- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി മധുവധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ കോടതി എടുത്ത തീരുമാനം അപൂർവങ്ങളിൽ അപൂർവം; ജാമ്യം റദ്ദായെങ്കിലും കേസിൽ ഇനിയും വെല്ലുവിളികളെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ; പ്രതികളുടെ ഭീഷണി അടക്കം നേരിട്ട് കഷ്ടപ്പെട്ട കേസിലെ ഉത്തരവിൽ സന്തോഷമെന്ന് മധുവിന്റെ കുടുംബം
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയതിൽ വളരെ സന്തോഷം ഉണ്ടെന്ന് മധുവിന്റെ അമ്മ മല്ലി. നേരത്തെ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. അത്രയേറെ താൻ കഷ്ടപ്പെട്ടു. കരഞ്ഞുനടന്നു. ഇനിയാർക്കും മധുവിനെപ്പോലെ സംഭവിക്കാൻ പാടില്ലെന്നും അവർ പറഞ്ഞു.സഹായിച്ചവർക്കെല്ലാം നന്ദിയുണ്ട്. എനിക്ക് ദൈവമുണ്ട്. ഇനി നല്ലരീതിയിൽ കേസ് മുന്നോട്ടുപോകുമെന്നാണ് കരുതുന്നതെന്നും മധുവിന്റെ അമ്മ പ്രതികരിച്ചു.
പല ഭീഷണികളും നേരിട്ടാണ് കേസിൽ മുന്നോട്ടുപോയത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി വിധിയിൽ സന്തോഷമുണ്ടെന്നും മധുവിന്റെ സഹോദരി സരസ്വതിയും പ്രതികരിച്ചു. ഇതിന് വേണ്ടി പ്രയത്‌നിച്ച എല്ലാവരോടും നന്ദിയുണ്ട്. ഈ വിധിയിൽ എന്ത് പറയണം എന്നറിയില്ല. തകർന്നടിഞ്ഞിടത്ത് നിന്നാണ് ഈ കേസ് ഉയർത്തെഴുന്നേറ്റത്. എന്റെ മധുവിന് നീതി കിട്ടില്ലേയെന്ന് ആശങ്കപ്പെട്ടിരുന്നു. ഇപ്പോൾ മധുവിന് നീതി കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും മാധ്യമങ്ങളോട് കടപ്പെട്ടിരിക്കുന്നതായും മധുവിന്റെ സഹോദരി പ്രതികരിച്ചു.
അതേസമയം, അപൂർവങ്ങളിൽ അപൂർവമായി മാത്രമേ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള തീരുമാനം കോടതിയിൽ നിന്ന് ഉണ്ടാകാറുള്ളൂ എന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പ്രതികരിച്ചു. കേസിലെ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്താനായി. 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അത് കോടതി അംഗീകരിച്ചു. സാക്ഷികൾ കൂട്ടത്തോടെ കൂറുമാറുന്നതിന് പിന്നിലുള്ള കാരണം കോടതിയെ ബോധ്യപ്പെടുത്താനായി എന്നും അദ്ദേഹം പ്രതികരിച്ചു.
12 പ്രതികളുടെ ജാമ്യം റദ്ദാക്കിയെങ്കിലും കേസിൽ ഇനിയും വെല്ലുവിളികളുണ്ടെന്ന് രാജേഷ് എം. മേനോൻ പറഞ്ഞു. സ്വാധീനത്തിന് വഴങ്ങിയ സാക്ഷികളുണ്ടെങ്കിൽ ഇനിയും കൂറുമാറ്റത്തിനുള്ള സാഹചര്യമുണ്ട്. നാലുവർഷത്തോളം പ്രതികളെ സമൂഹത്തിൽ തുറന്നുവിട്ടത് വലിയ ചോദ്യചിഹ്നമാണ്. ഇതുതന്നെയാണ് പ്രോസിക്യൂഷൻ നേരിടുന്ന വലിയ പ്രശ്നവും. കേസിന്റെ തുടക്കം തൊട്ട് ഇക്കാര്യം പറയുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
'നാലുവർഷത്തിന് ശേഷം വിചാരണ തുടങ്ങുമ്പോൾ എന്തുകൊണ്ട് സാക്ഷികൾ കൂറുമാറുന്നുവെന്ന് ചോദിച്ചിട്ട് കാര്യമില്ല. അതിനുള്ള സാഹചര്യം ഒരുക്കി കൊടുത്തത് ആരാണെന്ന് ജനം തീരുമാനിക്കട്ടെ. ഫെബ്രുവരി 16-നാണ് ഞാൻ ഈ കേസിൽ അഡീഷണൽ പ്രോസിക്യൂട്ടറാകുന്നത്. ജൂലായ് മാസത്തിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി. ഞാനല്ല പ്രതികൾക്ക് ഈ സൗകര്യം കൊടുത്തത്. ഇനിയും പ്രതികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നീക്കങ്ങളുണ്ടാകരുത്, അതിനുവേണ്ടിയാണ് പ്രോസിക്യൂഷൻ ഈ ആവശ്യവുമായി മുന്നോട്ടുപോയത്''- അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