു മരിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്.

ക്രിസ്തുമസിന് തലേന്നാൾ മദ്യം കഴിച്ചു ബോധമറ്റ് വീണു മരിച്ചത് മൂന്നു പേരാണ്. പക്ഷെ പേരിനു പോലും ഒരു കേസില്ല. പോസ്റ്റംമാർട്ടം നടത്തി അമിത മദ്യപാനമാണ് മരണകാരണമെന്ന് വിധിയെഴുതി മ്യതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.അമിത മദ്യപാനം നടത്തി വഴിയരികിൽ മരിച്ചു വീണ് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കിയതിന് പരേതന്റെ പേരിൽ കേസെടുക്കാത്തത് ഭാഗ്യം എന്ന വിധത്തിലാണ് അധിക്യതരുടെ നിലപാട്. ആദിവാസി മേഖലയായ അട്ടപ്പാടിയിൽ ജനങ്ങളുടെ മദ്യപാനാസക്തി വർദ്ധിച്ചപ്പോഴാണ് സർക്കാർ മദ്യം നിരോധിച്ചത്.

ആദിവാസി സമൂഹത്തെ മദ്യപാനത്തിൽ നിന്ന് മോചിപ്പിക്കുകയെന്ന ഉദ്ദേശത്തിലായിരുന്നു ആ തീരുമാനം. എന്നാൽ മദ്യപാനം ഒരു ശീലമാക്കിയ ഒരു ജനതയെ ബോധവൽക്കരണം നടത്തി മദ്യ ഉപയോഗം കുറച്ചു കൊണ്ടു വരുന്നതിന് പകരം നേരിട്ട് മദ്യ നിരോധനം നടപ്പിലാക്കിയത് തിരിച്ചടിയാണ് ഈ പ്രദേശത്ത് ഉണ്ടാക്കിയത്. മദ്യ നിരോധനം നടപ്പിലുള്ള അട്ടപ്പാടി മേഖലയിൽ ഒരു ദിവസം വിറ്റഴിയുന്നത് ആറു ലക്ഷത്തിലേറെ രൂപയുടെ വ്യാജ മദ്യമാണ്.

അട്ടപ്പാടിയിൽ മദ്യഷാപ്പുകൾ നിർത്തലാക്കിയപ്പോൾ ഏത് മുക്കിലും മൂലയിലും ഏത് സമയത്തും മദ്യം ലഭിക്കുന്ന അവസ്ഥയുണ്ട്. ഈ പ്രദേശത്ത് വ്യാജമദ്യം വിൽക്കുന്ന അഞ്ഞൂറിലേറെ പേർ തന്നെയുണ്ട്. മദ്യം ലഭിക്കുന്ന സ്ഥലങ്ങളും സുലഭം. ഇതിനും പുറമെ അതിർത്തി പ്രദേശമായ തമിഴ്‌നാട്ടിൽ മദ്യം സുലഭമാണ്. അതിർത്തി പ്രദേശമായ ആനക്കട്ടിയിൽ തമിഴ്‌നാട്ടിൽ വിദേശമദ്യ ഷോപ്പുകളുണ്ട്. നടന്നു പോയി വിഷമദ്യം കഴിച്ച് കേരള അതിർത്തിയിലെത്തുന്നവരുടെ എണ്ണം കൂടുതലാണ്.

അട്ടപ്പാടിക്കാർക്ക് വേണ്ടി പ്രത്യേകമായി വ്യാജ മദ്യം ഉണ്ടാക്കുന്ന സംഘങ്ങളും സുലഭമാണ്. ഇവർ ഉണ്ടാക്കുന്ന വിഷമദ്യം കഴിച്ച് മരിക്കുന്നരുടെ എണ്ണം വാർത്ത കൂടിയാകുന്നില്ല.കേരള അതിർത്തിയിൽ വീണ് മരിക്കുന്നവരുടെ എണ്ണം മാത്രമാണ് പകുതിയെങ്കിലും പുറത്തു വരുന്നത്.തമിഴ്‌നാട്ടിൽ മരിക്കുന്നവരുടെ എണ്ണമില്ല.കേരളത്തിൽ മദ്യ നിരോധനം ഉള്ളതിനാൽ ഇവിടെ മദ്യം വിൽക്കുന്നില്ലെന്നാണ് സർക്കാറിന്റെ വാദം.