- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബിലെ രാജുഭായി തൃശൂർ സ്വദേശി സെബുവിന്റെ ബോസ്; ബോസിന്റെ ഉത്തരവ് കിട്ടിയതോടെ ആന്ധപ്രദേശിൽ നിന്ന് കർണാടക വഴി കണ്ടെയ്നർ ലോറിയുടെ വരവ്; തിരുവനന്തപുരത്തെ ഏജന്റുമാരുടെ സുരക്ഷിത വലയത്തിൽ പെടും മുമ്പ് ആറ്റിങ്ങൽ കോരാണിയിൽ വച്ച് രഹസ്യഅറയിൽ ഒളിപ്പിച്ച 500 കിലോ കഞ്ചാവ് പുറത്ത്; പിടിയിലായത് വെറും ചെറുമീനുകൾ; വമ്പൻ സ്രാവുകൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി; ആറ്റിങ്ങൽ കഞ്ചാവ് കടത്ത് കേസിലെ വേരുകൾ നീളുന്നത് ഉത്തരേന്ത്യൻ ലോബിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തേക്ക് 500 കിലോ കഞ്ചാവ് കണ്ടെയ്‌നർ ലോറിയിൽ ഒറ്റയടിക്ക് കടത്തിയതിന് പിന്നിൽ വമ്പൻ ലോബി. ലോബിയുടെ വേരുകൾ ഉത്തരേന്ത്യയിലേക്ക് നീളുന്നു. ദേശീയപാതയിൽ തിരുവനന്തപുരം ആറ്റിങ്ങൽ കോരാണി ജംഗ്ഷന് സമീപത്ത് വച്ചാണ് നാഷണൽ പെർമിറ്റ് കണ്ടെയ്നർ ലോറിയുടെ രഹസ്യ അറയിൽ കടത്തിക്കൊണ്ട് വന്ന 500 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെന്റ്‌റ് സ്‌ക്വാഡ് (SEES) പിടികൂടിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട ആണ് ഇത്.
മൈസൂർ നിന്ന് കണ്ണൂർ വഴി തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്ന കഞ്ചാവാണ് കണ്ടെയ്‌നറിൽ ഉണ്ടായിരുന്നത്. ലോറിയിലുണ്ടായിരുന്നു രണ്ട് ഉത്തരേന്ത്യക്കാരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുകയാണ്. കഞ്ചാവ് എത്തിച്ച ചിറയിൻകീഴ് സ്വദേശി ഒളിവിലാണ്.
വൻ സംഘമാണ് കടത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരം. കേരളത്തിലെ മുഖ്യ കണ്ണി തൃശൂർ സ്വദേശി സെബുവാണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം കിട്ടിയിട്ടുണ്ട്. തിരുവനന്തപുരത്തും സംഘത്തിന് ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. കണ്ടെയ്‌നർ ലോറി പിടികൂടിയതോടെ പ്രതികൾ ഫോൺ ഓഫ് ചെയ്ത് മുങ്ങിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അഞ്ഞൂറ് കിലോ കഞ്ചാവുമായി കണ്ടെയ്‌നർ ലോറി പിടിച്ചെടുക്കുമ്പോൾ ഉത്തരേന്ത്യക്കാരായ രണ്ട് പേരെ മാത്രമാണ് ഉദ്യോഗസ്ഥർക്ക് പിടികൂടാനായിട്ടുള്ളത്. ബാക്കി എല്ലാവരും ഒളിവിലാണ്. രാജു ഭായ് എന്ന് വിളിക്കുന്ന പഞ്ചാബ് സ്വദേശിയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കടത്തെന്ന വിവരവും എക്‌സൈസിന് കിട്ടിയിട്ടുണ്ട്. വടകര ചിറയിൻകീഴ് സ്വദേശികൾ സംഭവവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും എക്‌സൈസ് സംഘത്തിന് ഉണ്ട്.
കഞ്ചാവ് കേസിലെ അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കേരളത്തിലേക്ക് കഞ്ചാവ് കടത്തിയത് കർണാടകയിൽ നിന്നാണെന്ന് വിവരം ലഭിച്ചതോടെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. കേസിന്റെ അന്വേഷണത്തിൽ എക്‌സൈസ് കർണാടക പൊലീസിന്റെ സഹായവും തേടും.
ബെംഗളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്നതെന്ന് എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ആന്ധ്രപ്രദേശിൽനിന്നാണ് കർണാടക വഴി കഞ്ചാവ് കേരളത്തിലെത്തുന്നത്. ഇതിനിടെയാണ് ആറ്റിങ്ങലിൽ കണ്ടെയ്‌നർ ലോറിയിൽനിന്ന് 500 കിലോ കഞ്ചാവും എക്‌സൈസ് സംഘം പിടികൂടിയത്.
ലോറി ജീവനക്കാരായ പഞ്ചാബ്, ജാർഖണ്ഡ് സ്വദേശികൾ വെറും കാരിയർമാർ മാത്രമാണെന്നാണ് എക്‌സൈസ് നൽകുന്ന വിവരം. ഇവരെ വിശദമായി ചോദ്യംചെയ്തതോടെയാണ് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടം കണ്ടെത്തി എല്ലാവരെയും പിടികൂടണമെന്ന് എക്‌സൈസ് കമ്മീഷണറും മന്ത്രിയും നിർദ്ദേശം നൽകിയിരുന്നു. ബെംഗളൂരുവിലെ ലഹരിമരുന്ന് കേസിൽ പിടിയിലായ സംഘത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്നതും പരിശോധിക്കും.
മറുനാടന് മലയാളി ബ്യൂറോ