പാലക്കാട്: അട്ടപ്പാടി ആശുപത്രിയിൽ വെള്ളം കിട്ടാത്തു കൊണ്ട് ശസ്ത്രക്രിയ മുടങ്ങിയത് കുറച്ചു ദിവസം മുമ്പാണ്. അതിന് മുമ്പ് ശിശുമരണം നിയമസഭയിൽ ചർച്ചയായപ്പോൾ സ്ഥലം എംഎൽഎ ഷംസുദ്ദീനെ കടന്നാക്രമിച്ച് മന്ത്രി വീണാ ജോർജ് ചർച്ചകളിലെ താരമായി. അങ്ങോട്ട് പോയി നോക്കിയാൽ സത്യം അറിയാമെന്നതായിരുന്നു പരിഹാസം. എന്നാൽ മന്ത്രി പറയുന്നത് പോലെയല്ല അട്ടപ്പാടിയിലെ കാര്യങ്ങൾ. അവിടെ രോഗികൾ കഷ്ടതയിലാണ്.

തിരുവല്ലയിൽ മന്ത്രി നടത്തിയ മിന്നൽ സന്ദർശനം ചർച്ചയും വിവാദവുമായി. അത്തരത്തിലൊരു സന്ദർശനം അട്ടപ്പാടിക്കും അനിവാര്യതയാണ്. അട്ടപ്പാടിയിൽ മൃതദേഹം കൊണ്ട് പോകാൻ ആംബുലൻസ് താമസിച്ച സംഭവവും ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണെന്ന് ആക്ഷേപം സജീവമാണ് മൂന്ന് മണിക്കൂറാണ് അട്ടപ്പാടിയിലെ വനവാസിയായ ഷോളയൂർ വെച്ചപ്പതി സ്വദേശി രംഗസ്വാമിയുടെ മൃതദ്ദേഹം ആശുപത്രി മോർച്ചറിയിൽ കിടന്നത് .രംഗസ്വാമിയുടെ മൃതദ്ദേഹം ഞായറാഴ്ച വൈകിട്ടാണ് അഗളി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. അടുത്ത ദിവസം രാവിലെ 11 മണിക്ക് മുമ്പായി പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദ്ദേഹം കൊണ്ടുപോകാൻ തയ്യാറെടുക്കുമ്പോഴാണ് ആംബുലൻസില്ലെന്ന് വിവരം അറിഞ്ഞത്.

മറ്റൊരു ഊരിലേക്ക് പോയിരിക്കുന്ന ആംബുലൻസ് മടങ്ങിയെത്തതിന് ശേഷം മാത്രമേ മൃതദ്ദേഹം കൊണ്ട് പോകാനാവൂ എന്ന് ആശുപത്രി ജീവനക്കാർ ബന്ധുക്കളെ അറിയിച്ചു. പട്ടിക വർഗക്ഷേമ വകുപ്പിനെ വിളിച്ചെങ്കിലും രോഗിയെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലൻസ് മാത്രമേ നിലവിലുള്ളൂ എന്നതായിരുന്നു മറുപടി. കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എട്ട് ആംബുലൻസുകളുണ്ടെങ്കിലും ഇന്ധനം നിറക്കാൻ പണം അനുവദിക്കാത്തതിനാൽ പല വാഹനങ്ങളും കട്ടപ്പുറത്താണ്.

അട്ടപ്പാടിയിൽ വാഹനം കടന്നുപോകാൻ സൗകര്യമില്ലാത്തതിനാൽ നവജാത ശിശുവിന്റെ മൃതദേഹവും ചുമന്ന് അച്ഛൻ കനത്തമഴയിൽ നാല് കിലോമീറ്ററോളം നടന്നത് വലിയവിവാദമായിരുന്നു. കഴിഞ്ഞ മേയിൽ ഹോസ്പിറ്റലിൽ ചിക്തിത്സയ്ക്ക് എത്തിയ അർബുദരോഗിക്ക് ആംബുലൻസ് സേവനം ലഭിക്കാതെ ഇരിക്കുകയും ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസ് എടുത്തിരുന്നു. എന്നിട്ടും സ്ഥിതി മെച്ചപ്പെടുന്നില്ല. ഇതാണ് ഇപ്പോഴത്തെ സംഭവത്തിനും കാരണം.

