തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമായി 4000 പൊലീസ് സേനാംഗങ്ങളെ വിന്യസിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഫെബ്രുവരി 25 മുതൽ മാർച്ച് 3 വരെയുള്ള ഒന്നാം ഘട്ടത്തിൽ ആയിരത്തിഅഞ്ഞൂറുപേരുടെയും മാർച്ച് 4,5,6 തീയതികളിലായുള്ള രണ്ടാം ഘട്ടത്തിൽ രണ്ടായിരത്തിഅഞ്ഞുറുപേരുടെയും സേവനമാണ് ലഭ്യമാക്കുകയെന്ന് മന്ത്രി പറഞ്ഞു.

ആറ്റുകാൽ ക്ഷേത്രം ഓഫീസ് കോൺഫറൻസ് ഹാളിൽ ദേവസ്വം മന്ത്രി വി. എസ്. ശിവകുമാറിന്റെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ മേഖലാ എ.ഡി.ജി.പി: കെ. പത്മകുമാറാണ് പൊലീസ് ക്രമീകരണങ്ങളുടെ പ്രിൻസിപ്പൽ കോഓഡിനേറ്റർ. സുരക്ഷ ശക്തമാക്കുന്നതിനായി കഴിഞ്ഞ വർഷമാണ് ക്ഷേത്ര പരിസരത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. പുതിയ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.

ലക്ഷക്കണക്കിന് സ്ത്രീ ഭക്തജനങ്ങൾ എത്തുന്ന ആറ്റുകാൾ പൊങ്കാല മഹോത്സവത്തിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് ദേവസ്വം മന്ത്രി വി എസ്.ശിവകുമാർ പറഞ്ഞു. കഴിഞ്ഞ വർഷം ഭക്തജനങ്ങൾക്കായുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് സർക്കാർ ഉത്സവമേഖലയിൽ രണ്ടു കോടി രൂപ വിനിയോഗിച്ച സ്ഥാനത്ത് ഈ വർഷം മൂന്നു കോടി രൂപയാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു. വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പ്ലാൻ ഫണ്ടുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്ക് പുറമെയാണിത്.

ഉത്സവത്തിനായുള്ള ക്രമീകരണങ്ങൾ വിവിധ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനത്തോടെ സമയബന്ധിതമായി പുരോഗമിക്കുകയാണ്. ജില്ലാ കളക്ടർക്കാണ് ഏകോപനച്ചുമതല. ഉത്സവത്തിന് ഫയർഫോഴ്‌സ് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുക. ഉത്സവമേഖലയിൽ പ്ലാസ്റ്റിക്, തെർമോകോൾ ഉൽപ്പന്നങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. ശബ്ദമലിനീകരണം തടയും. കുടിവെള്ള വിതരണം കാര്യക്ഷമമാക്കും. മുഴുവൻ വൈദ്യുതി വിളക്കുകളും പ്രവർത്തനക്ഷമമാക്കും. മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോ വകുപ്പുകൾ മെഡിക്കൽ സംഘങ്ങളെ വിന്യസിപ്പിക്കും. പൊങ്കാല ദിവസം വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെയും ഭക്ഷണപദാർത്ഥങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമായ സ്‌ക്വാഡ് പ്രവർത്തനങ്ങൾ നടത്തും.

വി. ശിവൻകുട്ടി എംഎ‍ൽഎ, ദക്ഷിണ മേഖലാ എ.ഡി.ജി.പി: കെ. പത്മകുമാർ, ഐ.ജി. മനോജ് ഏബ്രഹാം, ജില്ലാ കളക്ടർ ബിജു പ്രഭാകർ, സിറ്റി പൊലീസ് കമ്മീഷണർ എച്ച്. വെങ്കിടേഷ്, , ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അജിതാബീഗം, അസിസ്റ്റന്റ് കമ്മീഷണർമാരായ സുധാകരൻ പിള്ള, ടി. മോഹനൻ നായർ, ദത്തൻ, ഫോർട്ട് സിഐ അജി ചന്ദ്രൻ, ഉത്സവമേഖലയിലെ കൗൺസിലർമാർ, ഉത്സവത്തിന്റെ ജനറൽ കൺവീനർ വി. ചന്ദ്രശേഖരൻ പിള്ള, ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ കെ.പി. രാമചന്ദ്രൻ നായർ, സെക്രട്ടറി എം. ഭാസ്‌കരൻ നായർ, പ്രസിഡന്റ് വി.എൽ. വിനോദ്, ട്രഷറർ പി.കെ. കൃഷ്ണൻ നായർ, ഉത്സവക്കമ്മിറ്റിയുടെ സ്റ്റാഡിങ് കമ്മിറ്റി കൺവീനർമാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.