പാലക്കാട്: ആദിവാസി യുവാവായ മധുവിന്റെ മരണത്തിൽ സർക്കാർ നടപടിയെടുക്കുന്നത് കസ്റ്റഡി മരണത്തിന്. പൊലീസ് ജീപ്പിൽ വച്ചാണ് മധു മരിച്ചത്. നാട്ടുകാരിൽ നിന്ന് മധുവിനെ പിടികൂടി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ഛർദ്ദിച്ചെന്നും തുടർന്ന് മരിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസിന് കൈമാറുമ്പോൾ മധുവിനെ മരണകാരണമായ പരിക്കൊന്നും ഉണ്ടായിരുന്നില്ലെന്ന വാദവും സജീവമാണ്. അതിനിടെ മധുവിനെ കവലയിൽ ഇട്ട് തല്ലിയ മുക്കാലി ഡ്രൈവേഴ്‌സ് ഇഡിസിയിലെ അംഗങ്ങളിൽ ബഹുഭൂരിഭാഗവും ഒളിവിൽ പോയി. ഇവർക്കായി പൊലീസ് ഊർജ്ജിത അന്വേഷണവും തുടങ്ങിയിട്ടുണ്ട്. അതിനിടെയിലാണ് പൊലീസിനെതിരേയും ആരോപണം ശക്തമാകുന്നത്.

കസ്റ്റഡി മരണത്തിന്റെ സ്വഭാവം കേസിനുണ്ടെന്ന് സർക്കാരും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് അന്വേഷണത്തിന് സബ് ജഡ്ജിനെ നിയോഗിച്ചതും. ഒറപ്പാലം ആർഡിഒയാകും പ്രാഥമികമായ അന്വേഷണം നടത്തുക. ഈ അന്വേഷണത്തിൽ പൊലീസിനെതിരെ തെളിവ് കിട്ടിയാൽ അവരും പ്രതിയാകും. മൂന്ന് പേർ കസ്റ്റഡിയിലുണ്ട്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ ശിക്ഷ തന്നെ പ്രതികൾക്ക് നൽകും. പ്രതികളെ ഉടൻ പിടികൂടും. ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് വാഹനത്തിൽ മരണപ്പെട്ടതിനാൽ ഇതിന് കസ്റ്റഡി സ്വഭാവമുണ്ട്. അക്കാര്യവും അന്വേഷിക്കുമെന്നും മന്ത്രി എകെ ബാലൻ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി ബാലൻ പറയുന്നു. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരാളെ തല്ലിക്കൊല്ലാൻ ആർക്കും അധികാരമില്ല. അന്വേഷണം നടത്താൻ എസ്‌പിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് മധുവിന്റെ അമ്മ മല്ലി. എല്ലാവരും ചേർന്ന് തന്റെ മകനെ തല്ലിക്കൊന്നതാണ്. ഒമ്പതു മാസമായി മധുവിന്റെ താമസം കാട്ടിലാണ്. അവിടെ അവൻ എങ്ങനെയെങ്കിലും ജീവിച്ചേനെയെന്നും മല്ലി കണ്ണീരോടെ പറഞ്ഞു. മകന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നു. മധു മോഷ്ടിച്ചിട്ടില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടു.

സംഭവത്തിൽ സമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ് . സാധാരണക്കാർ മുതൽ മുഖ്യമന്ത്രിയടക്കമുള്ളവർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. രാജ്യത്തെ നമ്പർ വൺ സംസ്ഥാനത്ത് നടന്ന സംഭവം ദേശീയ തലത്തിലും ചർച്ചയായി. മാണിക്യ മലർ ഗാനത്തിന്റെ തള്ളിച്ചയിലായിരുന്ന കേരളത്തിന് മുഖത്തടിയേറ്റ സംഭവമായി അട്ടപ്പാടിയിലേത്. യുവാവിനെ മർദിക്കുന്ന സമയത്തെടുത്ത സെൽഫി ക്രൂരതയുടെ പര്യായമായി സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞോടുകയാണെന്ന അഭിപ്രയാമാണ് ഉയരുന്നത്. വിഷയത്തിൽ നാട്ടുകാർക്കെതിരെയാണ് പ്രതികരണങ്ങൾ ഏറെയും.

ഇതിനിടെയാണ് പൊലീസ് ജീപ്പിനുള്ളിൽ മധുവിന് മർദ്ദനമേറ്റിട്ടുണ്ടാകാമെന്ന അഭിപ്രായവും സജീവമാകുന്നത്. മോഷണക്കേസിൽ നാട്ടുകാർ പിടിച്ചു നൽകിയ പ്രതിയാണ് മരിച്ചതെന്ന് മാധ്യമങ്ങളെ അറിയിച്ചത് പൊലീസാണ്. മോഷണക്കേസ് പ്രതിയായി മധുവിനെ മാറ്റിയത് കസ്റ്റഡി മരണത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ്. ഇതാണ് പിന്നീട് സോഷ്യൽ മീഡിയയിലൂടെ കത്തിപ്പടർന്നത്. ഇതോടെ സംഭവത്തിൽ ഏഴ് പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം നടത്താനും കർശന നടപടിയെടുക്കാനും ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ബാലൻ അറിയിച്ചു. എസ്‌പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണാർക്കാട് താലൂക്കിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരെയും അറസ്റ്റു ചെയ്യണമെന്ന് ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. പാൽ, പത്രം സ്വകാര്യ വാഹനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.