തിരുവനന്തപുരം: കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഇരട്ടകൊലപാതക കേസിൽ പ്രതികളെ ശിക്ഷിച്ചു കൊണ്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നടത്തിയത് രൂക്ഷമായ പരാമർശങ്ങൾ. ഒരു കുഞ്ഞിന്റെ പിതാവായിരുന്നിട്ടും കേസിലെ ഒന്നാം പ്രതി നിനോ മാത്യു ചെയ്തത് സമാനതകളില്ലാത്ത ക്രൂരതയാണെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. സ്വന്തം കുഞ്ഞിനേക്കാൾ പ്രായം കുറഞ്ഞ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു നിനോയെന്നാണ് കോടതി ജഡ്ജി ജഡ്ജി വി.ഷെർസ പറഞ്ഞത്.

അവിഹിത ബന്ധത്തിന് തടസം നീക്കാൻ വേണ്ടിയാണ് കൊലപാതം നടത്തിയത്. അതുകൊണ്ട് സൗദിയിലെ പെർഫ്യൂമുകൾ മുഴുവൻ പൂശിയാലും നിനോ മാത്യുവിന്റെ മേലുള്ള ദുർഗന്ധം മാറില്ലെന്ന് കോടതി പറഞ്ഞു. അനുശാന്തി മാതൃത്വത്തിന് അപമാനമെന്നും കോടതി നിരീക്ഷിച്ചു. സ്വന്തം ലൈംഗിക തൃഷ്ണയ്ക്ക് വേണ്ടി സമാനതകളില്ലാത്ത ക്രൂരതയാണ് പ്രതികളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും കോടതി പറഞ്ഞു.

അതിക്രൂരമായ കൊലപാതകമാണിത്. നിനോ കുട്ടിയുടെ ജീവിതം മുളയിലേ നുള്ളി. നിരാലംബയായ കുട്ടിയെ കൊന്നു. കാമപൂർത്തീകരണത്തിനായിരുന്നു ഈ കൊടുംക്രൂരതയെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതി കണക്കിലെടുത്തുമാണ് അനുശാന്തിയെ വധശിക്ഷയിൽനിന്ന് ഒഴിവാക്കിയതെന്നും കോടതി വ്യക്തമാക്കി. നിർണ്ണായകമായ വിധി പ്രസ്താവിച്ചത് നിർവികാരതയോടെയാണ് പ്രതികൾ കേട്ടു നിന്നത്.

നേരത്തെ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വേളയിലും കോടതിയുടെ ഭാഗത്തും നിന്നും രൂക്ഷ വിമർശനം നേരിടേണ്ടി വന്നിരുന്നു. എന്നാൽ, കുഞ്ഞിനെ കൊല്ലാൻ കൂട്ടു നിന്ന അമ്മയെന്ന് തന്നെ കണക്കാക്കരുതെന്നായിരുന്നു അനുശാന്തി ആവശ്യപ്പെട്ടത്. എന്നാൽ അത് മുഖവിലയ്‌ക്കെടുക്കാൻ കോടതി തയ്യാറായില്ല. മാതൃത്വത്തിന് അപമാനമാണ് അനുശാന്തിയെന്ന് തന്നെയാണ് കോടതി വ്യക്തമാക്കിയത്.

അതേസമയം കോടതി വിധിയെ അനുശാന്തിയുടെ ഭർത്താവ് ലിജീഷ് സ്വാഗതം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർക്കും കോടതിക്കും നന്ദി അറിയുക്കുന്നതായും ലിജീഷ് പറഞ്ഞു. കാമുകനൊപ്പം ജീവിക്കാൻ സ്വന്തം കുട്ടിയെ കൊലപ്പെടുത്താൻ പോലും ഒരമ്മ കൂട്ടു നിന്നു എന്നതാണ് ആറ്റിങ്ങൽ ഇരട്ട കൊലപാതകക്കേസിനെ ഇത്രമേൽ ജനശ്രദ്ധ നേടാൻ ഇടയാക്കിയിരുന്നത്. ലൈംഗിക തൃഷ്ണയ്ക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ ബലികൊടുത്ത അമ്മയോട് കടുത്ത രീതിയിലാണ് കേരളം പ്രതികരിച്ചതും.

