തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയെന്നു വിശേഷണമുള്ള ആറ്റുകാലിലെ പ്രസിദ്ധമായ പൊങ്കാല നാളെ. രാവിലെ പത്തിന് അടുപ്പു വെട്ടോടെയാണു പൊങ്കാല സമർപ്പണ ചടങ്ങുകൾ തുടങ്ങുക. ഉച്ചയ്ക്ക് 1.30നാണ് നൈവേദ്യം.

തലസ്ഥാന നഗരം തിങ്കളാഴ്ച വൈകിട്ടു തന്നെ സ്ത്രീകളായ ഭക്തജനങ്ങളാൽ നിറഞ്ഞു. ആറ്റുകാൽ ദേവിയെ കാണാനും പൊങ്കാലയിടാനും വൻ ജനാവലിയാണു നഗരത്തിൽ എത്തിയിരിക്കുന്നത്.

രാവിലെ പത്തിന് ചെണ്ടമേളങ്ങളുടെയും നാമജപങ്ങളുടെയും അകമ്പടിയോടെ ശുഭമുഹൂർത്തത്തിൽ പണ്ടാരയടുപ്പിൽ തീ പകരും. ഭക്തസഹസ്രങ്ങൾ വായ്ക്കുരവ മുഴക്കും. പണ്ടാരയടുപ്പിൽനിന്നുള്ള അഗ്‌നിനാളം ഏറ്റുവാങ്ങി ലക്ഷോപലക്ഷം പൊങ്കാല അടുപ്പുകളിലേക്കു പകരുന്നതോടെ നഗരം ആറ്റുകാൽ ക്ഷേത്രത്തിന്റെ ഭാഗമായി മാറും.

ക്ഷേത്രത്തിൽനിന്നുള്ള കൈവഴികളിലും നഗരവീഥികളിലും അടുപ്പുകൾ നിരന്നു തുടങ്ങി. പ്ലാസ്റ്റിക് വിമുക്തമായ ആദ്യ പൊങ്കാലയാണ് ഇത്തവണത്തേത്. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് വിമുക്ത പൊങ്കാലയ്ക്കു സൗകര്യമൊരുക്കുന്നത്. പൊങ്കാലയ്ക്ക് എത്തുന്നവരുടെ സൗകര്യാർഥം കെഎസ്ആർടിസിയും റയിൽവേയും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

നഗരത്തിൽ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു ഉച്ചയ്ക്കുശേഷം നഗരത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി നൽകി.