ആറ്റിങ്ങൽ: സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ സൂര്യ എസ് നായർ എന്ന യുവതിയെ പട്ടാപ്പകൽ യുവാവ് നഗരമധ്യത്തിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവം ഏവരിലും ഞെട്ടലാണ് ഉണ്ടാക്കിയത്. പട്ടാപ്പകൽ നടന്ന കൊലപാതകത്തിന് പിന്നിൽ കാമുകനാണെന്നാണ് വ്യക്തമായതിന് പിന്നാലെ കാമുകൻ ആത്മഹത്യക്ക് ശ്രമിച്ചു. വെഞ്ഞാറമൂട് പാലക്കോണം സൂര്യഭവനിൽ ശശിധരൻനായരുടെ മകളും പിരപ്പൻകോട് തൈക്കാട് സെന്റ് ജോൺസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ സൂര്യ എസ്. നായരാണ് ഇന്നലെ ദാരുണമായി കൊല്ലപ്പെട്ടിരുന്നത്.

സംഭവത്തിൽ യുവതിയുടെ കാമുകനായിരുന്ന ഷിജു എന്ന യുവാവ് കൊല്ലത്തെ ലോഡ്ജിൽ ആത്മഹത്യക്ക് ശ്രമിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ചും പാരസെറ്റമോൾ ഗുളികകൾ അമിതമായി കഴിച്ചുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര അവസ്ഥയിലുള്ള ഇയാൾ അപകടനില തരണം ചെയ്തിട്ടില്ല. അരുംകൊലയിലേക്ക് നയിച്ചത് സൂര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്നതാണ് പൊലീസ് നൽകുന്ന വിവരം. ഇത് സംബന്ധിച്ച ഒരു ഡയറിക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

പെൺകുട്ടിക്ക് മറ്റു പലരുമായും പ്രണയമുണ്ടായിരുന്നതായും ഇതു സഹിക്കാനാവാതെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നും ഷിജു ഡയറിയിൽ കുറിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ആദ്യം രാജേഷ് എന്നു പേരുള്ള യുവാവാണ് പെൺകുട്ടിയുടെ കാമുകനെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കൊല നടന്നതിനു സമീപത്തു നിന്നും കണ്ടെടുത്ത ബൈക്ക് ഈ യുവാവിന്റേതായിരുന്നു. മാത്രമല്ല പെൺകുട്ടിയും കാമുകനും ബൈക്കിൽ വരുന്നത് കണ്ടെന്നു ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

ഇന്നലെ രാവിലെ പത്തുമണിക്ക് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ദേശീയ പാതയിൽ നിന്ന് കഷ്ടിച്ച് മുപ്പത് മീറ്റർ അകലെയുള്ള ജംഗ്ഷനിലാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയ അരുംകൊല നടന്നത്. അലർച്ച കേട്ടെത്തിയ സമീപവാസികൾ യുവതി റോഡിൽ രക്തംവാർന്ന് പിടിയുന്നതാണ് കണ്ടത്. അപ്പോൾ തന്നെ മരണം സംഭവിച്ചു. യുവതിയുടെ കഴുത്തിൽ പത്തോളം വെട്ടുകൾ ഏറ്റിരുന്നു. ഷിജു വളരെ ആസൂത്രിതമായി തന്നെ സൂര്യയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന് വ്യക്തമായിരിക്കുന്നത്.

ചോര തളംകെട്ടിയ സ്ഥലത്താകെ മുറിഞ്ഞ തലമുടിയും ചിതറികിടപ്പുണ്ടായിരുന്നു. മൃതദേഹം ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കും മാറ്റി. വെഞ്ഞാറമൂടിനടുത്ത് പിരപ്പൻകോട്ടെ ആശുപത്രിയിൽ ജോലിചെയ്യുന്ന യുവതി രാവിലെ ആറ്റിങ്ങലിൽ എത്തിയത് മറ്റൊരാളുമായിട്ടാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നിലവിളി കേട്ടെത്തിയവർ തോൾസഞ്ചിതൂക്കിയ ഒരു യുവാവ് ഓടിമറയുന്നത് കണ്ടതായും റിപ്പോർട്ട് ചെയ്തിരുന്നു. സ്ഥലത്തു നിന്ന് യുവതിയുടെ ബാഗും മൊബൈൽ ഫോണും കിട്ടി. ബാഗിലുണ്ടായിരുന്ന ആശുപത്രി ഐഡിന്റിറ്റി കാർഡിൽ നിന്നാണ് യുവതിയെ തിരിച്ചറിഞ്ഞത്.

അതിനിടെ, കൊല്ലത്ത് ലോഡ്ജിൽ ആത്മഹത്യാശ്രമം നടത്തിയ ഷിജു ജില്ലാ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിലാണ് മുറിയെടുത്തത്. വൈകിട്ട് മൂന്ന് മണിയായിട്ടും മുറി തുറക്കാഞ്ഞതിനെ തുടർന്ന് ജീവനക്കാർ നോക്കിയപ്പോഴാണ് ഇരു കൈകളുടെയും ഞരമ്പ് മുറിച്ച നിലയിൽ ഇയാളെ ടൊയ്‌ലെറ്റിൽ കണ്ടെത്തിയത്. അവശനിലയിലായിരുന്ന യുവാവിനെ ഉടൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴേക്കും കൊല്ലപ്പെട്ട യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കി ആറ്റിങ്ങൽ പൊലീസ് കൊല്ലത്ത് എത്തിയിരുന്നു.

ആറ്റിങ്ങൽ ഡി.വൈ. എസ്‌പി.പ്രതാപൻനായർക്കാണ് അന്വേഷണ ചുമതല. കൊലനടന്ന സ്ഥലത്തിനടുത്തുള്ള ജുവല്ലറിക്ക് പുറത്ത് സി. സി.ടി.വി.ക്യാമറയുണ്ടെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന ദൃശ്യങ്ങളൊന്നും കിട്ടിയില്ലെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പിതാവ് ശശിധരൻ നായർ വിമുക്ത ഭടനാണ്. മാതാവ് സുശീല ഹാപ്പിലാൻഡിലും സഹോദരൻ സൂരജ് ബിഗ് ബസാറിലും ജീവന ക്കാരാണ്.