പ്രോസിക്യൂഷൻ 49 സാക്ഷികളെ വിസ്തരിച്ചിരുന്നു. 85 രേഖകളും 41 തൊണ്ടിമുതലുകളും കേസിലേക്ക് പരിഗണിച്ചു. കൊലയ്ക്കുവേണ്ടി വീട്ടിൽ അതിക്രമിച്ചുകടക്കൽ, കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, കുറ്റകൃത്യത്തിന് പരസ്പര സഹായമാകുന്ന തെളിവ് കൈമാറൽ, അശ്ലീലദൃശ്യങ്ങൾ കൈമാറൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്.

സ്വന്തം ഭർത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കിയാൽ കൂടെ താമസിക്കാമെന്നാണ് അനുശാന്തി കാമുകനായ നിനോയോട് പറഞ്ഞത്. വീട്ടിലെത്തി കുഞ്ഞിനെ വകവരുത്താനുള്ള ഗൂഢാലോചനയിലും ഇവർ പങ്കാളിയായി. വീട്ടിലേക്കുള്ള വഴിയുടെ രേഖാ ചിത്രം പ്രതിക്ക് നൽകി. കൊലപാതകത്തിന് സഹായമായി സ്ഥലവും പരിസരവും മനസിലാക്കുന്നതിന് വീടിന്റെ ചിത്രങ്ങളും പ്രതിക്ക് ഫോണിൽ അയച്ചു കൊടുത്തു. കൃത്യത്തിന് ശേഷം രക്ഷാപെടാനുള്ള വഴി പറഞ്ഞുകൊടുത്തതും അനുശാന്തി തന്നെയായിരുന്നു.

പ്രതി നിനോ മാത്യുവുമൊന്നിച്ച് ഒരേ കമ്പനിയിൽ ആറ് വർഷമായി ഇവർ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. നിനോയുടെ ഭാര്യക്കും ടെക്‌നോപാർക്കിൽ തന്നെയായിരുന്നു ജോലി എന്നതും അനുശാന്തിനിനോ ബന്ധത്തിന് തടസ്സമായില്ല. പലപ്പോഴും പ്രതി നിനോയുമൊത്ത് കാറിലുള്ള ഇവരുടെ യാത്രക്ക് നിനോയുടെ ഭാര്യ മൂക സാക്ഷിയായി. നിനോയുമായുള്ള ബന്ധം ഭർത്താവ് ലിജീഷ് അറിഞ്ഞതും ബന്ധത്തെ എതിർത്തതുമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.

ഒരുമിച്ച് ജീവിക്കാമെന്ന് നിനോ ആവശ്യപ്പെട്ടപ്പോൾ ഭർത്താവും കുട്ടിയും ജീവിച്ചിരിക്കുമ്പോൾ അത് സാധ്യമല്ലെന്നും അവരെ വകവരുത്തിയാൽ കൂടെ ചെല്ലാമെന്നും അനുശാന്തി പറഞ്ഞു. ഇത്രയും ആസൂത്രണം ചെയ്ത് ഒന്നുമറിയാത്ത ആൾക്കാരെ പോലെയാണ് അനുശാന്തി ജോലി ചെയ്തത്. കുട്ടിയുടെ കൂടെയുള്ള ചിത്രങ്ങൾ കണ്ടാൽ ഇതുപോലൊരു കുറ്റകൃത്യം ഇവർ ചെയ്യുമെന്ന് ആർക്കും തോന്നുകയുമില്ല. പക്ഷെ സംഭവിച്ചതോ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കുറ്റകൃത്യവും.