തിരുവനന്തപുരം: ആറ്റിങ്ങലിൽ നഗരമധ്യത്തിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ ഷിജു തന്നെയാണ് യഥാർത്ഥ വില്ലനെന്ന് വ്യക്തമാകുന്നു. തികച്ചു സംശയരോഗിയായ ഷിജു പിരപ്പൻകോട് തൈക്കാട് സെന്റ് ജോൺസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായ സൂര്യ എസ് നായർക്ക് പലരുമായി ബന്ധുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപതാകം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. യുവതിയെ കൊലപ്പെടുത്തി ആത്മഹത്യാശ്രമം നടത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന പ്രതിയെ ഇന്ന് പൊലീസ് അറസ്റ്റു ചെയ്യും. ബുധനാഴ്ച രാവിലെ പത്തിന് ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുവച്ചാണ് ഷിജു സൂര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ഷിജു അപകടനില തരണം ചെയ്‌തെങ്കിലും മൊഴിയെടുക്കാനുള്ള അവസ്ഥയിലായിട്ടില്ല.

സൂര്യ എസ്. നായർ (23) കൊല്ലപ്പെട്ടതിനു പിന്നാലെ കാമുകനായിരുന്ന ഷിജു കൊല്ലത്ത് ഒരു ലോഡ്ജ് മുറിയിൽ ആത്മഹത്യാശ്രമം നടത്തിയിരുന്നു. വിവരമറിഞ്ഞ പൊലീസാണ് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾ താമസിച്ച കൊല്ലത്തെ ഹോട്ടലിൽ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തി. സൂര്യയുടെ ബാഗിൽ നിന്നു ലഭിച്ച കത്തിന് സമാനമായ രീതിയിലുള്ള കത്താണ് ഷിജു ആത്മഹത്യയ്ക്ക് ശ്രമിച്ച ലോഡ്ജ് മുറിയിൽ നിന്നും പൊലീസ് കണ്ടെത്തിയത്.

പരപുരുഷബന്ധം ആരോപിച്ച് ഷിജു പലതവണ സൂര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. സംശയ രോഗം തന്നെയായിരുന്നു പ്രധാന കാരണം. പ്രത്യേകിച്ച് ജോലിയൊന്നും ഇയാൾക്ക് ഉണ്ടായിരുന്നില്ല. ഇങ്ങനെ ഉഴപ്പനാണെങ്കിലും സൂര്യ ഷിജുവിനെ നന്നാക്കിയെടുക്കാൻ വേണ്ടി നിരന്തരമായി ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ അതൊന്നും ചെവിക്കൊണ്ടില്ല. മാത്രവുമല്ല, സംശയരോഗം നാൾക്കുനാൾ വർദ്ധിച്ച് വരികയും ചെയ്തു. ഇങ്ങനെയുള്ള സംശയം വളർന്നത് മൂലമാണ് സൂര്യയെ വകവരുത്തുന്ന മാനസിക നിലയിലേക്ക് ഷിജു എത്തിയതെന്നാണ് പാലീസിന്റെ നിഗമനം.

സൂര്യയുടെ മറ്റ് ബന്ധങ്ങളെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ഷിജു ഫേസ് ബുക്ക് സുഹൃത്തുക്കളോടും സഹപാഠികളോടും മാസങ്ങളായി അന്വേഷിച്ചു വരികയായിരുന്നു. സൂര്യയുടെ സുഹൃത്തുക്കളെയും ഇയാൾ സംശയത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. അടുത്ത സുഹൃത്തുക്കളോട് അവളെയും കൊന്ന് താനും ചാകുമെന്ന് പറഞ്ഞിരുന്നതായും അറിയുന്നു. എന്നാൽ ഷിജു ഇങ്ങനെ ഒരു കടുംകൈ ചെയ്യുമെന്ന് ഉറ്റ ചങ്ങാതിമാർ പോലും കരുതിയിരുന്നില്ല.

ഒരേ നാട്ടുകാരാണ് ഷിജുവും സൂര്യയും. ഇരുവരും ദീർഘകാലമായി പരിചയക്കാരാണെങ്കിലും ഫേസ് ബുക്ക് വഴിയാണ് മാസങ്ങൾക്ക് മുമ്പ് പ്രണയം മൊട്ടിട്ടത്. മൊബൈൽ ഫോൺ കോളുകളിലൂടെയും ഫേസ് ബുക്കും വാട്ട്‌സ് ആപ്പും വഴി നിരന്തരമുള്ള ചാറ്റിംഗിലൂടെയും പ്രണയം വളരുകയായിരുന്നു. താനുമായി ഗാഢപ്രണയത്തിലായിരുന്ന സൂര്യയ്ക്ക് ഫേസ് ബുക്ക് സുഹൃത്തുക്കളായ ചിലരുമായി കൂടുതൽ അടുപ്പമുണ്ടെന്ന് ഷൈജുവിനുണ്ടായ സംശയമാണ് ഇരുവരും പിണങ്ങാനും അവളെ ഇല്ലാതാക്കാനും ഇടയാക്കിയത്.

പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരുന്ന ഷിജിവിനെ നന്നാക്കാൻ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല. ഒടുവിലാണ് വീട്ടുകാർ ആലോചിച്ച വിവാഹത്തിന് സൂര്യ തയ്യാറായത്. ഇനിയും ഉപദ്രവിക്കരുതെന്ന് പറയാൻ വേണ്ടിയാണ് സൂര്യ ഷിജുവിനെ വീണ്ടും കണ്ടത്. ആറ്റിങ്ങലിൽ എത്താൻ പറഞ്ഞത് അനുസരിച്ച് അവിടെ എത്തിയപ്പോൾ ഷിജു വകവരുത്തുകയായിരുന്നു. ഷൈജുവിന്റെ ഫോണിൽ നിന്ന് ഇന്നലെ രാവിലെ സൂര്യയുടെ നമ്പരിലേക്ക് വന്ന കോളുകളും ഇരുവരും ആറ്റിങ്ങൽ ടൗണിൽ ഒരുമണിക്കൂറിലേറെ ഉണ്ടായിരുന്നതായി തെളിയിക്കുന്ന ടവർ ലൊക്കേഷനും ഇതിന് ബലമേകുന്നു. കൊലപാതക സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ കണ്ടതായി പറയപ്പെടുന്നയാളുടെയും ഷൈജുവിന്റെയും ഫോട്ടോകളിലെ രൂപസാദൃശ്യവും അന്വേഷണം ഇയാളെ കേന്ദ്രീകരിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചു. കൊലപാതകത്തിനുശേഷം കൃത്യസ്ഥലത്തുപേക്ഷിച്ച രക്തക്കറ പുരണ്ട വെട്ടുകത്തിയിലെ വിരലടയാളം കേസിൽ നിർണായകമാണ്.

പ്രദേശവാസിയായ ഒരു യുവാവുമായി സൂര്യയ്ക്കുള്ള പ്രണയം വീട്ടുകാർക്കും നാട്ടിൽ ചിലർക്കും അറിയാമായിരുന്നെങ്കിലും അത് അരുംകൊലയിൽ കലാശിക്കുമെന്ന് സ്വപ്നത്തിൽ പോലും ആരും പ്രതീക്ഷിച്ചില്ല. വെഞ്ഞാറമൂട്ടിലെ ബസ് സ്റ്റേഷനിലെത്തി സ്‌കൂട്ടർ അവിടെ വച്ചശേഷം ബസിലാണ് ആറ്റിങ്ങലിലെത്തിയത്. ഇവിടെ വച്ച് ഇരുവരും കണ്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കൂടിക്കാഴ്ചയിൽ സൂര്യ തന്നെ വെറുതേ വിടണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാൽ സംശയരോഗം ബാധിച്ച ഷിജു മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പട്ടണത്തിന്റെ തിരക്കില്ലാത്ത, ആളൊഴിഞ്ഞ, ഇരുവശവും മതിൽകെട്ടിനാൽ വലയം ചെയ്ത ഒറ്റപ്പെട്ട വഴിയിൽ നിമിഷങ്ങൾക്കകം കൃത്യം നടത്തി രക്ഷപ്പെട്ട ഷൈജുവിന്റെ ആസൂത്രണ വൈദഗ്ധ്യം കൂടി വെളിപ്പെടുന്നതാണ് നഗരത്തെ ഞെട്ടിച്ച അരുംകൊല. രക്ഷപ്പെട്ടോടാൻ മാർഗമില്ലാതെ റോഡിന്റെ അവസാനഭാഗത്ത് ഒരു വീടിന്റെ അടച്ച് പൂട്ടിയ ഗേറ്റിന്റെ മുന്നിലാണ് അവൾ പ്രാണൻ പിടഞ്ഞത്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ കാണപ്പെട്ട റോഡിൽ അവളുടെ തലമുടി പലഭാഗത്തായി മുറിഞ്ഞ് കട്ടപിടിച്ച രക്തത്തിനൊപ്പം കൂട്ടം കൂട്ടമായി കിടന്നിരുന്നു. കഴുത്തിൽ ആഴത്തിൽ വെട്ടി പരിക്കേൽപ്പിച്ചതിന്റെ രക്തക്കറമായാത്ത വെട്ടുകത്തിയുമായി സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷൈജു ഓട്ടോ ഡ്രൈവറായ യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വെട്ടുകത്തി സംഭവസ്ഥലത്ത് ഉപേക്ഷിച്ച് കടക്കുകയായിരുന്നു.

സൂര്യയുടെ കൊലപാതക വാർത്ത സഹപ്രവർത്തകർക്ക് വിശ്വസിക്കാനാകുന്നില്ല. മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്ന് ലഭിച്ച പഴ്‌സിൽ കണ്ടെത്തിയ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഐ.ഡി കാർഡാണ് സൂര്യയെ തിരിച്ചറിയാൻ സഹായകമായത്. ഐ.ഡികാർഡിൽ നിന്ന് ലഭിച്ച ഫോൺ നമ്പരിൽ ബന്ധപ്പെട്ടാണ് സൂര്യയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്നു ലഭിച്ച സൂര്യയുടെ മൊബൈൽ ഫോണും സൂര്യയുടേതെന്ന് വരുത്തിത്തീർക്കാൻ ഷിജു എഴുതി വച്ച കത്തുമാണ് മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. ഷിജുവിന്റെ ഫോണിൽ നിന്ന് സംഭവം നടന്ന ദിവസം രാവിലെ സൂര്യയുടെ ഫോണിലേക്ക് വന്ന കാളുകളും ഇരുവരും ആറ്റിങ്ങൽ ടൗണിൽ മണിക്കൂറുകളോളം ഉണ്ടായിരുന്നെന്ന് തെളിയിക്കുന്ന ടവർ ലൊക്കേഷനുമെല്ലാം കൊലപാതകം നടത്തിയത് ഷിജു തന്നെയെന്ന് ഉറപ്പിക്കാൻ പൊലീസിനെ സഹായിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ വിളികളുടെ വിവരങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.