കോട്ടത്തറ കൽക്കണ്ടി ഊരിൽനിന്നെത്തിയ മല്ലിക രംഗനും മകനുംആശുപത്രിയിൽ കഴിയേണ്ടിവന്ന സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. വായിൽ അർബുദം ബാധിച്ച വയോധിക തുടർ ചികിത്സക്കുവേണ്ടിയാണ് കോട്ടത്തറ ട്രൈബൽ ആശുപത്രി ഏർപ്പാടുചെയ്ത ആംബുലൻസിൽ മെഡിക്കൽ കോളജിലെത്തിയത്. രോഗിയെ ആശുപത്രിയിൽ വിട്ടശേഷം ആംബുലൻസുമായി ഡ്രൈവർ മടങ്ങി. ഒ.പിയിൽ പരിശോധനക്കെത്തിയ രോഗിയോട് സ്‌കാനിങ് ഉൾപ്പെടെ പരിശോധനകൾ നടത്തി ഫലവുമായി 26ന് അഡ്‌മിറ്റാകാനാണ് ഡോക്ടർമാർ നിർദ്ദേശം നൽകിയത്.

തുടർന്ന് തിരികെ നാട്ടിലേക്ക് പോകാൻ ശ്രമിച്ചപ്പോഴാണ് ആംബുലൻസ് തിരികെ പോയ വിവരമറിഞ്ഞത്. മെഡിക്കൽ കോളജ് ട്രൈബൽ പ്രമോർട്ടർമാരെ ബന്ധപ്പെട്ടപ്പോൾ അഡ്‌മിറ്റാകാതെ ആംബുലൻസ് സൗകര്യം അനുവദിക്കാൻ സാധിക്കില്ലെന്ന് അറിയിച്ചു. തുടർന്ന് ഇവർ ആശുപത്രിവരാന്തയിൽ കഴിച്ചുകൂട്ടി. അടുത്ത ദിവസം നാട്ടിൽനിന്ന് ആശാവർക്കർമാർ വിളിച്ച് വിവരം അന്വേഷിച്ചപ്പോഴാണ് വാഹനം ലഭിക്കാതെ ആശുപത്രിയിൽതന്നെ കഴിയുകയാണെന്നറിഞ്ഞത്. അവർ മെഡിക്കൽ കോളജ് ട്രൈബൽ പ്രമോട്ടർമാരുമായി ബന്ധപ്പെട്ടെങ്കിലും സാങ്കേതിക പ്രശ്നങ്ങൾമൂലം വാഹനം നൽകാൻ സാധിക്കില്ലെന്ന് ആശുപത്രിയിൽനിന്ന് അറിയിച്ചു. തുടർന്ന് പട്ടികവർഗ വകുപ്പ് ഇടപെട്ട് പാലക്കാട്ടുനിന്ന് വാഹനം അയച്ചാണ് ഇവരെ തിരികെ കൊണ്ടുപോയത്.

പട്ടികവർഗക്കാരെ ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ കൂടെ ട്രൈബൽ പ്രമോർട്ടർമാരുണ്ടാകണമെന്നും അഡ്‌മിറ്റാകും വരെ ആംബുലൻസ് കാത്തുനിൽക്കുകയും വേണമെന്നതാണ് ചട്ടം. അഡ്‌മിറ്റാണെങ്കിൽ വാഹനത്തിന് തിരികെ പോകാം. ഇല്ലെങ്കിൽ ഇവരെയും കൊണ്ടുപോകണം. ഇക്കാര്യങ്ങളിലുണ്ടായ വീഴ്ചകാരണമാണ് അമ്മക്കും മകനും ആശുപത്രി വരാന്തയിൽ ഒരുദിനം കഴിയേണ്ടിവന്നത്.