അടിമാലി: ഒരുദിവസ്സം ജോലിക്കെത്താത്തതിന്റെ പേരിൽ അന്യ സംസ്ഥാന തൊഴിലാളിക്ക് കടയുമയുടെ ക്രൂരമർദ്ദനം. ബീഹാർ സ്വദേശി മുഹമ്മദ് മുഫ്താഖാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. സാരമായി പരിക്കേറ്റ ഇയാൾ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കടയുടമ രാകുമാരി തെക്കേരിക്കൽ കീരനെന്ന് വിളിക്കുന്ന രതീഷിനെയും ഇയാളുടെ രണ്ട് സുഹൃത്തുകളെയും രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

")); // ]]>

അട്ടപ്പാടിയിൽ മോഷ്ടാവെന്ന് ആരോപിച്ച് മധുവെന്ന യുവാവിനെ സദാചാരപൊലീസ് ചമഞ്ഞ് ആൾക്കൂട്ടം തല്ലിച്ചതച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കേരള മനസ്സാക്ഷിയെ നടുക്കുന്ന ഇത്തരമൊരു സംഭവം ഇടുക്കി രാജകുമാരിയിൽ നിന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. ശനിയാഴ്‌ച്ച വൈകിട്ടോടെയാണ് സംഭവം. രാജകുമാരിയിൽ ഹോട്ടലും മാർക്കറ്റുമടക്കം നടത്തുന്ന തെക്കേരിക്കൽ രതീഷിന്റെ കടയിൽ ബജിയുണ്ടാക്കുന്ന തൊഴിലാളിയായിരുന്നു മുഹമ്മദ്. മുഹമ്മദ് ഒരുദിവസം ലീവെടുക്കുകയായിരുന്നു. ഇതിനാൽ ബജിയുണ്ടാക്കുന്നത് മുടങ്ങുകയും മറ്റ് കടകളിൽ കച്ചവടം നല്ല രീതിയിൽ നടന്നുവെന്നും ആരോപിച്ചാണ് യുവാവിനെ കടയുടമയും കൂട്ടുകാരും ചേർന്ന് തല്ലിച്ചതച്ചത്.

രതീഷും, സുഹൃത്തുക്കളായ രാജകുമാരി സ്വദേശികളായ പുതിയിടത്ത് വീട്ടിൽ ബെന്നി സ്‌കറിയാ, ബൈസൺവാലി നാല്പതേക്കർ സ്വദേശി കിഴക്കേപ്പറമ്പിൽ സജേഷ് എന്നിവരും ചേർന്ന് മുഹമ്മദ് താമസിക്കുന്ന മുറിയിൽ എത്തുകയും ഇയാളെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതുകണ്ട് ഭയന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഇതരസംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവിടെയിട്ട് തല്ലിച്ചതച്ച ശേഷവും അരിശം തീരാഞ്ഞ് ഈ യുവാവിനെ ഇവരുടെ വാഹനത്തിൽ കയറ്റി രതീഷിന്റെ കടയിലെ അടുക്കളയിൽ എത്തിച്ചു. അവിടെ വച്ചും മർദ്ദനം തുടർന്നു.

മർദ്ദനമേറ്റ് അവശനായ യുവാവ് പിന്നീട് രക്ഷപ്പെട്ടോടി സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇതുകൊണ്ടു മാത്രമാണ് ഇയാളുടെ ജീവൻ രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നു. അവസ്ഥ ഗുരുതരമാണെന്ന് കണ്ട് മുഹമ്മദിനെ പിന്നീട് ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്നുപേരെയും രാജാക്കാട് എസ് ഐപി ഡി അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

പന്ത്രണ്ട് വർഷമായി ഹൈറേഞ്ചിൽ ജോലിചെയ്യുന്ന ഇയാളുടെ പേരുവിവരങ്ങൾ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുമില്ല. ഇത്തരത്തിൽ നിരവധി ആളുകൾ ഇവിടെ ജോലിചെയ്യുന്നുണ്ടെന്നാണ് വിവരം. ക്രൂര മർദ്ദനത്തിന് ഇരയാക്കി പിടികൂടിയ പ്രതികളുടെ ചിത്രങ്ങൾ പകർത്തുന്നതിന് എത്തിയ മാധ്യമ പ്രവർത്തകർ മണിക്കൂറുകൾ കാത്തു നിന്നിട്ടും പൊലീസ് ചിത്രങ്ങൾ എടുക്കുന്നതിന് അനുവദിച്ചില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. അപ്പോൾ എസ്‌ഐ സ്ഥലത്തില്ലായിരുന്നു. പിന്നീട് വിവരമറിഞ്ഞ് എസ് ഐ ഇടപെട്ടാണ് വാർത്ത ചിത്രീകരിക്കുന്നതിന് നടപടി സ്വീകരിച്ചത്.