തിരുവനന്തപുരം: ഗുണ്ടാത്തലവൻ ആറ്റിങ്ങൽ അയ്യപ്പൻ 20 വർഷങ്ങൾക്ക് ശേഷം പിടിയിലായി. തമിഴ്‌നാട്ടിലെ തക്കല തൃക്കോവിൽവട്ടം പുഷ്പഗിരി വീട്ടിൽനിന്ന് ആറ്റിങ്ങൽ ബി.ടി.എസ് റോഡിൽ സുബ്രഹ്മണ്യവിലാസത്തിൽ (പാലസ് റോഡിൽ, ശബരി വീട്) താമസിച്ചിരുന്ന ആറ്റിങ്ങൽ അയ്യപ്പൻ എന്നറിയപ്പെട്ടിരുന്ന ബിജു (50) ആണ് പിടിയിലായത്. കൊലപാതകം, വധശ്രമം, മോഷണമടക്കം ഒട്ടനവധി കേസുകളിൽ പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാട്ടിലെ മേൽവിലാസമുപയോഗിച്ച് കരസ്ഥമാക്കിയ പാസ്‌പോർട്ട് ഉപയോഗിച്ച് ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാൾ, ഡൽഹി, മുംബൈ എയർപോർട്ടുകൾ വഴി രഹസ്യമായി ഇയാൾ നാട്ടിൽ വന്നുപോയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ബംഗളൂരുവിലും തമിഴ്‌നാട്ടിലും രഹസ്യമായി വസ്തുവും വീടും വാങ്ങി മാറി മാറി ഒളിവിൽ താമസിച്ചിരുന്നു. വിദേശത്ത് ബിസിനസുകൾ നടത്തിയിരുന്നു. വിദേശത്തായിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെ ഉപയോഗിച്ച് ഇയാൾ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും ഗുണ്ടാപിരിവും നടത്തിയിരുന്നു. ഇതിനും ഇയാളുടെ പേരിൽ കേസുകളുണ്ട്.

കടയ്ക്കാവൂർ കൊല്ലമ്പുഴയിൽ മണിക്കുട്ടൻ എന്നയാളെ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും തിരുവനന്തപുരം സിറ്റിയിൽ തിരുവല്ലത്ത് അമ്പലത്തറ കല്ലുമൂട്ടിൽ വെച്ച് അബ്ദുൽ ജബ്ബാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെയും പ്രധാന പ്രതിയാണ് ബിജു. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, വർക്കല, മെഡിക്കൽ കോളജ്, മ്യൂസിയം, പൂജപ്പുര, തിരുവല്ലം പൊലീസ് സ്റ്റേഷൻ പരിധികളിലെ വധശ്രമ കേസുകളടക്കം നിരവധി കേസുകളിലെയും പിടികിട്ടാപ്പുള്ളിയാണിയാൾ. ഗൾഫിൽ നിന്ന് നാട്ടിലുള്ളവരെ ഭീഷണിപ്പെടുത്തി പണം പിരിച്ചിരുന്നു. നൽകുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിപ്പിക്കുകയാണ് ചെയ്തിരുന്നത്. വ്യാപാരികളും റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തുള്ളവരുമാണ് ഇതിന് ഇരയായിരുന്നത്.

നിരവധി സംഭവങ്ങൾ പൊലീസിന്റെ അറിവിൽ വന്നെങ്കിലും ആരും പരാതിപ്പെടാൻ തയാറായിരുന്നില്ല. ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും പ്രതിക്ക് ലഭിച്ചിരുന്നു. ഒന്നര പതിറ്റാണ്ടിലേറെ കാലമായി നേരിട്ട് അക്രമങ്ങൾ നടത്തിയിരുന്നില്ല. എങ്കിലും ഗുണ്ടാപിരിവ് സജീവമായിരുന്നു.

ഒളിവിൽ കഴിഞ്ഞത് പൊൻകുന്നം പൈഗയിൽ

പലപ്പോഴായി ഇന്ത്യയിൽ വന്നുപോയെങ്കിലും വ്യാജ പാസ്‌പോർട്ടിൽ വരുന്നതിനാലും നേപ്പാൾ വഴി വാഹനത്തിൽ വരുന്നതിനാലും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സമീപ കാലത്ത് ഭീഷണിപ്പെടുത്തി പണം പിരിക്കുന്നത് സംബന്ധിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്‌പി പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന്, ആറ്റിങ്ങൽ അയ്യപ്പൻ എന്നറിയപ്പെട്ടിരുന്ന ബിജുവിന്റെ രഹസ്യ സങ്കേതങ്ങളും ഇന്ത്യയിൽ വന്നാൽ ബന്ധപ്പെടുന്ന വ്യക്തികളെയും കണ്ടെത്തി. ഇവരെ നിരീക്ഷിച്ചാണ് കോട്ടയത്തെ സങ്കേതത്തിൽനിന്ന് പൊലീസ് പിടിയിലായത്.

കോട്ടയം പൊൻകുന്നം പൈഗയിൽ വാടകയ്ക്ക് വീടെടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. തിരുവനന്തപുരം റൂറൽ എസ്. പി ബി,മധുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിയ രഹസ്യ നീക്കത്തിലൂടെ സാഹിസികമായാണ് പ്രതിയെ പിടികൂടിയത്. ഏഴു പേരടങ്ങിയ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ഒരാഴ്ചയായി അയ്യപ്പന്റെ വാടക വീടിന് സമീപം രഹസ്യമായി താമസിച്ച് നീക്കങ്ങൾ നീരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ ഡി.വൈ.എസ്‌പി പി.ഗോപകുമാർ, സി. ഐ. ടി. രാജേഷ്‌കുമാർ, എസ് ഐ ജ്യോതിഷ് ചിറവൂർ പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ മാരായ എം. ഫിറോസ്ഖാൻ, എ.എച്ച് .ബിജു, എഎസ്ഐ മാരായ ബി.ദിലീപ്, ആർ.ബിജുകുമാർ, സി.പി.ഒ സുധീർ,സുനിൽരാജ്, അനൂപ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പിടികൂടിയത്.